കേരള ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) താരലേലം നാളെ (ശനി) ‘ദി ലീലാ റാവിസ്’-ൽ വെച്ച് നടക്കും. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ലേല നടപടികൾക്ക് അന്താരാഷ്ട്ര തലത്തിലും ഐപിഎല്ലിലും ലേലം നിയന്ത്രിച്ച് പരിചയസമ്പത്തുള്ള ഓക്ഷനിയർ ചാരു ശർമ്മയാണ് നേതൃത്വം നൽകുന്നത്. ലേല നടപടികൾക്ക് ശേഷം 6 മണിക്ക് കെ.സി.എ ഭാരവാഹികൾ മാധ്യമങ്ങളെ കാണും. ആരാധകർക്കായി ലേലത്തിന്റെ തത്സമയ സംപ്രേഷണം ജിയോ ഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമിലൂടെ തത്സമയം ലഭ്യമാക്കും.നാളെയുടെ വാഗ്ദാനങ്ങളായ കൗമാര പ്രതിഭകൾ മുതൽ രഞ്ജി ട്രോഫി കളിച്ച മുൻനിര താരങ്ങൾ വരെ അണിനിരക്കുന്ന ലേലപ്പട്ടികയിൽ ആകെ 173 കളിക്കാരാണുള്ളത്. ഇതിൽ വിവിധ ഫ്രാഞ്ചൈസികൾ ഇതിനകം തന്നെ തങ്ങളുടെ പ്രിയപ്പെട്ട 17 താരങ്ങളെ നിലനിർത്തിക്കഴിഞ്ഞു. ഏരീസ് കൊല്ലം സെയിലേഴ്സ്, തൃശൂർ ടൈറ്റൻസ് എന്നിവർ പരമാവധി അനുവദനീയമായ 4 താരങ്ങളെ വീതവും, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ്, ട്രിവാൺഡ്രം റോയൽസ് എന്നിവർ 3 താരങ്ങളെ വീതവും നിലനിർത്തിയപ്പോൾ കൊച്ചി ബ്ലൂ ടൈഗേഴ്സ് 2 പേരെയും ആലപ്പി റിപ്പിൾസ് ഒരു താരത്തെയുമാണ് ഒപ്പം നിർത്തിയത്. ബാക്കിയുള്ള 156 പ്രതിഭകളെ സ്വന്തമാക്കാനായാണ് ആറ് ഫ്രാഞ്ചൈസികളും നാളെ ലേലഹാളിൽ തന്ത്രങ്ങളുമായി നേർക്കുനേർ വരുന്നത്.ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവാക്കാനാവുക. ടീമിൽ കുറഞ്ഞത് 16ഉം പരമാവധി 20 താരങ്ങളെ വരെയും ഉൾപ്പെടുത്താം.റിട്ടെൻഷനിലൂടെ താരങ്ങളെ നിലനിർത്തിയ ടീമുകൾക്ക് ശേഷിക്കുന്ന തുകയ്ക്കുള്ള താരങ്ങളെ മാത്രമാണ് സ്വന്തമാക്കാനാവുക.also read:’ഗൂഗിളിൽ എന്റെ പേര് തിരയൂ….’; ആരാധകർക്ക് സർപ്രൈസൊരുക്കി എർലിങ് ഹാലണ്ട്, ഡിജിറ്റൽ ലോകത്തും നോർവേ തരംഗംകളിക്കാരുടെ പരിചയസമ്പത്തും മികവും കണക്കിലെടുത്ത് എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറികളായാണ് താരങ്ങളെ തരംതിരിച്ചിരിക്കുന്നത്. ബിസിസിഐയുടെ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎൽ മത്സരങ്ങൾ കളിച്ച പരിചയസമ്പന്നരായ ‘എ’ കാറ്റഗറി താരങ്ങൾക്ക് 3 ലക്ഷം രൂപയാണ് അടിസ്ഥാന വില. അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ തിളങ്ങിയ ‘ബി’ കാറ്റഗറി താരങ്ങൾക്ക് 1.5 ലക്ഷം രൂപയും, ജില്ലാ-സോണൽ-കെസിഎ ടൂർണ്ണമെന്റുകളിൽ മികവ് തെളിയിച്ച ‘സി’ കാറ്റഗറിയിലെ വളർന്നുവരുന്ന പ്രതിഭകൾക്ക് 75,000 രൂപയുമാണ് അടിസ്ഥാന തുക നിശ്ചയിച്ചിട്ടുള്ളത്.കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിലെത്തുമ്പോൾ ഇന്ത്യയിലെ മുൻനിര ലീഗുകളിൽ ഒന്നായി മാറി കഴിഞ്ഞു. രണ്ടാം സീസണിൽ സ്റ്റാർ സ്പോർട്സിലൂടെ മാത്രം 4 കോടി ആളുകളാണ് ലീഗ് കണ്ടത്. കൂടാതെ ഒടിടി പ്ലാറ്റ്ഫോമായ ഫാൻകോഡിലൂടെ 70 ലക്ഷം പേരും, ഏഷ്യനെറ്റ് പ്ലസിലൂടെ ഒരു കോടി മുപ്പത് ലക്ഷത്തി നാല്പതിനായിരം പേരും മത്സരം തത്സമയം വീക്ഷിച്ചു. പത്താം സീസണിലേക്ക് കടക്കുന്ന തമിഴ്നാട് പ്രീമിയർ ലീഗിന് (TNPL) കഴിഞ്ഞ വർഷം രണ്ട് കോടി അൻപത്തി നാലായിരം കാഴ്ചക്കാരും, കർണാടകയുടെ മഹാരാജ പ്രീമിയർ ലീഗിന് രണ്ട് കോടി പത്ത് ലക്ഷം കാഴ്ചക്കാരും മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് കേരള ക്രിക്കറ്റ് ലീഗിന്റെ കുതിപ്പ്.The post കേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; അങ്കത്തട്ടിൽ 156 പ്രതിഭകൾ, ലേലം നിയന്ത്രിക്കാൻ ചാരു ശർമ്മയെത്തും appeared first on Kairali News | Kairali News Live.