ടെഹ്‌റാന്‍| ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഈയുടെ മൃതദേഹം ഇന്ന് അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സംസ്‌കരിക്കും. വടക്കുകിഴക്കന്‍ ഇറാനിലെ മഷാദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ഇറാനിലും അയല്‍രാജ്യമായ ഇറാഖിലുമായി ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത, ദിവസങ്ങള്‍ നീണ്ട വിലാപയാത്രകള്‍ക്ക് ശേഷമാണ് മൃതദേഹം മഷാദില്‍ എത്തിക്കുന്നത്. ഖാംനഈക്കൊപ്പം ആക്രമണത്തില്‍ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ കൊച്ചുമകള്‍, മകള്‍, മരുമകന്‍, മകന്‍ മുജ്തബയുടെ ഭാര്യ സഹ്റ ഹദ്ദാദ് അദേല്‍ എന്നിവരുടെയും മൃതദേഹങ്ങള്‍ ഇന്നാണ് സംസ്‌കരിക്കുക. സംസ്‌കാര ചടങ്ങുകളില്‍ 1.5 കോടിയോളം ജനം പങ്കെടുക്കുമെന്നാണ് മഷാദ് ഗവര്‍ണര്‍ ഹസ്സന്‍ ഹുസൈനി വ്യക്തമാക്കുന്നത്.ഇറാന്‍ ജനതയുടെ കടുത്ത സഹനശക്തിയും വിപ്ലവാവേശവും ദേശീയ ഐക്യവും വിളിച്ചോതുന്നതാണ് ടെഹ്‌റാനിലെ ഇമാം ഖാംനഈ ഗ്രാന്‍ഡ് മൊസല്ലയില്‍ നടന്ന ചടങ്ങുകള്‍. പുരോഹിതന്മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും ഉള്‍പ്പെടെ ലക്ഷങ്ങളാണ് പ്രിയ നേതാവിന് അവസാനമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. വിങ്ങിപ്പൊട്ടിക്കൊണ്ട് നെഞ്ചില്‍ കൈവെച്ചും മയ്യിത്ത് പെട്ടികളില്‍ പൂക്കള്‍ അര്‍പ്പിച്ചും അനുയായികള്‍ തങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തിയിരുന്നു.ഷിയാ പുണ്യനഗരങ്ങളായ ഖോം, നജാഫ്, കര്‍ബല എന്നിവിടങ്ങളില്‍ നടക്കുന്ന ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം മഷാദില്‍ സംസ്‌കാരം നടത്തുന്നതിന് മുന്നോടിയായി ഇറാന്‍ രാജ്യവ്യാപകമായി ഒരാഴ്ച നീളുന്ന വിലാപയാത്രയാണ് സംഘടിപ്പിച്ചിരുന്നത്. പരമോന്നത നേതാവിന്റെ പെട്ടെന്നുള്ള വിയോഗത്തിലും രാജ്യത്തിന്റെ കെട്ടുറപ്പും ശക്തിയും വിളിച്ചോതുന്നതായിരിക്കും ഈ വിലാപയാത്രയെന്ന് ഇറാന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു.അതേസമയം, ചടങ്ങുകളുടെ അവസാന ദിവസമായ ഇന്ന് യുഎസിന് നേരെയുണ്ടാകുന്ന ഇറാന്റെ ഓരോ ആക്രമണത്തിനും ഇരുപത് മടങ്ങ് ശക്തമായി തിരിച്ചടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.ഫെബ്രുവരി 28ന് യുഎസ്-ഇസ്‌റാഈല്‍ സംയുക്ത വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെടുന്നത്. 1989 മുതല്‍ നീണ്ട 36 വര്‍ഷക്കാലം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനഈ തന്റെ 86ാം വയസ്സിലാണ് കൊല്ലപ്പെട്ടത്.Content Highlights:The funeral of Iran Supreme Leader Ayatollah Ali Khamenei is held in his birthplace Mashhad following nationwide mourning. Millions gathered for the final rites alongside his family members killed in the strike. Meanwhile US President Donald Trump issued a stern warning of strong retaliation against Iran.