പീഡനക്കേസ്; മുന്‍ തെഹല്‍ക്കാ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാല്‍ കീഴടങ്ങി

Wait 5 sec.

പനാജി|പീഡനക്കേസില്‍ മുന്‍ തെഹല്‍ക്കാ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി. ഗോവയിലെ കോടതിയിലാണ് കീഴടങ്ങിയത്. 2013ല്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ബോംബെ ഹൈക്കോടതി 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിക്കുന്നതിന് മുന്‍പായി കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് കീഴടങ്ങല്‍. നാലാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാനായിരുന്നു കോടതി നല്‍കിയ നിര്‍ദ്ദേശം.2013ലാണ് തരുണ്‍ തേജ്പാലിനെതിരെ കേസെടുക്കുന്നത്. 2013 നവംബറില്‍ ഗോവയിലെ പ്രമുഖ ഹോട്ടലിലെ ലിഫ്റ്റിനുള്ളില്‍ വച്ച് സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് തേജ്പാലിനെതിരെയുള്ള കേസ്. കേസില്‍ 2021 മേയില്‍ ഗോവ സെഷന്‍സ് കോടതി തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തരുണ്‍ തേജ്പാലിനെ വെറുതെ വിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവിനെതിരെ ഗോവ സര്‍ക്കാരും ഇരയായ പെണ്‍കുട്ടിയും നല്‍കിയ അപ്പീല്‍ പരിഗണിച്ച ബോംബെ ഹൈക്കോടതി ഓഗസ്റ്റ് 6ന് സെഷന്‍സ് കോടതിയുടെ വിധി റദ്ദുചെയ്ത് തേജ്പാലിന് 10 വര്‍ഷത്തെ കഠിന തടവ് ശിക്ഷ വിധിക്കുകയായിരുന്നു.ഹൈക്കോടതി വിധിക്കെതിരെ തേജ്പാല്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നിയമപോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നും സുപ്രീംകോടതിയില്‍ നിന്നും തനിക്ക് നീതി ലഭിക്കുമെന്ന പൂര്‍ണ്ണ പ്രതീക്ഷയുണ്ടെന്നുമാണ് തേജ്പാല്‍ പ്രതികരിക്കുന്നത്.മേല്‍ക്കോടതി അപ്പീല്‍ പരിഗണിക്കുന്നതിന് മുന്‍പ് കീഴടങ്ങണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കീഴടങ്ങിയെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമേ അപ്പീല്‍ അടിയന്തരമായി വാദം കേള്‍ക്കുകയുള്ളൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് തേജ്പാല്‍ കോടതിയില്‍ കീഴടങ്ങിയത്. തേജ്പാലിന് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗോവ സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.Content Highlights:Former Tehelka Chief Tarun Tejpal surrendered in a Goa court after the Bombay High Court sentenced him to ten years in prison for a 2013 assault case. The surrender follows Supreme Court directions to submit proof before hearing his appeal. The Goa government sought a life sentence.