കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ട് നടക്കുന്ന സി പി എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം. കരട് റിപോര്‍ട്ടിന്‍മേലുള്ള ആദ്യഘട്ട ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ച വിവിധ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശം അഴിച്ചുവിട്ടത്. തനിക്കെതിരെയും സംസ്ഥാന സമിതിയില്‍ വിമര്‍ശമുയര്‍ന്നതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് തുറന്നുസമ്മതിച്ചു.നേതാക്കളുടെ പാര്‍ലിമെന്ററി വ്യാമോഹം പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന ചര്‍ച്ച ആരംഭിച്ചത് കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികളാണെങ്കിലും മറ്റുള്ളവരും ഇതേ അഭിപ്രായം ഏറ്റുപിടിച്ചു. തോല്‍വികളുടെ ഉത്തരവാദിത്വം പ്രാദേശിക നേതൃത്വങ്ങളില്‍ മാത്രം ഒതുക്കുന്ന മാര്‍ഗരേഖയെയും യോഗത്തില്‍ ചോദ്യം ചെയ്തു. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പാളിച്ചകള്‍ പ്രതിനിധികള്‍ എടുത്തുകാട്ടി.നേതാക്കളില്‍ ചിലര്‍ അനധികൃത സ്വത്ത് സമ്പാദനത്തില്‍ മുഴുകുന്ന പ്രവണതയുണ്ട്. ഇത് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നകറ്റാനും മോശം പ്രതിച്ഛായ സൃഷ്ടിക്കാനും കാരണമാക്കി. ഇതിന് തടയിടാന്‍ അച്ചടക്കത്തിന്റെ വാള്‍ ഉപയോഗിക്കണമെന്നാണ് ആവശ്യം. ആറ് മാസത്തിനുള്ളില്‍ ഏരിയാ കമ്മിറ്റി മുതല്‍ നേതാക്കള്‍ സ്വത്ത് വിവരം പാര്‍ട്ടിയെ അറിയിക്കണം. ഭരണത്തിന് നേതൃത്വം നല്‍കിയ ചില നേതാക്കളുടെ ശൈലിയും പരാജയത്തിന് കാരണമായി. ഒറ്റയാളെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗ വിവാദത്തില്‍ പാര്‍ട്ടി കൈക്കൊണ്ട നിലപാട് ശരിയായില്ല. ഇത് ന്യൂനപക്ഷ വോട്ട് ചോര്‍ച്ചക്ക് കാരണമായെന്നും ഈ നിലപാട് കൊണ്ട് ഗുണമുണ്ടാകുമെന്ന് പ്രതീക്ഷിച്ച പിന്നാക്ക സമുദായത്തിന്റെ വോട്ട് നേടാന്‍ കഴിഞ്ഞില്ലെന്നും സമ്മേളനം വിലയിരുത്തി.തിരഞ്ഞെടുപ്പിലെ പരാജയം മണത്തറിയുന്നതില്‍ വീഴ്ചയുണ്ടായി. ഉപതിരഞ്ഞെടുപ്പിലെ തോല്‍വികള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചില്ല. പൊതുമധ്യത്തില്‍ വിശകലന ശേഷിയുള്ള നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരണം. ഇ ഡി നീക്കത്തില്‍ നേതാക്കള്‍ക്ക് പ്രതിരോധം സൃഷ്ടിക്കണമെന്നാണ് കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. തുടര്‍ഭരണമെന്ന ലക്ഷ്യത്തില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ച ഘട്ടത്തില്‍ പാര്‍ട്ടി ഘടകങ്ങളെ ശ്രദ്ധിക്കുന്നതില്‍ വീഴ്ചവന്നെന്നും വിമര്‍ശമുണ്ടായി.പൊതു ചര്‍ച്ച ഇന്നലെ രാത്രി എട്ടോടെയാണ് അവസാനിച്ചത്. ചര്‍ച്ചക്ക് ഇന്ന് നേതാക്കള്‍ മറുപടി പറയും.Content Highlights:The CPM extended state committee meeting evaluated the recent electoral setbacks in Kerala. The report highlighted major flaws in candidate selection and a growing disconnect between the party and the public. Party leaders discussed necessary organizational shifts to regain public trust.