മനാമ: നീതിന്യായ, ഇസ്ലാമിക കാര്യ, വഖഫ് മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിൽ വ്യാജ വിവരങ്ങൾ നൽകി തിരിമറി നടത്തിയ കേസുകളിൽ 50-കാരനായ പ്രമുഖ വ്യവസായിക്ക് 15 വർഷം തടവും 30,000 ബഹ്‌റൈനി ദിനാർ പിഴയും വിധിച്ച് ക്രിമിനൽ കോടതി. 35 പേരെ ബാധിച്ച മൂന്ന് വ്യത്യസ്ത കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത്.കടങ്ങളും പണവും തിരിച്ചുപിടിക്കുന്നതിനുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിനിടെയാണ് പ്രതി തിരിമറി നടത്തിയത്. കേസുമായി ബന്ധപ്പെട്ട യഥാർത്ഥ വ്യക്തികളുടെ ഫോൺ നമ്പറുകൾക്ക് പകരം തന്റെ നിയന്ത്രണത്തിലുള്ള ഫോൺ നമ്പറുകളാണ് ഇയാൾ ഇലക്ട്രോണിക് സംവിധാനത്തിൽ നൽകിയത്. ഇതുമൂലം കോടതിയിൽ നിന്നുള്ള ഔദ്യോഗിക നിയമ നോട്ടീസുകളും അറിയിപ്പുകളും കേസിൽപ്പെട്ട വ്യക്തികൾക്ക് ലഭിക്കാതെ പോവുകയും പ്രതിയുടെ നമ്പറുകളിലേക്ക് എത്തുകയുമായിരുന്നു.12, 14, 9 എന്നിങ്ങനെ ആകെ 35 പേരാണ് പ്രതിയുടെ തട്ടിപ്പിന് ഇരയായത്. ഇതിൽ ആദ്യ കേസിൽ രണ്ടാം പ്രതിക്കും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. ആദ്യ കേസിൽ ഇരു പ്രതികൾക്കും 5 വർഷം വീതം തടവും 10,000 ദിനാർ വീതം പിഴയും വിധിച്ച് ശിക്ഷിച്ചു. മറ്റ് രണ്ട് കേസുകളിൽ വ്യവസായിക്ക് 5 വർഷം വീതം തടവും 10,000 ദിനാർ വീതം പിഴയും അധികമായി വിധിച്ചു. ഇതോടെയാണ് വ്യവസായിയുടെ ആകെ ശിക്ഷാകാലയളവ് 15 വർഷം തടവും പിഴത്തുക 30,000 ദിനാറുമായി ഉയർന്നത്.The post നീതിന്യായ മന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനത്തിൽ തിരിമറി: വ്യവസായിക്ക് 15 വർഷം തടവും 30,000 ദിനാർ പിഴയും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.