ബ്രിട്ടീഷുകാരുടെ കിരാത ഭരണത്തിനും അടിച്ചമ‍ർത്തലുകൾക്കുമെതിരെ പട നയിച്ച സാന്താൾ പോരാളികളുടെ രക്ഷസാക്ഷിത്വത്തിന്റെ ഓർമ്മ പുതുക്കൽ. തങ്ങളുടെ മണ്ണും അവകാശങ്ങളും സംരക്ഷിക്കാൻ ഒരു ജനത നടത്തിയ ഈ പോരാട്ടം ചരിത്രത്തിൽ ഹൂൽ കലാപമെന്ന പേരിൽ എഴുതി ചേർക്കപ്പെട്ടു.കൊളോണിയൽ ശക്തികൾക്കെതിരായി മാത്രം നടത്തിയ ഒരു പോരാട്ടം ആയിരുന്നില്ല അത്. ഒറ്റുക്കാശ് വാങ്ങി ഒരു ജനതയെ ഇല്ലാതാക്കാൻ ശ്രമിച്ച ഹിന്ദുത്വ ശക്തികളും ജമീന്ദ‍ാർമാരും അടങ്ങുന്ന വർഗവഞ്ചകർക്കുമെതിരെ നടത്തിയ പോരാട്ടമായിരുന്നു സാന്താൾ കലാപം.കൊളോണിയലിസത്തിന്റെ ചങ്ങലകളിൽ നിന്നും നാടുവാഴിത്ത ജന്മിത്വശക്തികളിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുക എന്നതായിരുന്നു കലാപത്തിന്റെ അത്യന്തിക ലക്ഷ്യം. അക്കാലത്ത് ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്ന പ്രദേശങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ട സാന്താൾ ജനതയെ ജാർഖണ്ഡിലെ ചില പ്രദേശങ്ങളിൽ താമസവും തൊഴിലും നൽകി പുനരധിവസിപ്പിച്ചു. എന്നാൽ, ഇത് ഇവരുടെ മേലുള്ള കൊള്ളയും അക്രമവും വർദ്ധിപ്പിച്ചതേയുള്ളൂ.ഒടുവിൽ അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയാൻ ആ ജനത തീരുമാനിച്ചു. അടിച്ചമർത്തൽ ഭരണത്തിനെതിരെ സാന്താൾ സഹോദരങ്ങളായ സിദ്ധുവിന്റെയും കൻഹു മുർമുവിന്റെയും നേതൃത്വത്തിൽ ആയിരക്കണക്കിന് ആദിവാസികൾ വിമോചന സമരം ആരംഭിച്ചു. ഈ വിപ്ലവത്തിന്റെ ചരിത്രത്തിലെ വഴിത്തിരിവാണ് ജൂലൈ 7.അമ്പും വില്ലുമേന്തി വന്ന വിപ്ലവകാരികളെ തോക്കുമേന്തി നേരിടുകയായിരുന്നു ബ്രിട്ടീഷുകാർ ചെയ്തത്. ഈ സമരത്തിൽ 15000ലധികം സാന്താൾ ജനതയാണ് രക്തസാക്ഷിത്വം വരിച്ചത്. ഈ പോരാട്ടത്തെ നേരിടാൻ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഒത്താശയോടെ ദിഘി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ഇവർക്കടുത്തേക്ക് പാഞ്ഞടുത്തു. എന്നാൽ, സന്താൾ ജനത ഈ ആക്രമണത്തെ ധീരമായി നേരിട്ടു. ദിവസങ്ങൾക്കകം കലാപം പ്രദേശമാകെ വ്യാപിച്ചു.നാടോടി ഗോറില്ലാ യുദ്ധമുറകളിലൂടെ അവർ ബ്രിട്ടീഷുകാരെ തങ്ങളുടെ ജനതയിൽ നിന്ന് ആട്ടിയോടിച്ചു. പക്ഷേ സാന്താളുകളുടെ പോരാട്ടത്തെ അവ‍‍ർ ആധുനിക ആയുധങ്ങളുമായി നേരിട്ടു. ഒടുവിൽ അവസാന സാന്താൾ പോരാളിയേയും ബ്രിട്ടീഷുകാർ വെടിവച്ചു വീഴ്ത്തി.സന്താൾ കലാപം രക്തപങ്കിലമായിരുന്നെങ്കിലും അവർ ജീവൻ നൽകിയ വിപ്ലവം ആളിക്കത്തി. ആ പോരാട്ടത്തിന്റെ ഫലമായാണ് 1876ൽ സന്താൾ പർഗാന ടെനൻസ് ആക്ട് നടപ്പിലാക്കാൻ ബ്രിട്ടീഷുകാർ നിർബന്ധിതരായത്. ആദിവാസികൾ അല്ലാത്തവർക്ക് ആദിവാസി കൈമാറുന്നത് ഈ നിയമം വിലക്കി. ഇന്നും ജാർഖണ്ഡിലെ വിപുലമായ വനമേഖലയിൽ കൊള്ളയടിക്കാൻ തക്കം പാർത്തിരിക്കുന്ന കോർപ്പറേറ്റുകൾക്ക് ഈ നിയമം ഇപ്പോഴും ഒരു പേടിസ്വപ്നമാണ്.കോർപ്പറേറ്റുകൾക്ക് വേണ്ടി ആദിവാസി നിയമം മാറ്റിയെഴുതാൻ ശ്രമിക്കുന്ന ഭരണകൂടത്തിനെ മുഷ്ടി ചുരുട്ടി നേരിട്ട സാന്താൾ ജനതയുടെ രക്ഷസാക്ഷിത്വത്തിന്റെ കരുത്തിൽ ഇന്നും ജാർഖണ്ഡിലെ ഈ വിപ്ലവ പ്രസ്ഥാനം സമരമുഖത്തുണ്ട്.The post നാടുവാഴിത്ത കോട്ടകളെ തച്ചുടച്ച ഗോത്രജനത; സാന്താളുകളുടെ ചെറുത്തുനിൽപ്പിന്റെ ഓർമ്മപുതുക്കൽ appeared first on Kairali News | Kairali News Live.