കോന്നി | അയല്‍വാസികളായ മൂന്നു പേരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ കോന്നി പോലീസ് പിടികൂടി. കോന്നി വെട്ടൂര്‍ റേഡിയോ ജംഗ്ഷന്‍ ലക്ഷംവീട് ഉന്നതിയില്‍ സിദ്ദിഖ്(35)ആണ് അറസ്റ്റിലായത്. ആഗസ്റ്റ് 26ന് രാത്രി 9 മണിയോടെ വെട്ടൂര്‍ റേഡിയോ ജംഗ്ഷനില്‍ കുട്ടികളുടെ ഓണാഘോഷ പരിപാടി നടക്കുന്നതിനിടെ ആയിരുന്നു ഇയാള്‍ അയല്‍വാസികളായ മൂന്നു പേരെ കയ്യിലും തലക്കും മുഖത്തും വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രഭാകരന്‍, മനോജ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലും, ദീപു എന്നയാളെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയിരുന്നു.തുടര്‍ന്ന് ദീപുവിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത കോന്നി പോലീസ് ഒന്നാം പ്രതിയായ സുധീഷിനെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആക്രമണത്തിനുശേഷം ഒളിവില്‍ പോയ രണ്ടാംപ്രതി സിദിഖിനെയാണ് ഇപ്പോള്‍ കോന്നി പോലീസ് പിടികൂടിയത്. സിദീഖ് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ നാല് ക്രിമിനല്‍ കേസുകളിലും മലയാലപ്പുഴ, രാമപുരം, കോന്നി സ്റ്റേഷനുകളിലെ ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. ഇയാള്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളുമാണ്. കോന്നി സി ഐ വി എസ് കിരണ്‍, എസ് സി പി ഒമാരായ പ്രസൂണ്‍, പ്രശാന്ത്, അരുണ്‍, സി പി ഒ വിഷ്ണു അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.Content Highlights: Konni police arrested rowdy list accused Siddique for attempting to murder three neighbors during Onam celebrations in Vettoor. The victims suffered severe injuries and required surgery at Kottayam Medical College and a private hospital. Pathanamthitta court remanded the accused to custody.