പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇ- 20 ഇന്ധനം നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കുകയാണ്. ഇത് വാഹനങ്ങളുടെ പ്രവര്‍ത്തന ശേഷിയെയും എന്‍ജിനുകളെയും ദോഷകരമായി ബാധിക്കമെന്ന് ഒരു വിഭാഗവും തീര്‍ത്തും സുരക്ഷിതമാണെന്ന് മറ്റൊരു പക്ഷവും വാദിക്കുന്നു. ഒരു വിഭാഗം വാഹന ഉടമകളും ഇന്ത്യന്‍ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസ്സോസിയേഷ(എ ആര്‍ എ ഐ)നുമാണ് പുതിയ ഇന്ധനത്തിനെതിരെ രംഗത്തുവന്നത.്എഥനോള്‍ കലര്‍ന്ന ഇന്ധനം ടര്‍ബോ ചാര്‍ജ് എന്‍ജിനുകളെ ദോഷകരമായി ബാധിക്കുമെന്ന് എ ആര്‍ എ ഐയുടെ പഠന റിപോര്‍ട്ടില്‍ പറയുന്നു. ഇ-10 ഇന്ധനം ഉപയോഗിക്കാനുള്ള ശേഷിയില്‍ തയ്യാറാക്കിയ വാഹനങ്ങളിലെ റബ്ബര്‍ ഘടകങ്ങള്‍ നശിക്കാന്‍ ഇതിടയാക്കുകയും മൈലേജ് കുറയുകയും ചെയ്യും. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള രാജ്യത്തെ പ്രമുഖ റിസര്‍ച്ച്, ടെസ്റ്റിംഗ്, സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയാണ് എ ആര്‍ എ ഐ.അതേസമയം, ഇ-20 ഇന്ധനം തീര്‍ത്തും സുരക്ഷിതമാണെന്നും രാജ്യത്തെ ദശലക്ഷക്കണക്കിനു വാഹനങ്ങള്‍ ഒരു പ്രശ്‌നവുമില്ലാതെ ഇത് ഉപയോഗിക്കുന്നുണ്ടെന്നുമാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നത്. ഇ- 20 ഇന്ധനം ഉപയോഗിച്ചതുമൂലം എന്‍ജിന്‍ തകരാറായ ഒരു വാഹന ഉടമയെയെങ്കിലും കാണിക്കാമോ എന്ന വെല്ലുവിളിയും നടത്തി മന്ത്രി. ബ്രസീല്‍, പാരഗ്വേയ്, തായ്‌ലാന്‍ഡ് തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ നിരവധി വര്‍ഷമായി ഈ ഇന്ധനം ഉപയോഗിച്ചുവരുന്നതായും ചൂണ്ടിക്കാട്ടുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത വാഹന ഉടമകള്‍ എന്‍ജിന്‍ തകരാറായ ധാരാളം വാഹനങ്ങള്‍ ഹാജരാക്കാന്‍ സന്നദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.ഈ രണ്ട് വാദങ്ങളും പൂര്‍ണമായി തള്ളിക്കളയാനാകില്ല. പുതിയ വാഹനങ്ങള്‍ ഇ- 20 ഇന്ധനം ഉപയോഗിക്കാനുള്ള ശേഷിയില്‍ നിര്‍മിച്ചതായതിനാല്‍ അത്തരം വാഹനങ്ങള്‍ക്ക് ഇത് ദോഷകരമല്ല. അതേസമയം പഴയ വാഹനങ്ങള്‍ക്ക് ഗുണകരവുമല്ല. എന്‍ജിന്‍ തകരാറുകള്‍, മൈലേജ് കുറവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. 2023ന് മുമ്പ് വിപണിയിലെത്തിയ മിക്ക വാഹനങ്ങളും ഇ- പത്തോ അതിനേക്കള്‍ കുറഞ്ഞതോ എഥനോള്‍ മിശ്രിതം ഉള്‍ക്കൊള്ളാന്‍ പാകത്തിലാണ് തയ്യാറാക്കിയത്. ലോഹങ്ങള്‍ തുരുമ്പെടുക്കാനും റബ്ബര്‍, പ്ലാസ്റ്റിക് ഭാഗങ്ങള്‍ വേഗത്തില്‍ ദ്രവിപ്പിക്കാനും ഇന്ധനത്തിലെ എഥനോള്‍ സാന്നിധ്യം ഇടയാക്കുമെന്ന് മെക്കാനിക് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ശുദ്ധമായ പെട്രോളിനെ അപേക്ഷിച്ച് എഥനോളിന് പ്രവര്‍ത്തനക്ഷമത കുറവായതിനാല്‍ ആറ് മുതല്‍ പത്ത് ശതമാനം വരെ മൈലേജും കുറയും.ഇന്ധന ഇറക്കുമതി കുറച്ച് ഈ രംഗത്തെ സാമ്പത്തിക ഭാരം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്. ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്ത് ആവശ്യമായ ക്രൂഡിന്റെ 88- 90 ശതമാനം വരെ ഇറക്കുമതിയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ചു എണ്ണ ഇറക്കുമതിക്ക് രാജ്യം പ്രതിവര്‍ഷം പത്ത് ലക്ഷം കോടി രൂപയോളം ചെലവിടുന്നുണ്ട്. പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കുന്നതിലൂടെ 35,000 കോടി രൂപയോളം ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല കരിമ്പ്, ചോളം, കേടുവന്ന ധാന്യങ്ങള്‍ തുടങ്ങിയവയില്‍ നിന്നാണ് എഥനോള്‍ ശേഖരിക്കുന്നതെന്നതിനാല്‍ ഇത് കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലക്കും ഗുണം ചെയ്യുമെന്ന വാദവുമുണ്ട്.രാജ്യത്തിന് ഏറെ ഗുണകരമെങ്കിലും പദ്ധതി നടപ്പാക്കുന്നതില്‍ സ്വീകരിച്ച ധൃതിയാണ് പ്രശ്‌നമായത്. എഥനോള്‍ ചേര്‍ക്കാത്തതോ പത്ത് ശതമാനം മാത്രം എഥനോള്‍ ചേര്‍ത്ത ഇന്ധനത്തിന് അനുയോജ്യമോ ആയ രീതിയിലാണ് ഇക്കാലമത്രയും (2023 വരെ) രാജ്യത്ത് വാഹനങ്ങള്‍ നിര്‍മിച്ചത്. ഇപ്പോള്‍ രാജ്യത്തെ നിരത്തുകളില്‍ ഓടുന്ന വാഹനങ്ങള്‍ ബഹുഭൂരിഭാഗവും ഈയിനത്തില്‍പ്പെട്ടതാണ്. ഇന്ധനത്തിന്റെ മിശ്രിതത്തില്‍ പെട്ടെന്നു മാറ്റം വരുത്തുമ്പോള്‍ ഈ വാഹനങ്ങളെല്ലാം എന്തുചെയ്യുമെന്ന ചോദ്യം പ്രസക്തമാണ്.പല രാഷ്ട്രങ്ങളും വാഹനങ്ങളുടെ എന്‍ജിനുകളിലും ഫ്യൂവല്‍ സിസ്റ്റത്തിലും ഘടനാപരമായ മാറ്റങ്ങള്‍ വരുത്താന്‍ വാഹന നിര്‍മാതാക്കള്‍ക്ക് ആവശ്യമായ സമയവും കൃത്യമായ മാനദണ്ഡങ്ങളും നല്‍കിയ ശേഷമാണ് ഉയര്‍ന്ന തോതില്‍ എഥനോള്‍ ചേര്‍ത്ത ഇന്ധനം വിപണിയിലെത്തിച്ചത്. ലോകത്ത് ഏറ്റവും ഫലപ്രദമായ രീതിയില്‍ എഥനോള്‍ നയം നടപ്പാക്കിയ രാജ്യമാണ് ബ്രസീല്‍. ഇന്നവിടെ 27 ശതമാനം മുതല്‍ നൂറ് ശതമാനം വരെ എഥനോളില്‍ ഓടുന്ന വാഹനങ്ങളുണ്ട്. 40 വര്‍ഷം നീണ്ട ഘട്ടംഘട്ടമായുളള പരിഷ്‌കരണങ്ങളിലൂടെയാണ് അവര്‍ ഇത് നടപ്പാക്കിയത്.അമേരിക്കയില്‍ എഥനോള്‍ മിശ്രിത ഇന്ധനം ഉപയോഗിക്കാവുന്ന വിധം എന്‍ജിനുകളില്‍ മാറ്റം വരുത്തിയ വാഹനങ്ങള്‍ക്കേ മിശ്രിത ഇന്ധനം ഉപയോഗിക്കാന്‍ നിയമപരമായി അനുമതിയുള്ളൂ. പഴയ വാഹനള്‍ക്കായി സാധാരണ പെട്രോള്‍ വില്‍ക്കുന്ന പമ്പുകള്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. ഉപഭോക്താവിന് എഥനോള്‍ മിശ്രിത ഇന്ധനവും അല്ലാത്തതും യഥേഷ്ടം സ്വീകരിക്കാനുള്ള സൗകര്യം നിലനിര്‍ത്തിയപ്പോള്‍, ഇന്ത്യയില്‍ പല പ്രദേശങ്ങളിലും ഇ-20 ഇന്ധനം മാത്രമാണ് ലഭ്യമാകുന്നത്. ബ്രസീല്‍ നടപ്പാക്കിയ പോലെ ഘട്ടംഘട്ടമായും ഉപഭോക്താക്കള്‍ക്ക് ശരിയായി ബോധവത്കരണം നല്‍കിയുമാണ് ഇത്തരം പരിഷ്‌കരണം നടപ്പാക്കേണ്ടത്. ഇന്ധന മേഖലയില്‍ രാജ്യം വഹിക്കുന്ന ഭീമമായ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരേണ്ടത് അനിവാര്യമാണെന്നതില്‍ സന്ദേഹമില്ല. അതുപക്ഷേ ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുന്ന തരത്തിലാകരുത്. ജനങ്ങളെ ബോധവത്കരിക്കാതെയും വിശ്വാസത്തിലെടുക്കാതെയും നടപ്പാക്കുന്ന നയങ്ങളും പദ്ധതികളും വിവാദവും പ്രതിഷേധവും ക്ഷണിച്ചുവരുത്തുക സ്വാഭാവികം. Content Highlights:The central government’s move to mandate E20 fuel has sparked intense debate regarding vehicle engine durability. An ARAI study warns that ethanol blends can corrode rubber parts and reduce mileage in older cars. Minister Nitin Gadkari defended the policy, citing huge crude oil import savings.