പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; നിരവധി പേർക്ക് പരിക്ക്

Wait 5 sec.

ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമായതിനെത്തുടർന്ന് ഇറാനിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ അതിശക്തമായ ആക്രമണം നടത്തി അമേരിക്ക.ഇറാന്റെ തെക്കൻ തുറമുഖ നഗരമായ സിരിക്കിലെ വാണിജ്യ ഡോക്കിൽ യുഎസ് മിസൈൽ പതിച്ചതായും ആക്രമണത്തിലുണ്ടായ അവശിഷ്ടങ്ങൾ തെറിച്ചുവീണ് നിരവധി പേർക്ക് പരിക്കേറ്റതായും ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐ.ആർ.ഐ.ബി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ സമീപത്തെ മിനാബ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഹോർമൂസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഈ ‘ശക്തമായ വ്യോമാക്രമണം’ എന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, ഉപരിതല-വ്യോമ മിസൈൽ കേന്ദ്രങ്ങൾ, കപ്പൽ വിരുദ്ധ ക്രൂയിസ് മിസൈലുകൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയാണ് അമേരിക്കൻ സൈന്യം ലക്ഷ്യമിട്ടതെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ ഏത് വഴിയിലൂടെ സഞ്ചരിക്കണം എന്നതിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന തർക്കമാണ് ഇപ്പോൾ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് നയിച്ചിരിക്കുന്നത്.തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള വടക്കൻ പാതയിലൂടെ കപ്പലുകൾ പോകണമെന്നാണ് ഇറാന്റെ വാശി. എന്നാൽ കപ്പലുകൾ തെക്കൻ പാത തിരഞ്ഞെടുക്കണമെന്ന് യുഎസും ആവശ്യപ്പെടുന്നു. ഈ ജലപാതയുടെ മധ്യഭാഗത്തുകൂടിയുള്ള പരമ്പരാഗത റൂട്ടിൽ ഇനിയും മാറ്റപ്പെടാത്ത സമുദ്ര മൈനുകൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതേത്തുടർന്ന് കപ്പലുകൾക്ക് ഈ വഴി ഉപയോഗിക്കാൻ സാധിക്കുന്നില്ല.സിരിക് തുറമുഖത്തിന് പുറമെ ഹോർമൂസ് കടലിടുക്കിലെ പ്രധാന തന്ത്രപ്രധാന ദ്വീപുകളായ ഖേഷ്ം, ഖാർഗ് എന്നിവിടങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ നടന്നതായി ഇറാന്റെ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന് (MOU) പിന്നാലെ നടക്കേണ്ടിയിരുന്ന ചർച്ചകളിൽ ഈ തർക്കങ്ങളെല്ലാം പരിഹരിക്കപ്പെടേണ്ടതായിരുന്നു.എന്നാൽ അതിനിടയിലാണ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് അമേരിക്കയുടെ ഭാഗത്തുനിന്നും ഇത്തരമൊരു കടുത്ത സൈനിക നീക്കമുണ്ടായിരിക്കുന്നത്. പുതിയ ആക്രമണങ്ങളോടെ പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക പടരുകയാണ്.The post പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; നിരവധി പേർക്ക് പരിക്ക് appeared first on Arabian Malayali.