കാരന്തൂര്‍ | വിശുദ്ധ ഖുര്‍ആനിലെ അക്ഷരങ്ങളിലും പദങ്ങളിലും പ്രയോഗങ്ങളിലും അടങ്ങിയ വിസ്മയങ്ങളും അമാനുഷികതകളും സമഗ്രമായി വിശകലനം ചെയ്യുന്ന പുതിയ ഗ്രന്ഥം ‘ഫത്ഹുര്‍റഹ്മാന്‍ ഫീ ബയാനി ഇഅ്ജാസി ആയില്‍ ഖുര്‍ആന്‍’ ഉടന്‍ വായനക്കാരിലേക്ക് എത്തുന്നു. സമസ്ത സെക്രട്ടറിയും മഅ്‌ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ രചിച്ച ഗ്രന്ഥത്തിന്റെ കോപ്പി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ kvenയാര്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീമിന് കൈമാറി.ഖുര്‍ആനിലെ അമാനുഷികതകളില്‍ നിന്ന് തിരഞ്ഞെടുത്ത 63 ഉദാഹരണങ്ങളെ നിരീക്ഷിക്കുന്ന ആഴത്തിലുള്ള പഠനമാണ് ഈ ഗ്രന്ഥം. ഭാഷാപരമായ അത്ഭുതങ്ങളും പ്രയോഗഭംഗിയും, ശാസ്ത്രീയവും ചരിത്രപരവുമായ സൂചനകളും, സംഖ്യാശാസ്ത്രപരമായ വിസ്മയങ്ങളും, നിയമനിര്‍മാണ ധാര്‍മിക ദര്‍ശനങ്ങളും, ഖുര്‍ആനിക കഥകളുടെ അവതരണഭംഗിയും, സദൃശ്യമായ ആയത്തുകളിലെ സൂക്ഷ്മമായ പദവ്യത്യാസങ്ങളുമാണ് ഇതിലെ പ്രധാന പ്രതിപാദ്യങ്ങള്‍.ഖുര്‍ആനിലെ ഓരോ പദവും അതത് സന്ദര്‍ഭത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നിലെ ഭാഷാപരമായ രഹസ്യങ്ങളും ആശയഗാംഭീര്യവും ഗ്രന്ഥം സൂക്ഷ്മമായി പരിശോധിക്കുന്നു. ഭയം, വിശപ്പ് തുടങ്ങിയ വികാരങ്ങള്‍ പ്രത്യേക ക്രമത്തില്‍ പരാമര്‍ശിച്ചതിലെ യുക്തി, നന്മയും തിന്മയും സൂചിപ്പിക്കാന്‍ ഉപയോഗിച്ച പദങ്ങളിലെ വ്യത്യാസങ്ങള്‍, ദാമ്പത്യബന്ധത്തെ വിശേഷിപ്പിക്കുന്ന ഖുര്‍ആനിക പ്രയോഗങ്ങളുടെ സൗന്ദര്യം എന്നിവയെല്ലാം കൃതിയില്‍ വിശദീകരിക്കുന്നുണ്ട്.മനുഷ്യന്റെ നെറ്റിത്തടത്തെക്കുറിച്ചുള്ള ഖുര്‍ആനിക പരാമര്‍ശങ്ങള്‍, അസ്ഹാബുല്‍ കഹ്ഫിന്റെ ഉറക്കവുമായി ബന്ധപ്പെട്ട സൂചനകള്‍, സമുദ്രത്തിന്റെ ആഴങ്ങളിലെ പ്രതിഭാസങ്ങള്‍, ചരിത്രസംഭവങ്ങളിലെ ഖുര്‍ആനിക കൃത്യത തുടങ്ങിയ വിഷയങ്ങള്‍ ശാസ്ത്രീയചരിത്രപരമായ വിസ്മയങ്ങളുടെ ഭാഗമായി ഗ്രന്ഥത്തില്‍ കടന്നുവരുന്നു. സൂറത്തുല്‍ കൗസറിലെ അക്ഷരസംഖ്യാ സവിശേഷതകളും ഖുര്‍ആന്‍ ക്രോഡീകരണവുമായി ബന്ധപ്പെട്ട സംഖ്യാത്മക നിരീക്ഷണങ്ങളും ഇതില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.നീതി, മാപ്പ്, വിജ്ഞാനം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മൂല്യങ്ങളിലൂടെ ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന ഉത്തമ സമൂഹനിര്‍മിതി, ഖുര്‍ആനിക ചരിത്രാഖ്യാന ശൈലി, പരലോക ദൃശ്യാവിഷ്‌കാരം, തിരുനബി (സ)യോടുള്ള ഖുര്‍ആന്റെ ആദരവ് എന്നിവയും പുസ്തകത്തില്‍ വിശദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സദൃശ്യമായ ആയത്തുകളില്‍ ചെറിയ പദവ്യത്യാസങ്ങളിലൂടെ പ്രകടമാകുന്ന വലിയ ആശയതലങ്ങളും ഗ്രന്ഥം ചര്‍ച്ച ചെയ്യുന്നു.ഖുര്‍ആനെ കേവല വായനക്കപ്പുറം ആഴത്തില്‍ ഗ്രഹിക്കാനും, അതിലെ ഭാഷാ ആശയ വിസ്മയങ്ങള്‍ തിരിച്ചറിഞ്ഞ് വിശ്വാസം ദൃഢമാക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി ഒരുങ്ങുന്ന ‘ഫത്ഹുര്‍റഹ്മാന്‍’ വരും ദിവസങ്ങളില്‍ വിപണിയില്‍ ലഭ്യമാകും. കോപ്പികള്‍ക്ക് 7356114436.Content Highlights:Grand Mufti of India Kanthapuram A. P. Abubacker Musliyar met Malaysian Prime Minister Anwar Ibrahim. During the meeting, Kanthapuram presented the revered work ‘Fathul Rahman’ authored by Sayyid Khaleel al Bukhari. The event highlights growing diplomatic and cultural relations between religious scholars.