ദുബൈ മെട്രോ ബ്ലൂ ലൈന്‍: നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍ പുരോഗതി

Wait 5 sec.

ദുബൈ | ദുബൈ മെട്രോ ബ്ലൂ ലൈന്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍ പുരോഗതി. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മെട്രോ സ്റ്റേഷനാകാന്‍ ഒരുങ്ങുന്ന ദുബൈയിലെ ഐക്കണിക് സ്റ്റേഷനായ ‘ഇമാര്‍ പ്രോപ്പര്‍ട്ടീസ്’ സ്റ്റേഷന്റെ ആഴത്തിലുള്ള അടിത്തറ നിര്‍മാണം 100 ശതമാനവും പൂര്‍ത്തിയായതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു. നിലവില്‍ സ്റ്റേഷന്റെ മുകള്‍ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതിനൊപ്പം തുരങ്കങ്ങള്‍, പാലങ്ങള്‍, സ്റ്റേഷനുകള്‍, ഖോര്‍ ക്രോസിംഗ് എന്നിവയുടെ നിര്‍മാണവും വേഗത്തില്‍ നടക്കുന്നുണ്ട്.ദുബൈ മെട്രോ ശൃംഖലയിലെ ഏറ്റവും നീളമേറിയതും ആദ്യത്തേതുമായ 1.3 കിലോമീറ്റര്‍ നീളമുള്ള ഖോര്‍ ക്രോസിംഗിന്റെ ആഴത്തിലുള്ള അടിത്തറ നിര്‍മാണം 30 ശതമാനം പൂര്‍ത്തിയായി. അടുത്ത വര്‍ഷത്തോടെ ഇതിന്റെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്. ‘അല്‍ വഖീശ’ ടണല്‍ ബോറിംഗ് മെഷീന്‍ ഉപയോഗിച്ച് ഇന്റര്‍നാഷണല്‍ സിറ്റി 1ല്‍ നിന്ന് ഇന്റര്‍നാഷണല്‍ സിറ്റി 2, 3 ഭാഗങ്ങളിലേക്ക് 2,000 മീറ്ററിലധികം തുരങ്കം ഇതിനകം ഖനനം ചെയ്തുകഴിഞ്ഞു. പദ്ധതിയുടെ വിവിധ ഭാഗങ്ങളിലായി 800 മീറ്ററിലധികം ഫ്‌ളൈ ഓവറുകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്.ജൂണ്‍ 29ന് ടണല്‍ ഖനനത്തിന്റെ ഒന്നാം ഘട്ടം അതോറിറ്റി വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ബ്ലൂ ലൈന്‍ പദ്ധതിയിലെ ആദ്യ ഭൂഗര്‍ഭ സ്റ്റേഷനായ ഡ്രാഗണ്‍ മാര്‍ട്ട് സ്റ്റേഷനില്‍ ‘അല്‍ വഖീശ 1’ മെഷീന്‍ എത്തിച്ചേര്‍ന്നു. ഭൂഗര്‍ഭ സ്റ്റേഷനുകളുടെ നിര്‍മാണം നിലവില്‍ 20 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. പ്രതിദിനം 13 മുതല്‍ 17 മീറ്റര്‍ വരെ വേഗതയിലാണ് തുരങ്കം ഖനനം ചെയ്യുന്നത്. ടണല്‍ ബോറിംഗ് മെഷീന് പ്രതിദിനം 30 മീറ്റര്‍ വരെ ഖനനം നടത്താനുള്ള ശേഷിയുണ്ട്.ബ്ലൂ ലൈന്‍ പദ്ധതിക്കായി അല്‍ റുവയ്യ 3, ഇന്റര്‍നാഷണല്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ട് റെഡിമിക്സ് കോണ്‍ക്രീറ്റ് ഫാക്ടറികളും പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് സംഭരണ കേന്ദ്രങ്ങളും അതോറിറ്റി സ്ഥാപിച്ചിട്ടുണ്ട്. ഇത് നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരവും വേഗതയും ഉറപ്പാക്കാന്‍ സഹായിക്കുന്നു. നിലവില്‍ റുവയ്യയിലെ ഫാക്ടറിയില്‍ രണ്ട് കിലോ മീറ്റര്‍ മെട്രോ ട്രാക്ക് നിര്‍മാണത്തിന് ആവശ്യമായ പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് ബ്ലോക്കുകളും മൂന്ന് കിലോമീറ്റര്‍ തുരങ്ക നിര്‍മാണത്തിന് ആവശ്യമായ 1,700 ലധികം ടണല്‍ റിംഗുകളും സംഭരിച്ചിട്ടുണ്ട്. ഇത് നിശ്ചിത സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സഹായകരമാകും.മികച്ച വാസ്തുവിദ്യാ ശൈലിയിലാണ് ബ്ലൂ ലൈന്‍ സ്റ്റേഷനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 11,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 74 മീറ്റര്‍ ഉയരത്തിലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മെട്രോ സ്റ്റേഷനായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്. പ്രകൃതിദത്തമായ വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്ന ഓപ്പണ്‍ സ്പേസ് രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. വായു, ജലം, ഭൂമി, അഗ്നി എന്നീ നാല് പ്രകൃതിദത്ത ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് മറ്റ് സ്റ്റേഷനുകളുടെ ആന്തരിക രൂപകല്‍പ്പന തയാറാക്കിയിരിക്കുന്നത്. ഇതില്‍ മൂന്ന് സ്റ്റേഷനുകള്‍ വായുവിന്റെ തീമിലും, രണ്ട് സ്റ്റേഷനുകള്‍ ജലത്തിന്റെ തീമിലും, നാല് സ്റ്റേഷനുകള്‍ ഭൂമിയുടെ തീമിലും, രണ്ട് സ്റ്റേഷനുകള്‍ അഗ്നിയുടെ തീമിലും രൂപകല്‍പ്പന ചെയ്തവയാണ്.Content Highlights: The Dubai Metro Blue Line project is progressing rapidly with major construction milestones achieved in tunnel excavation and station foundations. The Roads and Transport Authority utilizes advanced smart engineering technologies to double the drilling speed. The project remains fully on track for its scheduled completion.