ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ഒരു മാസത്തോളമാകുന്ന ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നതോടെ, ശേഷിക്കുന്നത് 8 മത്സരങ്ങൾ മാത്രം. നാല് ക്വാർട്ടർ ഫൈനൽ മത്സരവും രണ്ട് സെമി ഫൈനലും ഒരു ഫൈനലുമാണ് ഇനി നടക്കാനുള്ളത്. ഇതിനൊപ്പം മൂന്നാം സ്ഥാനക്കാർക്കുവേണ്ടിയുള്ള മത്സരവും നടക്കും. ഇനിയുള്ള മൂന്ന് മത്സരങ്ങൾ ജയിക്കുന്ന ടീം ലോകകിരീടം നേടും. ഇത്തവണ ആരായിരിക്കും ലോക ചാംപ്യൻനാകുക? ഇതുവരെ ലോകകപ്പ് നേടാത്ത ഒരു പുതിയ ചാംപ്യൻ ഉണ്ടാകുമോ?ഫ്രാൻസ്-മൊറോക്കോ- ഇന്ന് രാത്രി നടക്കുന്ന ഈ മത്സരത്തോടെയാണ് ക്വർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് തുടക്കമാകുക. രണ്ടുതവണ ജേതാക്കളായിട്ടുള്ള ഫ്രാൻസ് മികച്ച ഫോമിലാണ്. എംബാപ്പെയുടെ ചിറകിലേറി, തുടർച്ചയായ മൂന്നാം ഫൈനലാണ് ഫ്രാൻസ് ഇത്തവണ ലക്ഷ്യമിടുന്നത്. അതേസമയം വിസ്മയങ്ങൾ കാട്ടാൻ ശേഷിയുള്ളവരാണ് മൊറോക്കോ എന്ന കാര്യം കഴിഞ്ഞ തവണ അവർ തെളിയിച്ചതാണ്. തങ്ങളുടേതായ ദിവസം ഏത് വമ്പനെയും വീഴ്ത്താൻ മൊറോക്കോയ്ക്ക് സാധിക്കും.സ്പെയിൻ-ബെൽജിയം- ലോകകപ്പിലെ ഏറ്റവും ആവേശമുള്ള പോരാട്ടമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. 2010ലാണ് സ്പെയിൻ ഒരേയൊരു തവണ ലോകചാംപ്യൻമാരായിട്ടുള്ളത്. ഈ മത്സരത്തിൽ സ്പെയിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും, ആതിഥേയരായ അമേരിക്കയെ തകർത്ത് തരിപ്പണമാക്കി വരുന്ന ബെൽജിയം വലിയ ആത്മവിശ്വാസത്തിലാണ്. ഇരു ടീമുകളും ആക്രമണാത്മക ഫുട്ബോൾ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതുകൊണ്ടുതന്നെ, കാണികൾക്ക് അതൊരു വിരുന്നായിരിക്കും.നോർവേ-ഇംഗ്ലണ്ട്- ലോകകപ്പിലെ ഈ ക്വാർട്ടർ മത്സരം മറ്റൊരു ആവേശ പോരാട്ടമായിരിക്കും. ലോക ഫുട്ബോളിലെ എണ്ണംപറഞ്ഞ ഫോർവേഡുകളായ ഹാരി കെയ്നും എർലിങ് ഹാളണ്ടും നേർക്കുനേർ വരുന്നുവെന്നതാണ് ഈ മത്സരത്തിന്‍റെ പ്രത്യേകത. ബ്രസീൽ എന്ന അതികായനെ ലോകകപ്പിൽനിന്ന് പുറത്താക്കിയ നോർവേയുടെ അടുത്ത ലക്ഷ്യം ഇംഗ്ലണ്ടാണ്. എന്നാൽ കളിയുടെ എല്ലാ മേഖലയിലുമുള്ള മികവിലൂടെ നോർവേയെ പരാജയപ്പെടുത്താമെന്നാണ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്. 1966ലെ ഏക കിരീട വിജയമാണ് ഇംഗ്ലണ്ടിന് ലോകകപ്പിൽ പറയാനുള്ള പാരമ്പര്യം.Also Read- 79 മിനിറ്റ് അർജന്റീനയെ പൂട്ടി! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ഈജിപ്ത്, തോറ്റിട്ടും അവർ ഹീറോകൾ തന്നെഅർജന്‍റീന-സ്വിറ്റ്സർലൻഡ് – രണ്ട് കടുത്ത ആഫ്രിക്കൻ വെല്ലുവിളികൾ അതിജീവിച്ചാണ് നിലവിലെ ജേതാക്കളായ അർജന്‍റീന അവസാന എട്ടിൽ ഇടംപിടിച്ചത്. കേപ്പ് വെർദെയും, ഈജിപ്തും മെസിപ്പടയ്ക്കെതിരെ ഉയർത്തിയ വെല്ലുവിളി ചില്ലറയല്ല. കടുത്ത പ്രതിരോധമുയർത്തിയാണ് ഇരു ടീമുകളും ചാംപ്യൻമാരെ വെള്ളംകുടിപ്പിച്ചത്. മൂന്ന് തവണ കിരീടം നേടിയിട്ടുള്ള അർജന്‍റീന നാലാം കിരീടാണ് ലക്ഷ്യമിടുന്നത്. അതുവഴി ജർമ്മനിക്കും ഇറ്റലിക്കുമൊപ്പം എത്തുകയാണ് മെസിയും കൂട്ടരും ആഗ്രഹിക്കുന്നത്. ക്വാർട്ടറിലെ എതിരാളിയായ സ്വിറ്റ്സർലൻഡും പരമ്പരാഗതമായി യൂറോപ്പിലെ പുകൾപെറ്റ പ്രതിരോധനിരയാണെന്നത് അർജന്‍റീനയുടെ ഉറക്കംകെടുത്തും.Also Read- ചുമ്മാ ഓടി നടപ്പല്ല… ഒരു ലോകകപ്പിൽ നിന്ന് റഫറിക്ക് ലഭിക്കുന്നത് കോടികൾ; വരുമാനമറിയാംഅട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ ഫ്രാൻസ്-സ്പെയിൻ, അർജന്‍റീന-ഇംഗ്ലണ്ട് സെമി പോരാട്ടത്തിനാകും സാധ്യത കൂടുതൽ. ഇങ്ങനെ തന്നെയാണ് സെമി പോരാട്ടമെങ്കിൽ പ്രവചനാതീതമായിരിക്കും ഈ മത്സരങ്ങൾ. എന്നാൽ മൊറോക്കോ, ബെൽജിയം, നോർവേ, സ്വിറ്റ്സർലൻഡ് എന്നിവരിൽ ഏതെങ്കിലും ടീമുകൾ വമ്പൻമാരെ അട്ടിമറിച്ച് സെമിയിൽ എത്തിയാൽ ലോകകപ്പിന്‍റെ ചിത്രം മാറും, കളി മാറും. ഇതിൽ ഏറ്റവുമധികം സാധ്യത കൽപിക്കുന്ന ടീം മൊറോക്കോയാണ്. ഫ്രാൻസിനെ ക്വാർട്ടറിൽ വീഴ്ത്തിയാൽ, മൊറോക്കോയ്ക്ക് കിരീട സാധ്യത വർദ്ധിക്കും. അങ്ങനെയെങ്കിൽ ഈ ലോകകപ്പിൽ ഒരു പുതിയ ചാംപ്യൻ ആഫ്രിക്കയിൽനിന്ന് ഉദിച്ചുയരും.The post ലോകകിരീടത്തിലേക്ക് ഇനി മൂന്ന് കളിദൂരം; പുതിയ ചാംപ്യൻ ഉണ്ടാകുമോ? appeared first on Kairali News | Kairali News Live.