ഫിഫ ലോകകപ്പിന്റെ ക്വാർട്ടർഫൈനലിൽ സ്പെയിനിനോട് പരാജയം ഏറ്റുവാങ്ങി ബെൽജിയം മടങ്ങുമ്പോൾ തിരശ്ശീല വീഴുന്നത് ബെൽജിയത്തിന്റെ ലോകകപ്പ് യാത്രയ്ക്ക് മാത്രമല്ല, ലോകത്തെ വിസ്മയിപ്പിച്ച അവരുടെ പേരുകേട്ട സുവർണ്ണ തലമുറക്ക് (ഗോൾഡൻ ജെനറേഷൻ) കൂടിയാണ്.എന്താണ് ഫുട്ബോളിൽ സുവർണ്ണ തലമുറയെന്നത് കൊണ്ട് അർത്ഥമാക്കുന്നത്? ഒരു ദേശീയ ടീമിലോ ക്ലബ്ബിലോ ഒരേ കാലഘട്ടത്തിൽ സമാനപ്രയക്കാരായ ഒരു കൂട്ടം പ്രതിഭാധനരായ കളിക്കാർ ഒരേ സമയം ഒത്ത് ചേരുമ്പോൾ കിട്ടുന്ന പ്രതിഭ ധാരാളിത്തത്തെ ആണ് ഇത് കൊണ്ട് എടുത്ത് കാട്ടുന്നത്. അറുപതുകളിലെ ബ്രസീൽ ടീം, 2008-12 കാലഘട്ടത്തിലെ സ്പെയിൻ ഒക്കെ ഇതിനുള്ള ഉദാഹരങ്ങളാണ്. എന്നെന്നും ഓർക്കാവുന്ന മികച്ച നിമിഷങ്ങൾ മാത്രമല്ല കിരീടങ്ങളും ഈ ടീമുകൾ നേടിയിട്ടുണ്ട്.ഫുട്ബോളിൽ വലിയ നേട്ടങ്ങൾ ഒന്നും എടുത്ത് പറയാനില്ലാത്ത ബെൽജിയത്തിൽ കഴിഞ്ഞ ദശാബ്ദത്തിലാണ് അവരുടെ സുവർണ്ണ തലമുറ ഉദയം ചെയ്യുന്നത്. ലോകം കണ്ട ഏറ്റവും മികച്ച പ്ലേ മേക്കറുകളിൽ ഒരാളായ ഈഡൻ ഹസാർഡ്, മധ്യനിരയുടെ തുടിപ്പായി കെവിൻ ഡി ബ്രൂയിൻ, സ്‌ട്രൈക്കർ റൊമേലു ലുക്കാക്കു, പ്രതിരോധ മതിൽ വിൻസെൻ്റ് കമ്പനി, ഗോളി തിബോട്ട് കോർട്ടോയിസ് എന്നിവർ ഒത്തുചേർന്നപ്പോൾ പിന്നെ കണ്ടത് അത്ഭുതങ്ങളാണ്. 21ആം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടിൽ ഒരു പ്രധാന ടൂർണമെന്റിൽ യോഗ്യത പോലും നേടാനാകാതെ പോയ ബെൽജിയം ഈ ടൂർണമെന്റുകളിൽ ഒക്കെ ഫേവറിറ്റുകൾ ആയി.Also Read: കളത്തിനകത്ത് മാത്രമല്ല പുറത്തും ഹീറോ; കുട്ടി ആരാധകന്റെ വിയോഗ ശേഷം ഹാലണ്ട് ചെയ്തത് കണ്ടോ?പ്രമുഖ ക്ലബ്ബുകൾക്ക് കിരീട നേട്ടങ്ങൾ ചാർത്തി കിട്ടുന്നതിൽ പ്രധാന പങ്കു വഹിച്ച താരങ്ങൾ അധികം വൈകാതെ യൂറോപ്യൻ ലോകകപ്പ് കിരീടങ്ങൾ ബ്രസൽസിൽ എത്തിക്കുമെന്ന് ആരാധകർ സ്വപ്നം കണ്ടു. 2015ഓടെ ടീം ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയപ്പോൾ പ്രതീക്ഷകൾ വാനോളം ഉയർന്നു. എന്നാൽ സ്വപനങ്ങൾ സ്വപ്നങ്ങളായി തന്നെ അവശേഷിച്ചു. 2018 ലോകകപ്പിലെ മൂന്നാം സ്ഥാനം ഒഴിച്ചാൽ പറയത്തക്ക ഒരു നേട്ടവും അവർക്കു സ്വന്തമാക്കാനായില്ല.2014 ലോകകപ്പിലും 2016, 2020 യൂറോ കപ്പുകളിലും സെമി കാണാതെ ടീം പുറത്തായി. 2018 ലോകകപ്പിൽ ഹസാർഡിനു ലഭിച്ച മികച്ച രണ്ടാമത്തെ കളിക്കാരനുള്ള അവാർഡും , കോർട്ടോയിസിനു ലഭിച്ച മികച്ച ഗോളിക്കുള്ള അവാർഡും ഒഴികെ പറയത്തക്ക നേട്ടങ്ങളൊന്നും അവർക്ക് നേടാൻ ആവാതെ പോയി.ഒടുവിൽ നിരാശരായി താരങ്ങൾ ഓരോരുത്തരായി മടങ്ങി, ഒടുവിൽ ബാക്കിയുണ്ടായിരുന്ന ഡി ബ്രൂയിൻ-ലുക്കാക്കു-കോർട്ടോയിസ് ത്രയവും അമേരിക്കയിൽ സ്പെയിനിനോട് ക്വാർട്ടറിൽ തോറ്റ് മടങ്ങി. ഇനി ഒരു പോരാട്ടത്തിനുള്ള ബാല്യം ഇവരിലാർക്കും ഉണ്ടാകുമെന്ന് ഇവരുടെ ആരാധകർ പോലും കരുതുന്നില്ല. എന്നാൽ സുവർണ്ണ തലമുറക്ക് ആശ്വസിക്കാം. ജയിച്ചവർക്ക് മാത്രമല്ല തോറ്റവർക്ക് കൂടി ഉള്ളതാണ് ഈ ലോകമെന്ന്. സുവർണ്ണ തലമുറ എന്നാൽ നേട്ടങ്ങൾ വാരിക്കൂട്ടിയ അറുപതുകളിലെ ബ്രസീൽ മാത്രമല്ല പ്രതിഭയുടെ ധാരാളിത്തത്തിലും നിരാശ ഏറ്റുവാങ്ങേണ്ടി വന്ന എഴുപതുകളിലെ ഡച്ച് പടയും ഉൾപ്പെടുന്നതാണെന്ന് അവർക്ക് സ്മരിക്കാം. കിരീടങ്ങളില്ലാതെ ഒരു പിടി സുന്ദരമായ ഓർമ്മകൾ ബാക്കിവച്ചു ബെൽജിയത്തിന്റെ സുവർണ്ണ തലമുറ വിടവാങ്ങുകയാണ്.The post കിരീട മോഹങ്ങൾ ബാക്കി… തലകുനിച്ച് മടങ്ങി ബെൽജിയത്തിന്റെ സുവർണ്ണ തലമുറ appeared first on Kairali News | Kairali News Live.