മലപ്പുറം| സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖീല്‍ അല്‍ ബുഖാരിയുടെ അറബി രചനയായ ‘ഫത്ഹുറഹ്മാന്‍ ഫീ ബയാനി ഇഅ്ജാസി ആയില്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥത്തിന്റെ കവര്‍ റിലീസിംഗ് നടത്തി.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രകാശനം നിര്‍വഹിച്ചു. വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികത വ്യത്യസ്ത തലങ്ങളില്‍ അവതരിപ്പിക്കുന്ന കൃതിയാണിത്. ഈ ഗ്രന്ഥത്തിന്റെ പേരിന്റെ അബ്ജദ് മൂല്യം (അറബി അക്ഷരങ്ങള്‍ക്ക് പ്രത്യേക സംഖ്യാമൂല്യങ്ങള്‍ നല്‍കി കണക്കുകൂട്ടുന്ന ഒരു രീതിയാണിത്).ഗ്രന്ഥ രചനാ വര്‍ഷമായ ഹിജ്റ 1448 വര്‍ഷത്തോട് യോജിച്ചുവരുന്നുവെന്ന പ്രത്യേകത കൂടി ഗ്രന്ഥത്തിനുണ്ട്. വിശുദ്ധ ഖുര്‍ആനിലെ അമാനുഷികതകളില്‍ നിന്ന് തിരഞ്ഞെടുത്ത 63 ഉദാഹരണങ്ങളാണ് ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്. തിരുനബിയുടെ ജിവിത കാലമായ 63 വര്‍ഷങ്ങളെ അനുസ്മരിക്കുന്ന വിധത്തിലാണ് എണ്ണത്തിന്റെ ക്രമീകരണം. ഖുര്‍ആനിലെ ഭാഷാപരമായ അമാനുഷികത ശാസ്ത്രീയവും ചരിത്രപരവുമായ സത്യങ്ങള്‍, സംഖ്യാപരമായ ക്രമീകരണങ്ങള്‍, നിയമനിര്‍മാണപരവും വിദ്യാഭ്യാസപരവുമായ അമാനുഷികത, കഥാപരവും ദൃശ്യാവിഷ്‌കാരപരവുമായ ചിത്രീകരണ ശൈലി തുടങ്ങീ പ്രധാനമായും ആറ് ഭാഗങ്ങളാണ് ഗ്രന്ഥത്തിലുള്ളത്.അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ഉപകരിക്കുന്ന ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.കവര്‍ പ്രകാശന ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ അബ്ദുള്ള അഹ്സനി ചെങ്ങാനി ഗ്രന്ഥപരിചയം നടത്തി. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹിം ബാഖവി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ വി അബ്ദുല്‍ ജലീല്‍ സഖാഫി, സിറാജുദ്ധീന്‍ അഹ്സനി കൊല്ലം, അബ്ദുസ്സലാം മുസ്ലിയാര്‍ കൊല്ലം, ഹംസ സഖാഫി മണപ്പള്ളി, അബുബക്കര്‍ അഹ്സനി പറപ്പൂര്‍, എം ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ സംബന്ധിച്ചു.Content Highlights:The cover of Fathul Rahman, an Arabic book on Quranic miracles by Sayyid Ibrahimul Khaleel Al Bukhari, was released by Sayyid Ali Bafaki Thangal. The book features 63 examples of Quranic miracles matching the lifespan of Prophet Muhammad. Kanthapuram A P Aboobacker Musliyar will do the main launch.