തിരുവനന്തപുരം| പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച അവകാശവാദത്തിൽ ഉറച്ചുനിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കീഴ്വഴക്കം പറഞ്ഞ് ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ലെന്നും പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, മുന്നണി സംവിധാനത്തിൽ അവ പങ്കുവെക്കേണ്ടത് അനിവാര്യമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കിൽ പങ്കുവെക്കലും പരസ്പര ബഹുമാനവും നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സിപിഐയ്ക്ക് തർക്കമോ സംശയമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കീഴ്വഴക്കങ്ങളും ആവശ്യമെങ്കിൽ മാറേണ്ടിവരും. കീഴ്വഴക്കത്തേക്കാൾ വലുത് രാഷ്ട്രീയവും എൽഡിഎഫിന്റെ ഐക്യവുമാണ്. പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടുന്നത് എൽഡിഎഫിനെ ദുർബലമാക്കാനല്ല, മറിച്ച് കൂടുതൽ ശക്തിപ്പെടുത്താനാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സിപിഐയും സിപിഎമ്മും തമ്മിലുള്ള നിർണായക ചർച്ച ചൊവ്വാഴ്ച നടക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസായ എം എൻ സ്മാരകത്തിൽ വച്ചായിരിക്കും ചർച്ച. ഉപനേതൃസ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സിപിഐയുമായി അവരുടെ ആസ്ഥാനത്ത് എത്തി ചർച്ച നടത്തി സമവായത്തിലെത്താമെന്ന പ്രതീക്ഷയിലാണ് സിപിഎം.Content Highlights:CPI state secretary Binoy Viswam strongly demanded the Opposition deputy leader post for his party. He emphasized that sharing positions with mutual respect is essential for LDF unity. A crucial consensus meeting between CPM and CPI leaders will be held at MN Smarakam on Tuesday.