അബുദാബി | യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ (Passport Visa and Attestation Services) തുടങ്ങിയ സേവനങ്ങൾക്കായി ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസിയുടെ അടിയന്തര ഓർമപ്പെടുത്തൽ. ഇന്ത്യൻ മിഷനുകളുടെ പ്രതിനിധികളാണെന്ന് അവകാശപ്പെടുന്ന അനധികൃത ഏജന്റുമാർക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എംബസി മുന്നറിയിപ്പ് നൽകി.മുൻപ് സേവനങ്ങൾ നൽകിയിരുന്ന ബി എൽ എസ് ഇന്റർനാഷണൽ, എസ് ജി ഐ വി എസ് ഗ്ലോബൽ എന്നിവയുമായുള്ള ഔട്ട്‌സോഴ്സിങ് കരാർ അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ജൂലൈ 1 മുതൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലും നേരിട്ടാണ് ഈ സേവനങ്ങൾ നൽകിവരുന്നത്.ബി എൽ എസ് ഇന്റർനാഷണൽ, എസ് ജി ഐ വി എസ് ഗ്ലോബൽ എന്നിവർക്ക് ഇനി മുതൽ എംബസിയുടെയോ കോൺസുലേറ്റിന്റെയോ സേവനദാതാക്കളായി പ്രവർത്തിക്കാൻ യാതൊരുവിധ അധികാരവുമില്ലെന്ന് എംബസി വ്യക്തമാക്കുന്നു. പ്രവാസികൾ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കൺസുലർ സേവനങ്ങൾക്കായി പ്രത്യേകമായി ഒരുക്കിയിട്ടുള്ള ഒഫീഷ്യൽ പോർട്ടൽ വഴി മാത്രമേ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാവൂ. അപ്പോയിന്റ്മെന്റ് ബുക്കിങ് പൂർണമായും സൗജന്യമാണ്. അപ്പോയിന്റ്മെന്റുകൾ ക്രമീകരിക്കുന്നതിനോ അപേക്ഷകരിൽ നിന്ന് തുക ഈടാക്കുന്നതിനോ മൂന്നാം കക്ഷികൾക്ക് അനുമതി നൽകിയിട്ടില്ല.അപ്പോയിന്റ്മെന്റുകൾക്കായി ബി എൽ എസ് ഇന്റർനാഷണൽ, എസ് ജി ഐ വി എസ് ഗ്ലോബൽ എന്നിവർക്കോ മറ്റ് വ്യക്തികൾക്കോ ഏജൻസികൾക്കോ യാതൊരുവിധ പണവും നൽകരുതെന്ന് അധികൃതർ അഭ്യർഥിച്ചു. ഇന്ത്യൻ മിഷനുകളുടെ അംഗീകാരമുണ്ടെന്ന് വ്യാജമായി അവകാശപ്പെടുന്നവർക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. ഇത്തരം വ്യാജ അവകാശവാദങ്ങൾ വിശ്വസിക്കരുത്. വ്യാജ ഏജന്റുമാരുടെ കെണിയിൽ അകപ്പെടുകയോ കൂടുതൽ തുക ഈടാക്കുകയോ തെറ്റായ വിവരങ്ങൾ നൽകി വഞ്ചിക്കുകയോ ചെയ്താൽ അത്തരം കാര്യങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യാനും എംബസി നിർദേശിക്കുന്നു.Content HighlightsThe Indian Embassy in Abu Dhabi has issued a critical warning to UAE residents against using unauthorized agents for passport, visa, and attestation services. Following the termination of contracts with previous outsourcing service providers, all operations are handled directly by the Indian missions. Expats must book appointments free of cost only via the official dedicated online portal to avoid fraudulent entities.