മുഹറഖിൽ ബാച്ചിലർ താമസകേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി; 200-ലേറെ കെട്ടിടങ്ങൾ നിരീക്ഷണത്തിൽ

Wait 5 sec.

മനാമ: ലൈസൻസില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന ബാച്ചിലർ താമസകേന്ദ്രങ്ങൾക്കെതിരെ  മുഹറഖ് മുനിസിപ്പാലിറ്റി നടപടി ശക്തമാക്കി. ഇതിന്റെ ഭാഗമായി നിലവിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഇരുനൂറോളം കെട്ടിടങ്ങൾ മുനിസിപ്പാലിറ്റിയുടെ പ്രത്യേക നിരീക്ഷണത്തിലാണ്.റെസിഡൻഷ്യൽ മേഖലകളിൽ മതിയായ അനുമതിയില്ലാതെ പാർപ്പിട കെട്ടിടങ്ങൾ ലേബർ ക്യാമ്പുകളോ ബാച്ചിലർ താമസകേന്ദ്രങ്ങളോ ആയി മാറ്റാൻ ഉടമകൾക്ക് അവകാശമില്ലെന്ന് മുഹറഖ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അൽ ഖല്ലാഫ് വ്യക്തമാക്കി. വാടകക്കാരുടെ സി.പി.ആർ, വാടകക്കരാർ, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, സിവിൽ ഡിഫൻസ് എന്നിവയുടെ അനുമതി പത്രങ്ങൾ അടക്കമുള്ള രേഖകൾ സമർപ്പിച്ച് മുൻകൂട്ടി അനുമതി വാങ്ങിയാൽ മാത്രമേ ബാച്ചിലർ താമസകേന്ദ്രങ്ങൾക്ക് അനുമതി നൽകുകയുള്ളൂ.നിയമലംഘനം നടത്തുന്ന കെട്ടിടങ്ങളിലേക്ക് നൽകിയിട്ടുള്ള വൈദ്യുതി, കുടിവെള്ള ബന്ധങ്ങൾ വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കെട്ടിടങ്ങളിലെ നിയമവിരുദ്ധമായ കൂട്ടിചേർക്കലുകളും, ശുചിത്വം, വായുസഞ്ചാരം, സുരക്ഷ എന്നിവയിലെ വീഴ്ചകളും പരിശോധിക്കും.ദേശീയ മനുഷ്യാവകാശ സ്ഥാപനത്തിന്റെ ശുപാർശകളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ നടപടി. ബാച്ചിലർ കേന്ദ്രങ്ങളിൽ ഒരാൾക്ക് കുറഞ്ഞത് 4 ചതുരശ്ര മീറ്റർ സ്ഥലം ഉറപ്പാക്കണമെന്നും, ഒരു മുറിയിൽ പരമാവധി 6 മുതൽ 8 പേരിൽ കൂടുതൽ താമസിക്കാൻ പാടില്ലെന്നും മാനദണ്ഡങ്ങളുണ്ട്. താമസകേന്ദ്രങ്ങളുടെ പ്രവേശന കവാടത്തിൽ വിവരങ്ങളും QR കോഡും അടങ്ങിയ ബോർഡ് സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്.The post മുഹറഖിൽ ബാച്ചിലർ താമസകേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി; 200-ലേറെ കെട്ടിടങ്ങൾ നിരീക്ഷണത്തിൽ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.