Nissan Tekton vs Renault Duster | ഒരേ പ്ലാറ്റ്‌ഫോമിൽ നിർമിച്ച പുത്തൻ മിഡ്‌ എസ്‌യുവികൾ തമ്മിൽ വ്യത്യാസങ്ങൾ എന്തെല്ലാം?

Wait 5 sec.

ഒരേ പ്ലാറ്റ്‌ഫോമിൽ നിർമിച്ച പുത്തൻ മിഡ്‌സൈസ് എസ്‌യുവി (Midsize SUV) മോഡലുകളായ നിസ്സാൻ ടെക്ടണും റെനോ ഡസ്റ്ററും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ പുറത്തുവിട്ടു. രൂപകൽപ്പനയിലും ഫീച്ചറുകളിലും വ്യത്യസ്തമായ വ്യക്തിത്വം പുലർത്തുന്ന ഈ രണ്ട് വാഹനങ്ങളും ഇന്ത്യൻ വിപണിയിൽ കടുത്ത മത്സരത്തിനാണ് ഒരുങ്ങുന്നത്. ഒരേ എഞ്ചിൻ ഓപ്ഷനുകളും സമാനമായ ഫീച്ചറുകളും പങ്കിടുമ്പോഴും ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ യാത്രാനുഭവം സമ്മാനിക്കാൻ ഇരു ബ്രാൻഡുകളും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അടിസ്ഥാന വേരിയന്റുകൾക്ക് 10.49 ലക്ഷം രൂപയിൽ ആരംഭിച്ച് തുല്യമായ വില നിലവാരമാണ് ഇരു മോഡലുകൾക്കുമുള്ളത്. എന്നാൽ ഉയർന്ന വേരിയന്റുകളിൽ ചെറിയ നിരക്കിലുള്ള വ്യത്യാസങ്ങൾ കാണാം.ഡിസൈനിന്റെ കാര്യത്തിൽ നിസ്സാന്റെ ജനപ്രിയ ആഗോള മോഡലായ പട്രോളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ടെക്ടൺ എസ്‌യുവി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനാൽ കൂടുതൽ ചതുരാകൃതിയിലുള്ള മസ്‌കുലർ ലുക്ക് ഈ വാഹനത്തിനുണ്ട്. നേർത്ത എൽ ഇ ഡി ഹെഡ്‌ലാമ്പുകൾ, ഫുൾ വിഡ്‌ത് ലൈറ്റ് ബാർ, മുൻവശത്തെ ഗ്രില്ലിൽ നൽകിയിരിക്കുന്ന ചുവന്ന സ്ട്രിപ്പ് എന്നിവ ടെക്ടണിന്റെ പ്രത്യേകതയാണ്. എന്നാൽ റെനോ ഡസ്റ്റർ അതിന്റെ പരമ്പരാഗതമായ റഗ്ഗ്ഡ് ലുക്ക് നിലനിർത്തിക്കൊണ്ടാണ് എത്തുന്നത്. വശങ്ങളിൽ ഇരു വാഹനങ്ങൾക്കും 18 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുമെങ്കിലും വ്യത്യസ്തമായ ഡിസൈനാണ് നൽകിയിട്ടുള്ളത്. ടെക്ടണിന് സി ഷേപ്പ് എൽ ഇ ഡി ടെയിൽ ലാമ്പുകൾ ലഭിക്കുമ്പോൾ ഡസ്റ്ററിന് ട്രയാംഗുലർ ആകൃതിയിലുള്ള ടെയിൽ ലാമ്പുകളാണ് പിന്നിലുള്ളത്.ക്യാബിനകത്തെ ലേഔട്ട് സമാനമാണെങ്കിലും ഇന്റീരിയർ തീമിൽ പ്രകടമായ മാറ്റമുണ്ട്. നിസ്സാൻ ടെക്ടണിന്റെ ഉയർന്ന വേരിയന്റുകളിൽ റോസ് ഗോൾഡ്, ബർഗണ്ടി തീം നൽകി പ്രീമിയം ലുക്ക് ഒരുക്കുമ്പോൾ ഡസ്റ്ററിൽ ബ്ലാക്ക്, ഗ്രീൻ കളർ തീമാണ് നൽകിയിരിക്കുന്നത്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് മുൻ സീറ്റുകൾ എന്നിവ ഇരു വാഹനങ്ങളിലും ലഭ്യമാണ്. സുരക്ഷയുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, ലെവൽ 2 അഡാസ് സാങ്കേതികവിദ്യ, 360 ഡിഗ്രി ക്യാമറ എന്നിവയ്‌ക്കൊപ്പം ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ രണ്ട് എസ്‌യുവികളും 5 സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയിട്ടുണ്ട്.മെക്കാനിക്കൽ ഫീച്ചറുകളിലേക്ക് വന്നാൽ 100 എച്ച് പി കരുത്തുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 163 എച്ച് പി കരുത്തുള്ള 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമാണ് ഇരു മോഡലുകളിലുമുള്ളത്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് രണ്ട് എഞ്ചിനുകളിലും ലഭ്യമാകും. എന്നാൽ 1.3 ലിറ്റർ എഞ്ചിനൊപ്പം 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും തെരഞ്ഞെടുക്കാം. റെനോ ഡസ്റ്ററിന് ദീപാവലിയോടെ 1.8 ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷൻ കൂടി ലഭിക്കുമെന്നതാണ് പ്രധാന വ്യത്യാസം. എന്നാൽ നിസ്സാൻ ടെക്ടണിൽ ഈ ഹൈബ്രിഡ് എഞ്ചിൻ ലഭ്യമാകില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.Content Highlights:The detailed comparison between Nissan Tekton and Renault Duster highlights their identical CMF-B platform and turbo-petrol engines. While the Tekton offers premium Patrol-inspired styling and rose gold interiors, the Duster retains its rugged appeal. Both midsize SUVs boast a 5-star Bharat NCAP rating.