മത്സരപ്പരീക്ഷാ പരിശീലനം; ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് എ ഐ അധിഷ്ഠിത പോർട്ടൽ

Wait 5 sec.

തിരുവനന്തപുരം | ദേശീയതലത്തിലുള്ള മത്സരപ്പരീക്ഷകൾക്ക് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് പോർട്ടൽ ഒരുങ്ങി. പൊതുവിദ്യാലയങ്ങളിലെ എല്ലാ കുട്ടികൾക്കും മത്സരപ്പരീക്ഷകളിൽ അവസരസമത്വം ഉറപ്പാക്കാൻ നിർമിതബുദ്ധി പ്രയോജനപ്പെടുത്തി കൈറ്റ് ആണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി മുകുളം പദ്ധതി ആരംഭിക്കുന്നത്.പരീക്ഷാ പരിശീലനത്തിനും പഠനാവശ്യങ്ങൾക്കും എല്ലാ ഹയർ സെക്കൻഡറി/വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും ലോഗിൻ ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് കൈറ്റ് പോർട്ടൽ വികസിപ്പിച്ചെടുത്തത്. പോർട്ടലിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഇന്ന് തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ പരിശീലന പരിപാടിയിൽ നിർവഹിക്കും.സംസ്ഥാനത്തെ 14 ജില്ലകളിലും നടക്കുന്ന പരിശീലന കേന്ദ്രങ്ങൾ ഓൺലൈനായി ഉദ്ഘാടന ചടങ്ങിൽ പങ്കുചേരും. സാമ്പത്തിക പ്രതിസന്ധി കാരണം കോച്ചിംഗ് സെന്ററുകളിൽ പോകാൻ സാധിക്കാത്ത സാധാരണക്കാരായ കുട്ടികൾക്കും നീറ്റ്, ജെ ഇ ഇ, സി യു ഇ ടി, ഐ ഐ എസ് ഇ ആർ, കെ വി പി വൈ തുടങ്ങിയ ദേശീയ അന്തർദേശീയ പ്രവേശനപ്പരീക്ഷകളിൽ ഉന്നത വിജയം നേടാൻ സൗജന്യ പരിശീലനം നൽകുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.തിരഞ്ഞെടുത്ത 25 സ്‌കൂളുകളിൽ വിജയകരമായി പൂർത്തിയാക്കിയ പൈലറ്റ് പ്രൊജക്ടിന് ശേഷമാണ് പദ്ധതി സംസ്ഥാനമെമ്പാടും വ്യാപിപ്പിക്കുന്നത്. കുട്ടികളുടെ വ്യക്തിഗത പഠന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അനുയോജ്യമായ പരിശീലനവും പിന്തുണയും നൽകാൻ മുകുളം പോർട്ടലിൽ കൈറ്റിന്റെ എ ഐ സാങ്കേതികവിദ്യ സമന്വയിപ്പിച്ചിരിക്കുന്നു. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിലെ പത്തോളം വിഷയങ്ങൾക്കുള്ള ഡിജിറ്റൽ പഠന സാമഗ്രികൾ എ ഐ സങ്കേതങ്ങൾ ഉപയോഗിച്ച് പുതിയ കൈറ്റ് വെബ്‌സൈറ്റിൽ തയ്യാറാക്കിയിട്ടുണ്ട്.Content Highlights:Kerala Education Department and KITE launched Mukulam, an AI-based portal providing free competitive exam coaching for Higher Secondary students. Minister N Shamsuddeen inaugurated the project aimed at helping students prepare for NEET, JEE, and CUET. The portal tailors learning resources using advanced AI technology.