വഖ്ഫ് ബോര്‍ഡ് പുനഃസംഘടന:വീണ്ടും നിയമക്കുരുക്കിലാകും; സർക്കാർ വിശദീകരണം നിർണായകം

Wait 5 sec.

കോഴിക്കോട് | വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള പുതിയ സർക്കാറിന്റെ നീക്കം ബോർഡിനെ വീണ്ടും നിയമക്കുരുക്കിലാക്കും. നിലവിലെ വഖ്ഫ് ബോർഡ് അംഗങ്ങൾ യോഗ്യരല്ലെന്നതുൾപ്പെടെയുള്ള പൊതുതാത്പര്യ ഹരജി പരിഗണിക്കവേ കോടതി സർക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം 22നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.വിഷയത്തിൽ സർക്കാർ നൽകുന്ന മറുപടി നിർണായകമാണ്. അംഗങ്ങളുടെ യോഗ്യത സംബന്ധിച്ച തീരുമാനത്തിൽ നടപടിയുണ്ടായാൽ അത്തരത്തിൽ വഖ്ഫ് ചട്ടത്തിൽ നിർണയിക്കപ്പെട്ട യോഗ്യതകൾ ഇഴകീറി ചർച്ച ചെയ്യേണ്ട സാഹചര്യം വീണ്ടും കോടതി കയറാനിടയുണ്ട്. അതേസമയം, വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നത് സംബന്ധിച്ച് കോടതി നിർദേശം കാത്തിരിക്കുകയാണെന്നാണ് വഖ്ഫ് മന്ത്രി ശംസുദ്ദീൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.നിലവിൽ ഹൈക്കോടതിയുടെ മുമ്പിൽ വഖ്ഫ് ബോർഡ് സംബന്ധിച്ച് നാല് ഹരജികളാണുള്ളത്. 2025ലെ വഖ്ഫ് നിയമ ഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി നേതാവ് ഷോൺ ജോർജ് നൽകിയ പരാതിയാണ് ഒന്ന്. മറ്റൊന്ന് ശിയാ പ്രാതിനിധ്യം സംബന്ധിച്ച ഹരജിയാണ്. ഭേദഗതി ചെയ്ത നിയമപ്രകാരം വഖ്ഫ് ബോർഡിൽ ശിയാ വിഭാഗത്തിൽപ്പെട്ട അംഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട് ആലേ റസൂൽ ഫൗണ്ടേഷനാണ് ഹരജി സമർപ്പിച്ചത്.വഖ്ഫ് ബോർഡിൽ കഴിഞ്ഞ സർക്കാർ നിയോഗിച്ച നാല് അംഗങ്ങൾ അയോഗ്യരാണെന്നും അവരെ മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയാണ് മറ്റൊന്ന്. ഇത്തരത്തിലുള്ള റിട്ട് ഹരജി നേരത്തേ സമർപ്പിക്കപ്പെട്ടിരുന്നുവെങ്കിലും സാങ്കേതികമായ ചട്ടങ്ങൾ പാലിക്കാത്തതിനാൽ ഹൈക്കോടതി തള്ളിയിരുന്നു. കോടതി നിർദേശപ്രകാരമാണ് പുതിയ ഹരജി സമർപ്പിക്കപ്പെട്ടത്. ഇ കെ വിഭാഗം നേതാവ് ഉമർ ഫൈസി മുക്കം, അഡ്വ. പി യു അലി, അഡീഷനൽ ലോ സെക്രട്ടറി രഹ്‌ന, സി കെ ഉസ്മാൻ ഹാജി എന്നീ അംഗങ്ങളെ നീക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിനെല്ലാം പുറമേ മുൻ എം എൽ എ കുഞ്ഞഹമ്മദ് കുട്ടിയെ ബോർഡിൽ നിലനിർത്തുന്നതിനെ ചോദ്യം ചെയ്തുളള ഹരജിയും നിലനിൽക്കുന്നുണ്ട്. എം എൽ എ പദവി ഒഴിവായശേഷം നടന്ന ബോർഡ് യോഗങ്ങളിലൊന്നും കുഞ്ഞഹമ്മദ്കുട്ടി പങ്കെടുത്തില്ലെന്നാണ് വിവരം. സമാനമായ എല്ലാ കേസുകളും ഒന്നിച്ച് പരിഗണിക്കാനാണ് കോടതി തീരുമാനം.അതേസമയം, ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചയും സജീവമാണ്. മധ്യപ്രദേശ് വഖ്ഫ് ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ ജനുവരിയിൽ മുൻ സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചതും കോടതി നിർദേശപ്രകാരമായിരുന്നു.Content Highlights: The state government’s move to reconstitute the Kerala State Waqf Board faces intense legal scrutiny with four PILs pending in the High Court. The petitions challenge member qualifications, demand Shia representation, and allege non-compliance with the Waqf Amendment Act 2025 regarding non-Muslim inclusion. The High Court has sought a detailed explanation from the government before further hearing.