അനേകർക്ക് ആരോഗ്യവും സൗഖ്യവും പകർന്നുനൽകിയ ഭിഷഗ്വരൻ, ആശ്രയമറ്റവർക്ക് വിദ്യാഭ്യാസത്തിന്റെ വെളിച്ചമേകിയ വഴികാട്ടി—വിശേഷണങ്ങൾക്കപ്പുറം വളർന്ന സമാനതകളില്ലാത്ത ഒരു മഹദ്‌വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. തന്റെ മുന്നിലെത്തുന്നവർക്ക് മാത്രമല്ല, സഹായം ആവശ്യമുള്ളവരെ തേടിച്ചെന്ന് സഹായിക്കാൻ സദ്മനസ്സ് കാണിച്ച കരുണാർദ്രനായ മനുഷ്യനായിരുന്നു അദ്ദേഹം. ബഹ്റൈനികൾക്കും പ്രവാസി മലയാളി സമൂഹം ഉൾപ്പെടെയുള്ള ഭാരതീയർക്കും മാത്രമല്ല, വിദേശികളായ നിരവധി പേർക്കും അദ്ദേഹം ഒരുപോലെ പ്രിയങ്കരനായ സുഹൃത്തായിരുന്നു. യാതൊരുവിധ വേർതിരിവുകളുമില്ലാതെ എല്ലാവരെയും നെഞ്ചോട് ചേർത്തുപിടിക്കാനും, അവർക്കൊപ്പം നിന്ന് പ്രവർത്തിക്കാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. വ്യക്തിപരമായി, അദ്ദേഹവുമായി ഏകദേശം നാല് പതിറ്റാണ്ടുകാലത്തെ ആഴമേറിയ സ്നേഹസൗഹൃദമാണ് എനിക്കുണ്ടായിരുന്നത്.ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിന് ഇന്നത്തെ ആധുനിക മുഖച്ഛായ നൽകിയവരിൽ പ്രഥമസ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. സ്കൂളിന്റെ വളർച്ചയ്ക്കായി അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രതാളുകളിൽ രേഖപ്പെടുത്തപ്പെട്ടവയാണ്. പലവിധത്തിലുള്ള എതിർപ്പുകളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട്, സിത്രയിൽ ഇന്ത്യൻ സ്കൂളിനായി ഒരു പുതിയ ക്യാമ്പസ് എന്ന ആശയം അദ്ദേഹം യാഥാർത്ഥ്യമാക്കി. 1500-ലധികം കുട്ടികൾക്ക് പുതുതായി പ്രവേശനം നേടിക്കൊടുക്കാൻ ഈ ചരിത്രപരമായ തീരുമാനം വഴിയൊരുക്കി. അതുവരെ രണ്ട് ഷിഫ്റ്റുകളായി പ്രവർത്തിച്ചിരുന്ന സ്കൂളിനെ ഏക ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് മാറ്റിയതും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലായിരുന്നു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രക്ഷിതാക്കളുടെ മക്കൾക്ക് ഫീസിളവ് നൽകുന്നതിനായി അദ്ദേഹം തുടക്കമിട്ട ‘ഇന്ത്യൻ സ്കൂൾ ഫെയർ’ (Indian School Fair) ഏറെ ജനകീയമായിരുന്നു. വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിലും അദ്ദേഹം എപ്പോഴും മുൻപന്തിയിലായിരുന്നു. 1992-ൽ ഇന്ത്യൻ സ്കൂളിൽ കമ്പ്യൂട്ടർ ലിറ്ററസി പ്രോഗ്രാം (CLP) ആരംഭിച്ചത് അക്കാലത്ത് ബഹ്റൈനിൽ തികച്ചും വിപ്ലവകരമായ ഒരു ചുവടുവെപ്പായിരുന്നു. കൂടാതെ, മുതിർന്ന ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ബ്ലേസറും നെക് ടൈയും നിർബന്ധമാക്കിയതും, സ്കൂൾ ബാൻഡ് രൂപീകരിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. 1980-ന് ശേഷം ഇസ ടൗൺ ക്യാമ്പസിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ‘രാജേന്ദ്രപ്രസാദ് ബ്ലോക്ക്’ എന്ന പുതിയ സ്കൂൾ കെട്ടിടം പണികഴിപ്പിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.ഇന്ത്യൻ സ്കൂളിന്റെ ‘കമ്മ്യൂണിറ്റി ഐഡന്റിറ്റി’ അഥവാ പൊതുസമൂഹത്തിന്റെ സ്വഭാവം അതേപടി നിലനിർത്താൻ അദ്ദേഹം നടത്തിയ പോരാട്ടം എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായിരുന്നില്ലെങ്കിൽ, ചില വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ സ്ഥാപനമായി ഈ കലാലയം മാറുമായിരുന്നു.ആദ്യകാലങ്ങളിൽ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രം അദ്ദേഹത്തിന്റെ വസതിയായിരുന്നു. ഒരു രക്ഷിതാവ് ആകുന്നതിന് മുൻപുള്ള കാലം തൊട്ടും, പിന്നീട് രക്ഷിതാവായ ശേഷവും അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ആ അനുഭവങ്ങൾ പിൽക്കാല പൊതുപ്രവർത്തനത്തിൽ എനിക്ക് ഏറെ ഗുണകരമായി. ബഹ്റൈൻ മെഡിക്കൽ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ആദ്യ വിദേശി എന്ന ബഹുമതിയും അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്.രോഗികൾക്ക് വലിയൊരു ആശ്വാസകേന്ദ്രമായിരുന്നു അദ്ദേഹം. രോഗം ചെറുതോ വലുതോ ആകട്ടെ, അവരെ മികച്ച കൺസൾട്ടന്റുമാരുടെ അരികിലെത്തിക്കാനും, കാര്യങ്ങൾ ലളിതമായി മനസ്സിലാക്കിക്കൊടുക്കാനും അദ്ദേഹം യാതൊരു മടിയും കാണിച്ചില്ല. താൻ പ്രവർത്തിച്ച മേഖലകളിൽ അനേകർക്ക് തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്നതിനായി, ഉന്നതാധികാരികളെ കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെടുത്തി അദ്ദേഹം നടത്തിയ അശ്രാന്തപരിശ്രമങ്ങളുടെ ഫലമായി ജോലി ലഭിച്ചവർ ഇന്നും ഒട്ടനവധിയാണ്.‘സി.സി.ഐ.എ’ (CCIA) ചെയർമാൻ എന്ന നിലയിലും പുതുമയാർന്ന നിരവധി ആശയങ്ങൾ അദ്ദേഹം നടപ്പിലാക്കി. ഇന്ന് നാം ബഹ്റൈനിൽ കാണുന്ന മെഡിക്കൽ ക്യാമ്പുകൾക്കും രക്തദാന പരിപാടികൾക്കും തുടക്കമിടുന്നതിൽ അദ്ദേഹത്തിന്റെ സഹായവും അകമഴിഞ്ഞ പിന്തുണയും വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.ആ വലിയ മനുഷ്യന്റെ വേർപാടിൽ പ്രവാസി സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഈ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം, ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.പ്രാർത്ഥനയോടെ, നിറകണ്ണുകളുമായി…എബ്രഹാം ജോൺThe post അനേകർക്ക് സൗഖ്യവും ആശ്രയമറ്റവർക്ക് വിദ്യാഭ്യാസവും നൽകിയ അതുല്യ വ്യക്തിത്വം; ഡോ. പി വി ചെറിയാനെ അനുസ്മരിച്ച് ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.