ദുബൈ|അബൂദബിയെയും ഷാർജയെയും ദുബൈ വഴി നേരിട്ട് ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ നീളമുള്ള പുതിയ നാലാം പാതയുടെ നിർമാണത്തിന് അംഗീകാരം നൽകി. ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് സുപ്രധാന റോഡ് വികസന പദ്ധതിക്ക് അനുമതി നൽകിയത്. പദ്ധതിയുടെ ആദ്യഘട്ടം 35 കോടി ദിർഹം ചെലവിലാണ് പൂർത്തിയാക്കുക.ഷാർജയിലെ അൽ ശനൂഫ് സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച് ദുബൈ-അൽ ഐൻ റോഡ് വഴി അബൂദബി പ്രവേശന കവാടം വരെ നീളുന്നതാണ് പുതിയ ഇടനാഴി.ഇരുവശങ്ങളിലുമായി 12 വരികളോടെ ഒരുക്കുന്ന പാതയിൽ 72 പാലങ്ങളും 17 തുരങ്കങ്ങളും ഉൾപ്പെടും. മണിക്കൂറിൽ ഇരു ദിശകളിലേക്കുമായി 24,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ പാത. 31 ലക്ഷത്തിലധികം താമസക്കാർക്ക് ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പദ്ധതി വഴിയൊരുക്കും.പ്രധാന എമിറേറ്റുകൾ തമ്മിലുള്ള യാത്രാസമയം 60 ശതമാനം വരെ കുറക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ പ്രധാന ദേശീയപാതകളിലെ ഗതാഗതക്കുരുക്കിന് വലിയ തോതിൽ പരിഹാരമാകുന്നതിനൊപ്പം ദുബൈയുടെ വടക്ക് തെക്ക്, കിഴക്ക് – പടിഞ്ഞാറ് മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത ധമനിയായി ഇത് മാറും. സാധാരണ യാത്രക്കാർക്കൊപ്പം ചരക്കുനീക്കത്തിനും വാണിജ്യ ഗതാഗതത്തിനും പുതിയ ഇടനാഴി വലിയ കരുത്തേകും.അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെയും ദേശീയ ഇത്തിഹാദ് റെയിൽ ശൃംഖലയെയും പുതിയ പാതയുമായി ബന്ധിപ്പിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിലൂടെ വ്യോമ, റെയിൽ, കര ഗതാഗത സംവിധാനങ്ങൾ പരസ്പരം കോർത്തിണക്കപ്പെടും. ഒപ്പം 45 അത്യാധുനിക മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങളും ഇതിന്റെ ഭാഗമായി സജ്ജീകരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിൽ ദുബൈ നടത്തുന്ന നിക്ഷേപങ്ങൾ സാമ്പത്തിക മുന്നേറ്റത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വഴിയൊരുക്കുമെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി.Content Highlights:The UAE approved an 80km fourth corridor linking Abu Dhabi, Dubai, and Sharjah to reduce travel time by up to 60 percent. Approved by Sheikh Hamdan, the 12-lane highway will handle 24,000 vehicles per hour. The project connects key hubs, including Al Maktoum Airport and the Etihad Rail network.