മുംബൈ | അന്ധവിശ്വാസത്തിന്റെ പേരിൽ മരുമകളെ നിർബന്ധിച്ച് ഗോമൂത്രം കുടിപ്പിക്കുകയും ആഭിചാരക്രിയകൾക്കായി തലമുടി അറുത്തു മാറ്റുകയും ചെയ്ത സംഭവത്തിൽ മഹാരാഷ്ട്ര മുൻ എംപിക്കും ഭാര്യക്കും മകനും എതിരെ പോലീസ് അന്ധവിശ്വാസ നിരോധന നിയമപ്രകാരം കേസെടുത്തു. മഹാരാഷ്ട്രയിൽ ശിവസേന ഉദ്ദവ് ബാലാസാഹേബ് താക്കറെ വിഭാഗത്തിലെ മുതിർന്ന നേതാവും മുൻ പാർലമെന്റ് അംഗവുമായ വിനായക് റാവുത്ത്, അദ്ദേഹത്തിന്റെ ഭാര്യ, കൗൺസിലറായ മകൻ ഗിതേഷ് റാവുത്ത് എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കെതിരെയാണ് കപൂർബാവ്ഡി പോലീസ് കേസെടുത്തത്. വിനായക് റാവുത്തിന്റെ മരുമകൾ ഗിരിജ റാവുത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്നെ ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചുവെന്നും നിർബന്ധിച്ച് ഗോമൂത്രം കുടിപ്പിച്ചുവെന്നുമാണ് ഗിരിജ പരാതിയിൽ വ്യക്തമാക്കുന്നത്.ഹണിമൂൺ സമയത്ത് ഭർത്താവ് ലൈംഗികബന്ധം നിഷേധിച്ചെന്നും പരാതിയിൽ പറയുന്നു. ഊട്ടിയിൽ (Ooty) ഹണിമൂൺ ട്രിപ്പ് പോയപ്പോൾ ഭർത്താവ് ഗിതേഷ് റാവുത്ത് ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുകയും ഇത് ചോദ്യം ചെയ്തപ്പോൾ ക്രൂരമായി പെരുമാറുകയും ചെയ്തു. താൻ ഭർത്താവുമായി അടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം അയാൾ തന്നെ തള്ളിമാറ്റിയെന്നും ഇന്ത്യയ്ക്കുള്ളിൽ അല്ലാതെ ഒരു വിദേശ സ്ഥലത്ത് മാത്രമേ തനിക്ക് അടുപ്പമുണ്ടാകൂ എന്ന് അയാൾ പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു.ഹണിമൂൺ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ശേഷവും പീഡനം തുടർന്നു. യുവതിയുടെ ആർത്തവ തീയതികൾ മാറ്റിവെക്കുന്നതിനായി നിർബന്ധപൂർവ്വം ഗുളികകൾ നൽകുകയും കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്തു. ഇതിന് പുറമെ വീട്ടിൽ ഐശ്വര്യം വരാനെന്ന പേരിൽ പ്രത്യേക മന്ത്രവാദ ക്രിയകൾ നടത്തുകയും യുവതിയെക്കൊണ്ട് നിർബന്ധിച്ച് ഗോമൂത്രം കുടിപ്പിക്കുകയും തലമുടി ക്രൂരമായ രീതിയിൽ മുറിച്ചുമാറ്റുകയും ചെയ്തുവെന്നാണ് പരാതി.മഹാരാഷ്ട്ര അന്ധവിശ്വാസ നിരോധന നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് റാവുത്ത് കുടുംബത്തിനെതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആഭിചാര ക്രിയകളിൽ പങ്കാളികളായ ഫിറോസ് ബാബ, കാജി ബാബ എന്നീ രണ്ട് വ്യക്തികൾക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ താനെ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. രാഷ്ട്രീയ രംഗത്ത് വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.Content Highlights:Thane police registered a case against former MP Vinayak Raut and family under the anti-superstition law and BNS. The action follows a complaint by daughter-in-law Girija Raut alleging physical abuse and black magic rituals. Officials have started a detailed investigation into the matter.