കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവ‍ർക്കായുള്ള തെരച്ചിൽ രണ്ടാം ദിവസവും ഊർജിതമാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി അനിൽകുമാര്‍. കള്ളാടി അപകടസ്ഥലവും മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ച ശേഷം ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അപകടസ്ഥലം നാല് സോണുകളാക്കി തിരിച്ച് എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, പൊലീസ്, സിവിൽ ഡിഫൻസ് സേനകളുടെ നേതൃത്വത്തിൽ ശാസ്ത്രീയ തെരച്ചിലും രക്ഷാപ്രവർത്തനം ഊർജിതമാക്കും. മേഖലയില്‍ രാത്രിയിലും രക്ഷാപ്രവർത്തനം തുടര്‍ന്നു.തുരങ്കപാതാ നിർമ്മണ സ്ഥലത്തു നിന്നും 200 മീറ്റർ ചുറ്റളവിലാണ് ഇന്നലെ രാവിലെ 11.15ഓടെ മണ്ണിടിച്ചിലുണ്ടായത്. ഏഴ് മുതൽ പത്ത് അടി വരെ ഉയരത്തിലാണ് പ്രദേശത്ത് മണ്ണ് അടിഞ്ഞുകൂടിയത്. എൻ.ഡി.ആർ.എഫ് – 65, പൊലീസ് – 100, സിവിൽ ഡിഫൻസ്, ഫയർഫോഴ്സ് 158 ഉദ്യോഗസ്ഥർക്കൊപ്പം ഊരാളുങ്കൽ സൊസൈറ്റിയുടെ 52 തൊഴിലാളികൾ വിവിധ സന്നദ്ധസേനാ വളണ്ടിയർമാര്‍, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ ദിനത്തില്‍ രക്ഷാപ്രവർത്തനം നടന്നത്. പദ്ധതി പ്രദേശത്തേക്ക് തൊഴിലാളികളെ എത്തിച്ചിരുന്ന ഒരു ബസ് മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്. വാഹനത്തിൽ ജീവനക്കാരില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മീനാക്ഷി പാലത്തിന്റെ താഴ്ഭാഗത്തെ ഒരു വീടിനും പള്ളിയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തു നിന്നും നീക്കം ചെയ്യുന്ന മണ്ണ് അനിയോജ്യമായ സ്ഥലം കണ്ടെത്തി നിക്ഷേപിക്കുമെന്ന് യോഗത്തില്‍ മന്ത്രി അറിയിച്ചു.രാത്രിയോടെ റോഡിലെ മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കുകയും കാണാതായവർക്കായുള്ള തെരച്ചിലും നടത്തും. നാല് സോണുകളിലേക്കും ആവശ്യമായ ഉപകരണങ്ങള്‍ ഹിറ്റാച്ചി, ജെ.സി.ബി, ടിപ്പറുകൾ ഉൾപ്പെടെയുള്ള യന്ത്രങ്ങള്‍, വാഹനങ്ങള്‍ രാത്രിയോടെ തന്നെ എത്തിച്ചു. അപകടത്തിൽപ്പെട്ട മരണപ്പെട്ട മൂന്ന് പേരുടെയും പോസ്റ്റ്മോർട്ടം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പൂർത്തിയായി. രാത്രിയോടെ മൃതദേഹങ്ങൾ കോഴിക്കോട് മെ‍ഡിക്കൽ കോളേജിലെത്തിച്ച് എംബാം ചെയ്ത ശേഷം സംസ്ഥാന സർക്കാറിന്റെയും കൊങ്കൺ റെയിൽവെയുടെയും ഏകോപനത്തോടെ ബുധനാഴ്ച വിമാനമാർഗം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. കാണാതായവരുടെയും മരണപ്പെട്ടവരുടെയും ബന്ധുക്കളെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ചുമതല ജില്ലാ കളക്ടർ, ജില്ലാ മെഡ‍ിക്കൽ ഓഫീസർ എന്നിവര്‍ നിര്‍വഹിക്കും. രക്ഷാപ്രവർത്തനത്തിന്റെയും തെരച്ചിലിന്റെയും ഏകോപനത്തിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.Also Read: കേരളത്തിൽ പിഎംശ്രീ നടപ്പിലാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം; എസ്എഫ്ഐഅപകട മേഖലയില്‍ രണ്ട് സ്നിഫർ നായകളെയും രണ്ട് കഡ‍ാവർ നായകളെയും സ്ഥലത്ത് എത്തിച്ച് തെരച്ചില്‍ നടത്തി. അപകട മേഖല പ്രദേശങ്ങളിലെ 23 കുടുംബങ്ങളിലെ 76 പേരെ മേപ്പാടി പോളി ടെക്നിക് കോളേജിൽ സജ്ജീകരിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പ്രദേശങ്ങളിലെ മറ്റ് താമസക്കാർ‍ ബന്ധുവീടുകളിലേക്ക് സുരക്ഷിതമായി മാറിയിട്ടുണ്ട്. ക്യാമ്പിലുള്ളവർക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങി അവശ്യസാധനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ട് പേരിൽ മൂന്ന് പേർ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങി. നിലവിൽ അഞ്ച് പേരാണ് ചികിത്സയിലുള്ളത്.അതേസമയം, കള്ളാടി അപകട മേഖലയിൽ തെരച്ചിൽ കാര്യക്ഷമമാക്കുന്നതിനായി പ്രദേശത്ത് ആളുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും ക‍ർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ടാം ദിനം കൂടുതൽ ഉപകരണങ്ങളെത്തിച്ച് പൂർണതോതിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് പൊതുജനങ്ങൾ, സന്നദ്ധ സേനാ പ്രവർത്തകർ എന്നിവർക്ക് മേഖലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാവും. വാഹനങ്ങൾക്ക് മേപ്പാടി ടൗൺ, ബോച്ചേ എസ്റ്റേറ്റ് എന്നിവടങ്ങളിലും അപകട മേഖലയുടെ 500 മീറ്റർ അകലെയും നിയന്ത്രണമുണ്ടാവും.മദ്ധ്യപ്രദേശിൽ നിന്നുള്ള ചന്ദ്ര ബാൻ (ഓപ്പറേറ്റർ), ബീഹാറിൽ നിന്നുള്ള ബികാഷ് കുമാർ (സിവിൽ ഫോർമാൻ), ജാർഖണ്ഡിൽ നിന്നുള്ള അൻമോൽ (തൊഴിലാളി) എന്നിവരാണ് അപകടത്തിൽ മരിച്ചത്.വിക്രം റാണ (കൺസ്ട്രക്ഷൻ മാനേജർ), രാഹുൽ (എഞ്ചിനീയർ) ,മുഹമ്മദ് ഇംറാൻ (എക്സ്കവേറ്റർ‍ ഓപ്പറേറ്റർ),രാകേഷ് ഗുച്ചൈത് (സ‍ർവേയർ) ,അസ്ഹറുദ്ദീൻ അൻസാരി (സർവേയർ) എന്നിവരാണ് കാണാതായവർ.കള്ളാടി മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂം നമ്പര്‍- 04936- 288750The post കള്ളാടി മണ്ണിടിച്ചല്; അപകടസ്ഥലം നാല് സോണുകളായി തിരിച്ച് തെരച്ചിൽ ഇന്നും ഊർജിതമാക്കും: എ.പി അനിൽകുമാര് appeared first on Kairali News | Kairali News Live.