ഭോപാല്‍ | അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളക്കു പിന്നാലെ മധ്യപ്രദേശിലെ പ്രമുഖ ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം. ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലെ പ്രശസ്തമായ ‘മാ ബഗലാമുഖി’ ക്ഷേത്രത്തിലാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയരുന്നത്.മധ്യപ്രദേശിലെ വന്‍തോതില്‍ ഭക്തര്‍ എത്തുന്ന അഗര്‍-മാല്‍വ ജില്ലയിലുള്ള ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കുന്ന പണവും സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളും തട്ടിയെടുക്കാന്‍ സമാന്തരമായി ഒരു സംഘം പ്രവര്‍ത്തിക്കുന്നു എന്ന പരാതിയില്‍ ജില്ലാ കലക്ടര്‍ പ്രീതി യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു. ക്ഷേത്ര ഫണ്ട് കൈകാര്യം ചെയ്യുന്നത് ക്രമക്കേടുണ്ടെന്നും ആരോപണമുണ്ട്. സംഭാവനകള്‍ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.അന്വേഷണത്തിനായി രൂപീകരിച്ച മൂന്നംഗസമിതി ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഗര്‍-മാല്‍വ ജില്ലാ പഞ്ചായത്ത് സി ഇ ഒ ബിഎസ് സോളങ്കിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ ട്രഷറി ഓഫീസര്‍ മനീഷ് സോളങ്കി, നാല്‍ഖേഡ മുനിസിപ്പല്‍ കൗണ്‍സില്‍ ചീഫ് മുന്‍സിപ്പല്‍ ഓഫീസര്‍ മിനി അഗര്‍വാള്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. സര്‍ക്കാരിന്റെ ഔദ്യോഗിക മാനേജ്മെന്റ് കമ്മിറ്റി നിലവിലിരിക്കെ ഒരു അനധികൃത സമാന്തര സമിതിയുണ്ടാക്കി സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലൂടെ ഭക്തരുടെ സംഭാവനകള്‍ വന്‍തോതില്‍ വകമാറ്റിയതായാണ് കണ്ടെത്തിയത്.