സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ്‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

Wait 5 sec.

ശബ്ദത്തിനും കേള്‍വിക്കും ഏറെ പ്രാധാന്യം നൽകി, ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’ തിയറ്ററുകളിലെത്തി. പരമ്പരാഗതമായ കഥപറച്ചിൽ രീതികളിൽ നിന്ന് മാറി ഫാന്‍റസിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ചിത്രമാണ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’ എന്ന് സംവിധായകന്‍ ശ്യാമിൻ ഗിരീഷ് പറഞ്ഞു. പ്രേക്ഷകർക്ക് പരിചിതമായ കാഴ്ചാനുഭവത്തിനൊപ്പം ശബ്ദത്തിലൂടെ മറ്റൊരു തലത്തിലുള്ള അനുഭവം നൽകാനാണ് ചിത്രം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുവപ്രേക്ഷകരെ മുന്നിൽ കണ്ടാണ് ചിത്രത്തിന്‍റെ കഥയും അവതരണവും രൂപപ്പെടുത്തിയിരിക്കുന്നതെന്ന് തിരക്കഥാകൃത്ത് നിലീന്‍ സാന്ദ്ര പറഞ്ഞു. കുട്ടിക്കാലത്ത് അമ്മ പറഞ്ഞുതന്ന അതിനമാനുഷകഥകള്‍ കേട്ടുവളർന്നൊരുകുട്ടിയാണ് താന്‍. അതുകൊണ്ടായിരിക്കാം ഫാന്‍റസി ത്രില്ലർ സിനിമകള്‍ ചെയ്യാനാണ് താല്‍പര്യമെന്നും നിലീന്‍ പറഞ്ഞു. റിലീസിങിന് മുന്നോടിയായി ദുബായില്‍ നടത്തിയ വാ‍ർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഷറഫുദ്ദീനും സംഗീത് പ്രതാപും അഭിനേതാക്കളായി എത്തുമ്പോള്‍ ഇതൊരു കോമഡി ചിത്രമാണോയെന്ന മുന്‍വിധി പ്രേക്ഷകർക്കുണ്ടാകാം, എന്നാല്‍ ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’ ഫാന്‍റസി ത്രില്ലർ ചിത്രമാണെന്നും ഇരുവരും പറഞ്ഞു. ഈ കഥാപാത്രം ചെയ്യുന്നതില്‍ തനിക്ക് ആദ്യം ആശങ്കയുണ്ടായിരുന്നുവെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു. പ്രത്യേക തരത്തിലുള്ള വേഷങ്ങൾ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്ന സമയത്താണ് ഈ ചിത്രത്തിന്‍റെ കഥ തനിക്കു മുന്നിലെത്തിയത്. ആദ്യം കഥാപാത്രം ഒഴിവാക്കിയെങ്കിലും പിന്നീട് സിനിമയുടെ ഭാഗമാകാൻ തീരുമാനിക്കുകയായിരുന്നു.ചിത്രത്തിലെ ഒരു പ്രത്യേക രംഗം അഭിനയിക്കുന്നതില്‍ ആദ്യം അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമകൾ വീണ്ടും വീണ്ടും കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത് വലിയ താരനിര മാത്രമല്ലെന്നും മികച്ച കഥയ്ക്കാണ് പ്രാധാന്യമെന്നും ഷറഫുദ്ദീൻ പറഞ്ഞു.‘പ്രേമം’ മുതൽ ഗൾഫ് പ്രേക്ഷകർ നൽകുന്ന സ്നേഹം വളരെ വലുതാണെന്നും ഷറഫുദ്ദീൻ പറഞ്ഞു. ചിത്രത്തിലെ റാസൽഖൈമയിലെ വലിയ വീട്ടുമായി ബന്ധപ്പെട്ട പ്രശസ്തമായ സംഭാഷണരംഗം ഗൾഫിൽ, പ്രത്യേകിച്ച് യുഎഇയിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. ഇന്നും എവിടെ ചെന്നാലും ആ സംഭാഷണം പറഞ്ഞാണ് പലരും തന്നെ പരിചയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന സിനിമകളുടെ ഭാഗമാകാനാണ് താൽപര്യമെന്ന് നടൻ സംഗീത് പ്രതാപ് പറഞ്ഞു. ഒരുകാലത്ത് എഡിറ്റിങ് റൂമിൽ ഇരുന്ന് സിനിമകൾ ഒരുക്കിയിരുന്നിടത്തുനിന്ന് ഇന്ന് അഭിനയത്തിലൂടെ പ്രേക്ഷകരുടെ സ്നേഹം നേരിട്ട് അനുഭവിക്കാൻ കഴിയുന്നത് വലിയ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.ഹൃദയപൂർവം’ എന്ന ചിത്രത്തിന് ശേഷം കൂടുതൽ ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’ എന്ന ചിത്രത്തിന്‍റെ കഥ കേട്ടപ്പോൾ ഈ കഥാപാത്രം ചെയ്യാതിരുന്നാൽ വലിയൊരു അവസരം നഷ്ടമാകുമെന്ന തോന്നലാണ് സിനിമ ഏറ്റെടുക്കാൻ കാരണമായതെന്ന് സംഗീത് പ്രതാപ് പറഞ്ഞു.അഭിനേതാക്കളായ അഖില ഭാർഗവൻ, നിർമാതാക്കളായ സുജിത് നായർ, ഡോ. പോൾ എന്നിവരും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു. സിനിമയുടെ ആഗോള റിലീസിന് മുന്നോടിയായി ദുബായില്‍ പ്രീമിയർ ഷോയും നടന്നു.