മനാമ: ‘സേവാ പഖ്‌വാഡ’ (സെപ്റ്റംബർ 17 – ഒക്ടോബർ 2) ആചരണത്തിന്റെ ഭാഗമായി കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ മുൻകൈയിൽ ബഹ്‌റൈൻ ഇന്ത്യൻ എംബസി ‘വികസിത് ഭാരത് റൺ’ സംഘടിപ്പിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ നൂറുകണക്കിന് പ്രവാസികൾ അണിനിരന്നു.ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് രാജീവ് കുമാർ മിശ്ര ഓട്ടത്തിന് നേതൃത്വം നൽകി. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും പ്രവാസി സമൂഹത്തിൽ ഐക്യദാർഢ്യം വളർത്തുന്നതിനുമായി സംഘടിപ്പിച്ച 3 കിലോമീറ്റർ കമ്മ്യൂണിറ്റി റണ്ണിൽ ‘സംസ്കൃതി ബഹ്‌റൈൻ’ ഭാരവാഹികൾ ഉൾപ്പെടെ ഇരുനൂറോളം ഓട്ടക്കാർ പങ്കെടുത്തു.2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനായി പ്രവർത്തിക്കുമെന്ന ‘വികസിത് ഭാരത്’ പ്രതിജ്ഞ പങ്കെടുത്തവർ ചൊല്ലിയതാണ് ചടങ്ങിലെ പ്രധാന ആകർഷണം. റണ്ണിന് ശേഷം ‘സ്വച്ഛത ഹി സേവ’ കാമ്പയിന്റെ ഭാഗമായി പാർക്ക് ശുചീകരണ ദൗത്യവും നടന്നു. പൊതുസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഉത്തരവാദിത്തമുള്ള പൗരബോധവും സന്ദേശമായി നൽകിക്കൊണ്ടാണ് പരിപാടികൾ സമാപിച്ചത്.The post ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ‘വികസിത് ഭാരത് റണ്ണും’ ശുചീകരണ കാമ്പയിനും സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.