ഗൾഫിൽ അതീവ ജാഗ്രത; കുവൈറ്റിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം, ഖത്തറിലും ബഹ്റൈനിലും അടിയന്തിര സുരക്ഷാ മുന്നറിയിപ്പ്

Wait 5 sec.

ഇറാനും അമേരിക്കയും തമ്മിൽ ഹോർമൂസ് കടലിടുക്കിനെച്ചൊല്ലി ആരംഭിച്ച സൈനിക ഏറ്റുമുട്ടലുകൾക്ക് പിന്നാലെ ഗൾഫിൽ അതീവ ജാഗ്രത.കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്കും പ്രവാസികൾക്കും അടിയന്തിര സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.കുവൈറ്റ് ലക്ഷ്യമാക്കി വന്ന മിസൈലുകളെയും ഡ്രോൺ ആക്രമണങ്ങളെയും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട ശക്തമായ സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സേന ശത്രു മിസൈലുകളെ ആകാശത്തുവെച്ച് വെടിവെച്ചിട്ടതുമൂലം ഉണ്ടായതാണെന്ന് സൈന്യം വ്യക്തമാക്കി. കുവൈറ്റിലുടനീളം അപായ സൈറണുകൾ മുഴങ്ങുന്നതായി കുവൈറ്റ് ഔദ്യോഗിക വാർത്താ ഏജൻസിയായ ‘കുന’ റിപ്പോർട്ട് ചെയ്തു.സംഘർഷം രൂക്ഷമായതോടെ ഖത്തറിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ സുരക്ഷാ ഭീഷണിയുടെ തോത് വളരെ ഉയർന്നതാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക മുന്നറിയിപ്പ് നൽകി.പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ താമസക്കാരും വീടുകളിലോ സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിലോ തന്നെ തുടരണമെന്നും അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുതെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.ബഹ്റൈനിലും സ്ഥിതിഗതികൾ സങ്കീർണ്ണമാണ്. ഇന്ന് രാവിലെയോടെ തുടർച്ചയായി രണ്ടാം തവണയാണ് ബഹ്റൈനിൽ ഒട്ടാകെ അപായ സൈറണുകൾ ഉച്ചത്തിൽ മുഴങ്ങിയത്. ജനങ്ങൾ ആരും പരിഭ്രാന്തരാകരുതെന്നും, എല്ലാവരും ശാന്തത പാലിച്ചുകൊണ്ട് എത്രയും പെട്ടെന്ന് തങ്ങൾക്ക് തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി.സംഘർഷം തുടർന്നാൽ അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ കൂടുതൽ ആക്രമണങ്ങൾ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.The post ഗൾഫിൽ അതീവ ജാഗ്രത; കുവൈറ്റിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം, ഖത്തറിലും ബഹ്റൈനിലും അടിയന്തിര സുരക്ഷാ മുന്നറിയിപ്പ് appeared first on Arabian Malayali.