ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോൾ തിളക്കം; നോർവേയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് സെമി ഫൈനലിൽ

Wait 5 sec.

മിയാമി | ഫിഫ ലോകകപ്പ് (FIFA World Cup) ക്വാർട്ടർ ഫൈനലിൽ നോർവേയെ തകർത്ത് ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചു. മിയാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ എക്സ്ട്രാ ടൈം പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ടിനായി സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം ഇരട്ട ഗോളുകൾ നേടി ടീമിന്റെ രക്ഷകനായി മാറിയപ്പോൾ ചരിത്രത്തിൽ ആദ്യമായി ക്വാർട്ടർ ഫൈനലിൽ എത്തിയ നോർവേയുടെ സ്വപ്നക്കുതിപ്പിനാണ് അന്ത്യമായത്. മത്സരത്തിന്റെ നിശ്ചിത തൊണ്ണൂറ് മിനിറ്റിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.തുടക്കത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിന്റെ 36-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡ്രൂപ്പിലൂടെ നോർവേയാണ് ആദ്യം ലീഡ് എടുത്തത്. ഇംഗ്ലണ്ട് നായകൻ ഹാരി കെയിനിൽ നിന്ന് പന്ത് പിടിച്ചെടുത്ത് ബോക്സിന് പുറത്തുനിന്ന് തൊടുത്ത ശക്തമായ ഷോട്ടിലൂടെയാണ് ഷെൽഡ്രൂപ്പ് ടീമിന് മുന്നേറ്റം സമ്മാനിച്ചത്. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ആന്റണി ഗോർഡന്റെ അസിസ്റ്റിൽ നിന്ന് പന്തുമായി കുതിച്ച ജൂഡ് ബെല്ലിങ്ഹാം പ്രതിരോധ നിരയെ വെട്ടിച്ച് മനോഹരമായ ഒരു ഗോളിലൂടെ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. ഹാരി കെയിൻ തൊട്ടുപിന്നാലെ മറ്റൊരു ഗോൾ നേടിയെങ്കിലും ലൈൻ റഫറി ഓഫ്‌സൈഡ് ഫ്ലാഗ് ചെയ്തതിനെ തുടർന്ന് വി എ ആർ പരിശോധനയിലൂടെ അത് നിഷേധിക്കപ്പെടുകയായിരുന്നു.രണ്ടാം പകുതിയിൽ നോർവേയുടെ ടോർബ്ജോൺ ഹെഗ്ഗെം വലകുലുക്കിയെങ്കിലും ഗോളിലേക്ക് നയിച്ച മുന്നേറ്റത്തിനിടെ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ട് ഇംഗ്ലണ്ട് താരം എലിയറ്റ് ആൻഡേഴ്സനെ ഫൗൾ ചെയ്തതായി വി എ ആർ കണ്ടെത്തുകയും റഫറി ഗോൾ റദ്ദാക്കുകയും ചെയ്തു. നോർവേയുടെ ക്രിസ്റ്റഫർ അജറുടെ ഒരു ഷോട്ട് ഇംഗ്ലണ്ട് പോസ്റ്റിൽ തട്ടിത്തെറിച്ചതും നോർവേയ്ക്ക് നിർഭാഗ്യമായി.തുടർന്ന് 90 മിനിറ്റിലും സ്കോർ 1-1 ആയി തുടർന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ 93-ാം മിനിറ്റിൽ നോർവേ ഗോൾകീപ്പർ ഓറിയൻ നി ലാൻഡിന് പറ്റിയ പിഴവ് മുതലെടുത്ത് ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന്റെ വിജയ ഗോൾ സ്വന്തമാക്കുകയായിരുന്നു. ഏഴ് ഗോളുകളുമായി ടൂർണമെന്റിൽ മികച്ച ഫോമിലായിരുന്ന എർലിങ് ഹാലണ്ടിനെ ഇംഗ്ലണ്ട് പ്രതിരോധ നിര കൃത്യമായി പൂട്ടി.കഴിഞ്ഞ 636 ദിവസത്തിനിടെ ആദ്യമായാണ് ഒരു മത്സരത്തിൽ ഹാലണ്ടിന് നോർവേയ്ക്കായി ഗോൾ നേടാനാകാതെ പോകുന്നത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ താരം കളം വിടുകയും ചെയ്തു. ബുധനാഴ്ച നടക്കുന്ന സെമി ഫൈനലിൽ അർജന്റീനയോ സ്വിറ്റ്സർലാൻഡോ ആയിരിക്കും ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡ് രാജ്യത്തിനായി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരം എന്ന റെക്കോർഡും ഈ മത്സരത്തോടെ സ്വന്തമാക്കി.Content Highlights:Jude Bellingham scored a brilliant brace to guide England into the FIFA World Cup 2026 semi-finals after a hard-fought 2-1 victory over Norway in extra time. Andreas Schjelderup scored the opening goal for Norway before Bellingham equalized in the first half. Erling Haaland was successfully kept quiet by the English defense throughout the match in Miami.