റിയാദ്: വിനോദസഞ്ചാരികൾക്കായി പുത്തൻ യാത്രാ സൗകര്യങ്ങളൊരുക്കി സൗദി അറേബ്യ. വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ എന്നിവ ഒരൊറ്റ ബുക്കിംഗിലൂടെ സ്വന്തമാക്കാൻ സാധിക്കുന്ന ‘വിസ പാക്കേജ്’ പദ്ധതിക്ക് സൗദി ടൂറിസം മന്ത്രാലയം തുടക്കം കുറിച്ചു.പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ യോഗ്യത നേടിയ ലോകത്തിലെ ആദ്യ ആറ് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു.ഇന്ത്യയ്ക്ക് പുറമെ ജോർദാൻ, ഈജിപ്ത്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കാണ് നിലവിൽ ഈ ആനുകൂല്യം ലഭിക്കുക. വരും ഘട്ടങ്ങളിൽ കൂടുതൽ രാജ്യങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.എന്താണ് ‘വിസ പാക്കേജ്’?- പ്രത്യേകതകൾ അറിയാംസൗദി എംബസി സന്ദർശിക്കുകയോ തനിയെ വിസയ്ക്ക് അപേക്ഷിക്കുകയോ ചെയ്യുന്ന പരമ്പരാഗത രീതിക്ക് പകരമായി, അംഗീകൃത ട്രാവൽ പാക്കേജ് വാങ്ങുന്നതിലൂടെ വിസയും ഒപ്പം ലഭിക്കുന്ന സംവിധാനമാണിത്.ട്രാവൽ പാക്കേജ് ബുക്കിംഗ് പൂർത്തിയാക്കി പരമാവധി 48 മണിക്കൂറിനുള്ളിൽ ഇലക്ട്രോണിക് വിസ അനുവദിക്കും. വിസയും ട്രാവൽ ഇൻഷുറൻസും മറ്റ് രേഖകളും ഇമെയിൽ വഴിയാണ് ലഭിക്കുക.മൂന്ന് മാസത്തെ (90 ദിവസത്തെ) കാലാവധിയുള്ള സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസയാണിത്. ഇത് ഉപയോഗിച്ച് രാജ്യത്ത് കുറഞ്ഞത് രണ്ട് ദിവസവും പരമാവധി 88 ദിവസവും താമസിക്കാം.നിലവിൽ ‘റിസെർവൽ’ (Reserval), ‘അൽമൊസാഫർ’ (Almosafer) എന്നീ രണ്ട് സൗദി ട്രാവൽ ഏജൻസികളെയാണ് ഈ സേവനത്തിനായി മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്നത്.ഈ പദ്ധതി പ്രകാരം യാത്ര ചെയ്യുന്നവർക്ക് ചില പ്രധാന നിബന്ധനകളുണ്ട്. പാക്കേജിൽ നിർബന്ധമായും ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റും, ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കുറഞ്ഞത് ഫോർ സ്റ്റാർ പദവിയുള്ള ഹോട്ടൽ താമസവും ഉൾപ്പെട്ടിരിക്കണം.ആദ്യത്തെ രണ്ട് ദിവസത്തെ താമസത്തിന് ഒരാൾക്ക് കുറഞ്ഞത് 4,000 സൗദി റിയാലാണ് പാക്കേജ് തുക. തുടർന്നു വരുന്ന ഓരോ ദിവസത്തിനും 1,000 റിയാൽ വീതം അധികം നൽകണം. വിനോദ പരിപാടികളുടെ ടിക്കറ്റുകളും മറ്റ് ആക്റ്റിവിറ്റികളും ആവശ്യമെങ്കിൽ പാക്കേജിനൊപ്പം അധികമായി തിരഞ്ഞെടുക്കാവുന്നതാണ്.ഈ വിസ പാക്കേജ് ബുക്കിംഗ് റദ്ദാക്കിയാൽ അതിനോടൊപ്പമുള്ള വിസയും സ്വയമേവ റദ്ദാക്കപ്പെടും. വിസ മാത്രമായി റദ്ദാക്കാൻ സാധിക്കില്ല.ഈ പാക്കേജുകളിൽ ഉംറ നിർവ്വഹണത്തിനുള്ള പ്രത്യേക ക്രമീകരണങ്ങളോ മക്ക, മദീന എന്നീ പുണ്യനഗരങ്ങളിലെ താമസ സൗകര്യങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല.എന്നാൽ, ഈ വിസ കൈവശമുള്ള സഞ്ചാരികൾക്ക് സൗദിയിൽ എത്തിക്കഴിഞ്ഞാൽ മക്കയും മദീനയും ഉൾപ്പെടെ രാജ്യത്തെ ഏത് നഗരങ്ങളിലേക്കും സ്വതന്ത്രമായി യാത്ര ചെയ്യുന്നതിന് യാതൊരുവിധ തടസ്സങ്ങളുമില്ല.റിയാദും ജിദ്ദയും ഉൾപ്പെടെയുള്ള നഗരങ്ങളിലെ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും, വിനോദസഞ്ചാരികൾക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഒരുക്കുന്നതിനുമാണ് സൗദി ഭരണകൂടം ഈ പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുന്നത്.The post സൗദി വിസ പാക്കേജ് പദ്ധതിക്ക് തുടക്കം; ആദ്യ പട്ടികയിൽ ഇന്ത്യയടക്കം ആറ് രാജ്യങ്ങൾ, 48 മണിക്കൂറിനകം വിസ ലഭിക്കും, വിശദമായി അറിയാം appeared first on Arabian Malayali.