കഴിഞ്ഞ മാസമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ സമയത്ത് കുട്ടിയെ പുറത്തെടുക്കുമ്പോഴുണ്ടായ അനാസ്ഥ മൂലം നവജാത ശിശുവിന്റെ വലതു കൈയിലെ എല്ല് പൊട്ടിയതും പരിഹാരമെന്നോണമിട്ട പ്ലാസ്റ്റർ ഊരിപ്പോയതും. ദിവസങ്ങൾക്ക് ശേഷമാണ്, പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിന് ബൈക്ക് അപകടത്തെ തുടര്‍ന്ന് കാലില്‍ ശസ്ത്രക്രിയ നടത്തി കമ്പിയിട്ടതും ഐ സി യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയ രോഗിയുടെ മുറിവ് അഞ്ച് ദിവസത്തോളം ഡ്രസ്സ് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് പുഴുവരിച്ചതും. പറഞ്ഞുവരുന്നത് ഭരണകക്ഷി ഏതായാലും തുടരുന്ന ആരോഗ്യരംഗത്തെ വന്‍വീഴ്ചകളെ കുറിച്ചാണ്. 2021ല്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ നടന്ന ഗര്‍ഭപാത്ര ശസ്ത്രക്രിയക്കിടെ, വയറ്റില്‍ മറന്നുവെച്ച ആര്‍ട്ടറി ഫോഴ്സപ്‌സ് (ശസ്ത്രക്രിയാ ഉപകരണം) അഞ്ച് വര്‍ഷത്തിന് ശേഷം കണ്ടെത്തിയ സംഭവം ഓര്‍ക്കുന്നില്ലേ? ശസ്ത്രക്രിയക്ക് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ട ഉഷ ജോസഫ് പലതവണ ആശുപത്രിയിലെത്തിയിട്ടും അധികൃതര്‍ അവഗണിക്കുകയായിരുന്നു. വേദന തുടര്‍ന്നതോടെ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് വയറ്റില്‍ ഉപകരണം കുടുങ്ങിക്കിടക്കുന്നത് എക്‌സ്റേയിലൂടെ വ്യക്തമായത്.2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയെന്ന യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവവും മറക്കാനിടയില്ല. അഞ്ച് വര്‍ഷത്തോളം കടുത്ത വേദന അനുഭവിച്ച ഹര്‍ഷിനയുടെ പോരാട്ടം വലിയ വാര്‍ത്തയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശന്‍ പറഞ്ഞത് “കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണ്’ എന്നാണ്. എന്നാല്‍, അമിതാക്ഷേപ സ്വരമുയര്‍ത്തിയവര്‍ക്ക് അധികാരം ലഭിച്ചിട്ടും ആരോഗ്യരംഗത്തെ വീഴ്ചകള്‍ തുടര്‍ക്കഥയായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇതിനൊരു ശാശ്വത പരിഹാരമില്ലേ? ഭരിക്കാന്‍ തുടങ്ങിയിട്ട് കുറഞ്ഞ ദിവസങ്ങളേ ആയുള്ളൂ എന്നാണ് മറുപടിയെങ്കില്‍, വീഴ്ചകളെ കുറിച്ച് പഠനം ആരംഭിച്ചിട്ടുണ്ടോ? അതല്ല, “എരണംകെട്ടവർ ഭരിക്കുന്നതാണ് കാരണ’മെന്ന് ഇപ്പോഴും പറയുമോ?സുരക്ഷാ പ്രോട്ടോക്കോള്‍ വീഴ്ചശസ്ത്രക്രിയ നടത്തുമ്പോഴുള്ള കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലുള്ള അലംഭാവമാണ് പലപ്പോഴും അപകടങ്ങളിലേക്ക് നയിക്കുന്നത്. ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുത്ത സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്് ലിസ്റ്റ് ഇന്ന് എല്ലാ ഓപറേഷന്‍ തിയേറ്ററുകളിലും നിര്‍ബന്ധമാണ്. ശസ്ത്രക്രിയക്ക് മുമ്പ് രോഗിയെയും ശസ്ത്രക്രിയ ഏതാണെന്നും ഉറപ്പുവരുത്തുന്ന “സൈന്‍ ഇന്‍’, മുറിവ് ഉണ്ടാക്കുന്നതിന് തൊട്ടുമുമ്പ് ടീം അംഗങ്ങള്‍ പരസ്പരം പരിചയപ്പെടുകയും ഉപകരണങ്ങള്‍ കൃത്യമാണോ എന്ന് പരിശോധിക്കുകയും ചെയ്യുന്ന “ടൈം ഔട്ട്’, ഉപയോഗിച്ച കത്രികകള്‍, സൂചികള്‍, കോട്ടണ്‍ തുണികള്‍ എന്നിവയുടെ എണ്ണം കൃത്യമാണോ എന്ന് മുറിവ് തുന്നിക്കെട്ടുന്നതിന് മുമ്പ് ഉറപ്പുവരുത്തുന്ന “സൈന്‍ ഔട്ട്’ തുടങ്ങിയ മൂന്ന് ഘട്ടങ്ങളാണ് ഇതിന്റെ പരിധിയില്‍ വരുന്നത്.എന്നാല്‍, സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക് ലിസ്റ്റിനെ പല സ്വകാര്യ ആശുപത്രികളും ചടങ്ങ് മാത്രമായാണ് കാണുന്നത്. തിരക്കിനിടയില്‍ ഇത് കൃത്യമായി പൂരിപ്പിക്കുന്നതില്‍ അധികൃതര്‍ ശ്രദ്ധചെലുത്താറില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതുണ്ടെന്നതില്‍ പോലും സംശയമാണ്. രണ്ട് വര്‍ഷം മുമ്പ്, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൈയിലെ ആറാമത്തെ വിരല്‍ നീക്കംചെയ്യാനെത്തിയ നാല് വയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയത് നമുക്കറിയാം. സൈന്‍ ഇന്‍ ഘട്ടത്തില്‍ വരുത്തിയ വീഴ്ചയുടെ ഫലമാണത്. ഇടതു കാല്‍മുട്ടിന്റെ ശസ്ത്രക്രിയക്കായെത്തിയ കൊല്ലം സ്വദേശിനി സജ്‌നയുടെ വലതുകാല്‍ ശസ്ത്രക്രിയ നടത്തിയതും “സൈന്‍ ഇന്‍’ വീഴ്ചയില്‍പ്പെടും. വയറ്റില്‍ ഓപറേഷന്‍ ടൂളുകള്‍ മറന്നുവെച്ച കേസുകളില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ആശയവിനിമയത്തിന്റെ അഭാവവും ശസ്ത്രക്രിയക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍, സൂചികള്‍, തുണികള്‍ എന്നിവയുടെ എണ്ണം കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതില്‍ സംഭവിച്ച വീഴ്ചയുമാണ് പ്രശ്‌നം.അമിത ജോലിഭാരം, സമ്മര്‍ദംമെഡിക്കല്‍ കോളജുകളിലെ അമിത ജോലിഭാരവും സമ്മര്‍ദവും മറ്റൊരു കാരണമാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തില്‍ ഒരു ദിവസം ഒ പിയിലെത്തുന്ന രോഗികളുടെ എണ്ണം ശരാശരി 300 മുതല്‍ 500 വരെയാണ്. ഡോക്ടര്‍ക്ക് ഒരു രോഗിയെ പരിശോധിക്കാന്‍ ലഭിക്കുന്നതാകട്ടെ രണ്ട് മുതല്‍ മൂന്ന് മിനുട്ട് മാത്രം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോള ശരാശരി 15 മിനുട്ട് ആണ്. പക്ഷേ, രോഗി- ഡോക്ടര്‍ അനുപാതത്തിലെ വലിയ അന്തരം അതിന് തടസ്സമാകുന്നു. ലോകാരോഗ്യ സംഘടന വിഭാവന ചെയ്യുന്ന രോഗി- നഴ്‌സ്- ഡോക്ടര്‍ അനുപാതം ആരോഗ്യ സംവിധാനത്തിന്റെ ഗുണനിലവാരം അളക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡമാണ്. 1,000 ആളുകള്‍ക്ക് ഒരു ഡോക്ടര്‍ എന്ന അനുപാതം മറികടന്ന് 1000: 1. 5 എന്ന നിലയിലേക്ക് കേരളത്തിലെ ആരോഗ്യരംഗം കുതിച്ചിട്ടുണ്ടെങ്കിലും മെഡിക്കല്‍ കോളജുകളില്‍ എത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമാണ്.ഒരു ഗൈനക്കോളജി സര്‍ജന്‍ ഒരു ദിവസം പത്ത് മുതല്‍ 15 മേജര്‍ ശസ്ത്രക്രിയകള്‍ വരെ ചെയ്യേണ്ടി വരുന്നുണ്ട്. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം നഴ്‌സും രോഗിയും തമ്മിലുള്ള അനുപാതം, തീവ്രപരിചരണ വിഭാഗത്തില്‍ 1:1ഉം ഓപറേഷന്‍ തിയേറ്ററില്‍ 2:1 ഉം ആണ്. ജനറല്‍ വാര്‍ഡുകളില്‍ ആറ് രോഗിക്ക് ഒരു നഴ്‌സ് എന്നിങ്ങനെയുമാണ്. പക്ഷേ, പലപ്പോഴും 15 രോഗിക്ക് ഒന്ന് അല്ലെങ്കില്‍, 20 രോഗിക്ക് ഒന്ന് എന്ന അനുപാതത്തിലാണ് ജനറല്‍ വാര്‍ഡുകളില്‍ നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്. രോഗിക്ക് നല്‍കുന്ന മരുന്നുകളുടെ അളവില്‍ വരുന്ന മാറ്റം ഇതിന്റെ പ്രത്യാഘാതങ്ങളില്‍പ്പെട്ടതാണ്.ശസ്ത്രക്രിയ വിജയകരമായും സുരക്ഷിതമായും പൂര്‍ത്തിയാക്കുന്നതിന് ലോകാരോഗ്യ സംഘടനയും മെഡിക്കല്‍ കൗണ്‍സിലുകളും നിര്‍ദേശിക്കുന്ന ഘടനയുണ്ട്. അതനുസരിച്ച് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുന്നത് ചീഫ് സര്‍ജനാണ്. രോഗനിര്‍ണയം നടത്തുന്നതും ശസ്ത്രക്രിയയിലെ നിര്‍ണായക തീരുമാനമെടുക്കുന്നതും ഇദ്ദേഹമാണ്. സര്‍ജനെ സഹായിക്കാനായി ഒന്നോ രണ്ടോ അസ്സിസ്റ്റന്റ്്സര്‍ജന്മാര്‍ കൂടെയുണ്ടാകും. മുറിവ് ഉണങ്ങാനായി തുന്നിക്കെട്ടുന്നതും രക്തസ്രാവം നിയന്ത്രിക്കാന്‍ സഹായിക്കുന്നതും ഇവരാണ്. ഉപകരണങ്ങള്‍ കൃത്യമായി അണുവിമുക്തമാക്കി ഡോക്ടര്‍ക്ക് കൈമാറുന്ന സ്‌ക്രബ് നഴ്‌സ് ആണ് ടീമിലെ മറ്റൊരു പ്രധാനി. ശസ്ത്രക്രിയക്ക് മുമ്പും ശേഷവും ഉപകരണങ്ങളും തുണികളും എണ്ണിത്തിട്ടപ്പെടുത്തേണ്ട വലിയ ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്. ഇവര്‍ക്ക് പുറമെ, രോഗിയുടെ ബോധം മറയ്ക്കാനും ശസ്ത്രക്രിയയിലുടനീളം ഹൃദയമിടിപ്പും ശ്വസനവും നിരീക്ഷിക്കാനുമായി ഒരു അനസ്‌തേഷ്യോളജിസ്റ്റ് ഉണ്ടാകും. ഇദ്ദേഹത്തെ സഹായിക്കാന്‍ മയക്കാനുള്ള മരുന്ന് നല്‍കുന്നതിലും മറ്റും വൈദഗ്ധ്യമുള്ള ഒരു അനസ്‌തേഷ്യ അസ്സിസ്റ്റന്റുമുണ്ടാകും.ഓപറേഷന്‍ തിയേറ്ററിനുള്ളില്‍ അണുവിമുക്തമല്ലാത്ത മേഖലയില്‍ നിന്നുകൊണ്ട് ആവശ്യമായ മരുന്നുകളും അധിക ഉപകരണങ്ങളും എത്തിച്ചുനല്‍കുന്ന വ്യക്തിയാണ് സര്‍ക്കുലേറ്റിംഗ് നഴ്‌സ്. ശസ്ത്രക്രിയയുടെ ഓരോ ഘട്ടവും രേഖപ്പെടുത്തുന്നതും സുരക്ഷാ പരിശോധനകള്‍ ഉറപ്പുവരുത്തുന്നതും ഇദ്ദേഹമാണ്. ഈ രീതിയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘം ഒരുപോലെ ശ്രദ്ധാലുക്കളായാല്‍ മാത്രമേ ഉഷയുടെയും ഹര്‍ഷിനയുടെയും കേസില്‍ സംഭവിച്ചതുപോലുള്ള ഗുരുതര വീഴ്ചകള്‍ ഒഴിവാക്കാന്‍ സാധിക്കൂ.പക്ഷേ, ജീവനക്കാരുടെ കുറവ് മൂലം ഒരു ഡോക്ടറോ ഒരു നഴ്‌സോ ഒന്നിലധികം ഉത്തരവാദിത്വങ്ങള്‍ ഏല്‍ക്കേണ്ടി വരുന്ന സാഹചര്യം നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സാധാരണയാണ്. കൂടാതെ, സര്‍ജന്‍, അനസ്‌തേഷ്യോളജിസ്റ്റ്, നഴ്‌സുമാര്‍ എന്നിവര്‍ക്കിടയില്‍ വ്യക്തമായ ആശയവിനിമയം നടക്കാതെ പോകുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഉദാഹരണത്തിന്, ശസ്ത്രക്രിയക്കിടെ ഒരു ഉപകരണം ഉപയോഗിച്ച ശേഷം അത് തിരികെ എടുത്തോ എന്ന കാര്യത്തില്‍ സര്‍ജനും സ്‌ക്രബ് നഴ്‌സും തമ്മില്‍ കൃത്യമായ ധാരണയുണ്ടാകണം.നഴ്‌സ് നല്‍കുന്ന ഉപകരണങ്ങളുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ജന്‍ ശ്രദ്ധിക്കാതിരിക്കുകയോ അല്ലെങ്കില്‍, ഉപകരണങ്ങള്‍ കുറവാണെന്ന കാര്യം സര്‍ജനെ അറിയിക്കാന്‍ നഴ്‌സ് മടിക്കുകയോ ചെയ്യുന്നത് വലിയ വീഴ്ചകളിലേക്ക് നയിക്കുന്നു.ഇത്തരത്തിലുള്ള ആശയവിനിമയ തടസ്സങ്ങള്‍ പ്രധാനമായും ഉണ്ടാകുന്നത് “ഹൈറാര്‍ക്കി’ അഥവാ മേല്‍ക്കോയ്മ നിലനില്‍ക്കുന്ന അന്തരീക്ഷത്തിലാണ്. സീനിയര്‍ ഡോക്ടര്‍മാരുടെ മുമ്പില്‍ തങ്ങളുടെ സംശയങ്ങളോ പിഴവുകളോ തുറന്നുപറയാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കോ നഴ്‌സുമാര്‍ക്കോ ഉള്ള പേടിയും മടിയും ഇതിന് പിന്നിലുണ്ട്. ശസ്ത്രക്രിയയുടെ ഓരോ ഘട്ടത്തിലും “ടൈം ഔട്ട്’ പോലുള്ള സുരക്ഷാ സംഭാഷണങ്ങള്‍ കൃത്യമായി നടക്കാത്തത് ഉപകരണങ്ങള്‍ ശരീരത്തിനുള്ളില്‍ മറന്നുവെക്കാനും ശസ്ത്രക്രിയയുടെ ഭാഗം മാറിപ്പോകാനും ഇടയാക്കുന്നു. ഒരു ടീം എന്ന നിലയില്‍ പരസ്പരം ചോദ്യംചെയ്യാനും വിവരങ്ങള്‍ പങ്കുവെക്കാനുമുള്ള അന്തരീക്ഷം ഇല്ലാതാകുമ്പോള്‍ ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ മാത്രം ഒതുങ്ങുകയും മൊത്തത്തിലുള്ള സുരക്ഷ അവഗണിക്കപ്പെടുകയും ചെയ്യുന്നു.സാങ്കേതികവിദ്യശസ്ത്രക്രിയ ഉപകരണങ്ങളിലും കോട്ടണ്‍ തുണികളിലും ഘടിപ്പിക്കാവുന്ന ആര്‍ എഫ് ഐ ഡി ചിപ്പുകളും ബാര്‍കോഡ് സ്‌കാനിംഗ് സിസ്റ്റവും ഇന്ന് വികസിത രാജ്യങ്ങളില്‍ ഉപയോഗിച്ചുവരുന്നു. മുറിവ് തുന്നിക്കെട്ടുന്നതിന് മുമ്പ് സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കുന്നതിലൂടെ ഉപകരണങ്ങള്‍ ഉള്ളില്‍ മറന്നുവെച്ചിട്ടില്ലെന്ന് ഉറപ്പാക്കാനാകും. ഇതിന് പുറമെ, ഉപകരണങ്ങള്‍ എടുത്താല്‍ തത്സമയം വിവരം നല്‍കുന്ന സ്മാര്‍ട്ട് ഇന്‍സ്ട്രുമെന്റ്്ട്രേകളും ശസ്ത്രക്രിയയുടെ ഓരോ ഘട്ടവും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സഹായിക്കുന്ന റോബോട്ടിക് സര്‍ജറി സംവിധാനങ്ങളും മനുഷ്യസഹജമായ അശ്രദ്ധകള്‍ക്ക് തടയിടാന്‍ സഹായിക്കും. കൂടാതെ, രേഖകളിലെ കൃത്രിമം ഒഴിവാക്കാന്‍ ഡിജിറ്റല്‍ ചെക്ക് ലിസ്റ്റ് ആപ്പുകള്‍ സഹായിക്കുമ്പോള്‍, ശസ്ത്രക്രിയക്കിടെ തന്നെ എക്‌സ്റേ എടുക്കാന്‍ കഴിയുന്ന ഇന്‍ട്രാ- ഓപറേറ്റീവ് ഇമേജിംഗ് സംവിധാനങ്ങള്‍ സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ ലളിതമാക്കുന്നു. ഇത്തരം സാങ്കേതികവിദ്യകള്‍ ഏകോപിപ്പിച്ച് ഉപയോഗിക്കുന്നത് വഴി ശസ്ത്രക്രിയകളില്‍ സംഭവിക്കുന്ന അശ്രദ്ധകള്‍ പൂര്‍ണമായും ഒഴിവാക്കാവുന്നതാണ്. Content Highlights:Recent incidents of medical negligence in Kerala government hospitals have raised serious concerns about patient safety protocols. Lapses such as leaving surgical instruments inside patients and wrong-site surgeries are often caused by the non-compliance of the WHO Surgical Safety Checklist. Overburdened healthcare professionals and hierarchical communication barriers further aggravate these systemic failures in the medical sector.