കൊല്‍ക്കത്ത | ബി ജെ പി അധികാരത്തിലെത്തിയ പശ്ചിമ ബംഗാളില്‍ നിര്‍മ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയം ഹിന്ദുത്വ അക്രമികള്‍ അടിച്ചു തകര്‍ത്തു. കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന മൂന്നു കുരിശുകളും തകര്‍ത്തെറിഞ്ഞു. ‘ഹിന്ദു ജാഗരണ്‍ മഞ്ച്’ എന്ന പേരിലാണ് വലിയ ആള്‍ക്കൂട്ടം ആക്രമം നടത്തിയത്.കൊല്‍ക്കത്തയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സോനാര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സുഭാഷ്ഗ്രാമിലാണ് സംഭവം. പള്ളി അടിച്ചുതകര്‍ക്കുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ സോനാര്‍പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നൂറോളം വരുന്ന സംഘം നിര്‍മ്മാണത്തിലിരുന്ന പള്ളിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. പെയിന്റിംഗ് ജോലികള്‍ നടക്കുകയായിരുന്ന പള്ളിയുടെ തടിവാതില്‍ അക്രമികള്‍ ചവിട്ടിപ്പൊളിച്ചു. തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന ഏണി ഉപയോഗിച്ച് പള്ളിക്ക് മുകളില്‍ കയറി മേല്‍ക്കൂരയിലുണ്ടായിരുന്ന മൂന്ന് കുരിശുകള്‍ തകര്‍ത്തു. പുതുതായി നിര്‍മ്മിച്ച രണ്ട് തൂണുകള്‍ നിലംപരിശാക്കി അക്രമികള്‍ ‘ഹിന്ദു ജാഗരണ്‍ മഞ്ച്’ മുദ്രാവാക്യങ്ങള്‍ വിളിച്ചു.പ്രദേശത്ത് മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ തങ്ങള്‍ 2017 മുതല്‍ ഇവിടെ താമസിക്കുന്നവരാണെന്നും പാവപ്പെട്ട കുടുംബങ്ങളാണെന്നും അവര്‍ പറഞ്ഞു. പ്രസ്ബിറ്റീരിയന്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ കീഴിലുള്ളതാണ് പള്ളി. പ്രദേശത്ത് താമസിക്കുന്ന അമ്പതോളം ക്രൈസ്തവ കുടുംബങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അടുത്തെങ്ങും പള്ളിയില്ലാത്തതിനാലാണ് സ്ഥലം വാങ്ങി കഴിഞ്ഞ മാര്‍ച്ചില്‍ പള്ളിയുടെ നിര്‍മ്മാണം തുടങ്ങിയത്.പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്രിമിനല്‍ അതിക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പോലീസ് അറിയിച്ചു. പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ജൂലൈ 14-ന് പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും ഗവര്‍ണര്‍ക്ക് നിവേദനം നല്‍കുമെന്നും ബംഗാള്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സ്ഥാപകന്‍ ഹെരോദ് മുള്ളിക് അറിയിച്ചു.Content Highlights:An under-construction Presbyterian church was vandalized by a large crowd shouting Hindu Jagaran Manch slogans in South 24 Parganas. The attackers destroyed three crosses and newly built pillars alleging illegal religious conversions. The Sonarpur police registered a case and detained three youths.