മന്ത്രിമാര്‍ വ്യക്തികളില്‍ നിന്ന് സൗജന്യം പറ്റുന്നു; വാച്ച് ഡോഗുകള്‍ ലാപ് ഡോഗുകളായി; ഫേസ്ബുക്ക് കുറിപ്പുമായി എം ബി രാജേഷ്

Wait 5 sec.

തിരുവനന്തപുരം | കേരളത്തിലെ മന്ത്രിമാര്‍ ചില വ്യക്തികളില്‍ നിന്നു വലിയ സൗജന്യങ്ങള്‍ പറ്റുമ്പോള്‍ മാധ്യമങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഒന്നും ചോദിക്കാനില്ലാത്തതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ബി രാജേഷ്.ഒരു മന്ത്രിയുടെ അമേരിക്ക യാത്രയില്‍ ഒരു ടിക്കറ്റിനായത് എട്ട് ലക്ഷം രൂപയാണ്. അത് സ്‌പോണ്‍സര്‍ ചെയ്തത് ഒരു സുഹൃത്ത്. മറ്റൊരു മന്ത്രിക്കുള്ള ആഡംബര വാഹനം നല്‍കിയത് സുഹൃത്ത്, മുഖ്യമന്ത്രിക്ക് മംഗലാപുരത്തേക്ക് പോകാന്‍ ഒരു വിമാനം തന്നെ നല്‍കിയതും സുഹൃത്ത്. എന്തിനാണ് ഈ സുഹൃത്തുക്കള്‍ മന്ത്രിമാര്‍ക്ക് കോടികളുടെ വ്യക്തിപരമായ സൗജന്യം നല്‍കിയിട്ടുണ്ടാവുകയെന്നും ഇതില്‍ മാധ്യമങ്ങള്‍ക്ക് ഒന്നും ചോദിക്കാനില്ലെയെന്നും എം ബി രാജേഷ് ഫേസ് ബുക്ക് കുറിപ്പില്‍ ചോദിച്ചു. വാച്ച് ഡോഗായ മാധ്യമങ്ങള്‍ പെട്ടെന്ന് എങ്ങനെ വെറും ലാപ് ഡോഗായിയെന്ന് അദ്ദേഹം ചോദിക്കുന്നു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:മാധ്യമങ്ങളേ നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലേ? ഒരു മന്ത്രി കുടുംബസമേതം അമേരിക്കയിലേക്കും തിരിച്ചും പറക്കുന്നു. ടിക്കറ്റ് ഒന്നിന് ഒരു വശത്തേക്ക് മാത്രം എട്ടു ലക്ഷം രൂപ ചെലവ് വരുമത്രേ. ദോഷം പറയരുതല്ലോ. ഉദാരമതിയായ ഒരു സുഹൃത്ത് സ്‌പോണ്‍സര്‍ ചെയ്തതാണ്. മറ്റൊരു മന്ത്രി കൊടിവെച്ച സര്‍ക്കാര്‍ വാഹനം പോരാതെ കോടികള്‍ വിലയുള്ള സുഹൃത്തിന്റെ ആഡംബര വാഹനത്തില്‍ കൊടിയും സ്റ്റേറ്റ് ബോര്‍ഡും വെച്ച് കറങ്ങുന്നു. അതിനൊക്കെ മുമ്പ് ഇന്നും അജ്ഞാതനായി തുടരുന്ന ദാനശീലനായ മറ്റൊരു സുഹൃത്ത് ഒരു വിമാനം തന്നെ മുഖ്യമന്ത്രിക്ക് മംഗലാപുരത്തേക്ക് പോകാന്‍ വാടകയ്ക്ക് എടുത്തു കൊടുക്കുന്നു. 25 ലക്ഷം രൂപ വരുമത്രേ.എന്തു നല്ല സുഹൃത്തുക്കള്‍ ! എന്നാലും എന്തിനായിരിക്കും ഈ സുഹൃത്തുക്കള്‍ മന്ത്രിമാര്‍ക്ക് കോടികളുടെ വ്യക്തിപരമായ സൗജന്യം നല്‍കിയിട്ടുണ്ടാവുക? മാധ്യമങ്ങളെ നിങ്ങള്‍ക്ക് ചോദ്യങ്ങളൊന്നുമില്ലേ? സംശയങ്ങള്‍ പോലുമില്ലേ? ഒരു ഒരു ധാര്‍മിക പ്രശ്‌നവും തോന്നുന്നില്ലേ? ഒറ്റ ദിവസത്തെ നിശാ ചര്‍ച്ചയ്ക്കുള്ള വിഷയം പോലുമായി തോന്നാത്തതെന്താവാം? ചാനല്‍ ഫ്‌ളോറുകളിലെ അലര്‍ച്ചയും ആക്രോശവും പിത്തലാട്ടവും ധാര്‍മ്മിക രോഷവും കഥാപ്രസംഗവുമൊക്കെ ഉപേക്ഷിച്ച് നിങ്ങളങ്ങ് മര്യാദക്കാരായിപ്പോയല്ലോ…ഈ സ്ഥാനത്ത് ഇടതുപക്ഷക്കാരായിരുന്നെങ്കിലോ? എങ്കില്‍ ആടിത്തിമര്‍ത്തേനെ അല്ലേ? കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുര്‍ആനും ബിരിയാണി ചെമ്പും കൈതോലപ്പായയും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റല്‍ ഒപ്പു പോലും ആഴ്ചകള്‍ ഫ്‌ളോറിലിട്ട് അലക്കിയതൊക്കെ നിങ്ങള്‍ ഇത്രവേഗം മറന്നോ? നിങ്ങള്‍ക്കിനിയും ഒന്നും തോന്നുന്നില്ലേ? ഒരല്പം നാണം പോലും? ഇവരെ ന്യായീകരിച്ച് വെളുപ്പിക്കാന്‍ ക്യാമറയും മൈക്കുമായി തൊഴിലാളികളെ അയക്കാതെയെങ്കിലുമിരിക്കാമായിരുന്നില്ലേ? എന്നും പ്രതിപക്ഷത്തായിരിക്കുമെന്നും ജനാധിപത്യത്തിന്റെ വാച്ച് ഡോഗ് (കാവല്‍ നായ) ആയിരിക്കുമെന്നുമൊക്കെ പൊങ്ങച്ചം പറഞ്ഞ നിങ്ങള്‍ എപ്പോഴാണ് വെറും ലാപ്‌ഡോഗ് ആയി മാറിയത്? നിങ്ങളുടെ കഴുത്തിലെ തുടല്‍ ആരുടേതാണ് ? നിങ്ങളുടെ തൊണ്ടയില്‍ കുരുങ്ങിയ എല്ലിന്‍ കഷ്ണം ആര് എറിഞ്ഞുതന്നതാണ്? എല്ലാം ജനങ്ങള്‍ കാണട്ടെ. Content Highlights:CPM leader MB Rajesh questioned media silence regarding ministers accepting lavish sponsorships from wealthy friends. He cited examples like a sponsored US flight ticket, luxury vehicles, and a private jet trip to Mangaluru. Rajesh criticized the press for acting like lapdogs instead of watchdogs.