വീഴ്ചകളുണ്ടെങ്കിൽ വധിക്കലാണോ വഴി?

Wait 5 sec.

അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പേരില്‍ പശ്ചിമ ബംഗാളില്‍ മദ്റസകള്‍ അടച്ചുപൂട്ടാനുള്ള നീക്കം ആശങ്കാജനകമാണ്. മദ്റസകളുടെ പ്രവര്‍ത്തനം, അംഗീകാരം, അടിസ്ഥാന സൗകര്യം എന്നിവ സംബന്ധിച്ച് ജൂണ്‍ മുതല്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ- മദ്റസാ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാപകമായ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നിര്‍ദേശാനുസാരമായിരുന്നു സര്‍വേ. അതേസമയം മദ്റസകളില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് പഞ്ചായത്ത് ഗ്രാമവികസന മന്ത്രി ദിലീപ്ഘോഷ് പറയുന്നത്. ബംഗാളിലെ ഭീകരാക്രമണങ്ങളില്‍ മദ്റസാ അധ്യാപകര്‍ക്ക് പങ്കുണ്ടത്രെ.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നത് ശരിയല്ല. അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാര്‍ഥികളുടെ സുരക്ഷ, അധ്യാപകരുടെ യോഗ്യത, ശുചിത്വം, രേഖകളുടെ കൃത്യത എന്നിവയും ഉറപ്പ് വരുത്തണം. മദ്റസകള്‍ ഇതില്‍ നിന്നൊഴിവല്ല. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പഠനനിലവാരം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ പരിശോധനയും ആകാം. എന്നാല്‍ ഈ പരിശോധനയുടെ ലക്ഷ്യം നിയമം നടപ്പാക്കലോ പ്രത്യേക സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തലോ? അടച്ചുപൂട്ടല്‍ നടപടിയെ ദേശവിരുദ്ധ ആരോപണവുമായി കൂട്ടിക്കെട്ടുമ്പോള്‍ ഈ സംശയം ബലപ്പെടുന്നു.അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പേരില്‍ മദ്റസകള്‍ അടച്ചുപൂട്ടുന്ന സര്‍ക്കാര്‍ ആദ്യം സ്വന്തം വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കണ്ണോടിക്കേണ്ടതുണ്ട്. വടക്കന്‍ ബംഗാളിലെ ഗ്രാമീണ മേഖലകളില്‍ പല സര്‍ക്കാര്‍ സ്‌കൂളുകളും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ദയനീയാവസ്ഥയിലാണ്. ആവശ്യത്തിന് ക്ലാസ്സ് മുറികളും ശുചി മുറികളുമില്ല, കുടിവെള്ളം പോലും ലഭ്യമല്ല. ആവശ്യത്തിന് അധ്യാപകരുമില്ല. ഒരു അധ്യാപകന്‍ മാത്രമുള്ള സ്‌കൂളുകളുമുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ കണക്ക് പ്രകാരം സംസ്ഥാനത്തെ ഏക അധ്യാപക സ്‌കൂളുകളുടെ എണ്ണം 6,769 വരും. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഇത്തരം വീഴ്ചകളും പോരായ്മകളും കാണാതെ മദ്റസകള്‍ അടച്ചു പൂട്ടാന്‍ ധൃതി കാട്ടുന്നതിന്റെ താത്പര്യമെന്താണ് ? മദ്റസകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സുരക്ഷിതമായ കെട്ടിടവും ശുചിമുറിയും കുടിവെള്ളവും വേണമെന്നത് ശരി, സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കും അതേ അവകാശങ്ങളില്ലേ? മദ്‌റസകളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രം മതിയോ സംരക്ഷണം? നിയമം നടപ്പാക്കുമ്പോള്‍ സ്ഥാപനത്തിന്റെ മതപരമായ സ്വഭാവമല്ല;വിദ്യാര്‍ഥികളുടെ അവകാശങ്ങളും സുരക്ഷയും പഠന നിലവാരവുമാണ് പരിഗണിക്കേണ്ടത്. അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച പരിശോധന മദ്റസകള്‍ക്കെന്ന പോലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും ബാധകമാക്കുകയും വീഴ്ച കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുകയും വേണം. അതില്ലാതെ വരുന്‌പോഴാണ് നടപടി സംശയാസ്പദമാകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മദ്റസകള്‍ക്കെതിരെയുള്ള നീക്കത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം കൂടി വിലയിരുത്തേണ്ടതുണ്ട്. ബി ജെ പി ഭരിക്കുന്ന അസം, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രമാണ് മദ്റസകളില്‍ രാജ്യദ്രോഹ പ്രവര്‍ത്തനം ആരോപിക്കപ്പെടുന്നതും ഭരണകൂടം അടച്ചുപൂട്ടലുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുന്നതും. മതേതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം പ്രവണതകളുണ്ടാകുന്നില്ല. പശ്ചിമ ബംഗാളില്‍ 15 വര്‍ഷത്തെ ടി എം സി ഭരണത്തില്‍ മദ്റസകളുമായി ബന്ധപ്പെട്ട് ഒരുവിധ ആരോപണവും ഉയര്‍ന്നിരുന്നില്ല. സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മേയില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് ആരോപണങ്ങള്‍ ഉയരുന്നത്.കേവലം മത പാഠശാലകളല്ല പശ്ചിമ ബംഗാളിലുള്‍പ്പെടെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും മദ്റസകള്‍. കേരളത്തിലെ മദ്റസകളില്‍ നിന്ന് വ്യതിരിക്തമായി സ്‌കൂളുകള്‍ക്ക് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എയ്ഡഡ്/അംഗീകൃത സ്ഥാപനങ്ങളാണ് അവ. എന്‍ സി ഇ ആര്‍ ടി സിലബസനുസരിച്ച് കണക്ക്, ഇംഗ്ലീഷ്, സയന്‍സ് തുടങ്ങിയ പൊതുവിഷയങ്ങളും പഠിപ്പിക്കുന്നുണ്ട് ഈ സ്ഥാപനങ്ങളില്‍. ഇതുകാരണം അമുസ്ലിം വിദ്യാര്‍ഥികളും ഇവിടെ പഠനം നടത്തുന്നു. ഔദ്യോഗിക കണക്കനുസരിച്ച് യു പിയിലെ മദ്റസകളല്‍ 9,741 ഹിന്ദു വിദ്യാര്‍ഥികളും ഉത്തരാഖണ്ഡിലെ മദ്റസകളില്‍ 700 ഹിന്ദു വിദ്യാര്‍ഥികളും പഠനം നടത്തുന്നുണ്ട്. യഥാര്‍ഥ എണ്ണം ഇതിനേക്കാള്‍ വളരെ കൂടുതല്‍ വരും. പശ്ചിമ ബംഗാളിലെ ചില മദ്റസകളില്‍ 50 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ മുസ്ലിമേതര വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഇത്തരം വസ്തുതകള്‍ക്കു നേരെ കണ്ണടച്ച് വര്‍ഗീയതയുടെ പേരില്‍ മാത്രമാണ് മദ്റസകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത്.ഇന്ത്യന്‍ ഭരണഘടന മതസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസാവകാശത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നുണ്ട്. ഭരണഘടനയുടെ 14ാം അനുഛേദം നിയമത്തിനു മുമ്പിലുള്ള സമത്വം ഉറപ്പ് നല്‍കുകയും 15ാം അനുഛേദം മതത്തിന്റെ പേരിലുള്ള വിവേചനം നിരോധിക്കുകയും ചെയ്യുന്നു. 30ാം അനുഛേദം ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശവും നല്‍കുന്നു. ഇതടിസ്ഥാനത്തിലാണ് പതിറ്റാണ്ടുകളായി രാജ്യത്തെമ്പാടും മുസ്ലിംകള്‍ മദ്റസകളും മക്തബകളും നടത്തുന്നത്. ഈ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന സമത്വത്തിനും സ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമാണ്. നടത്തിപ്പിലെ വീഴ്ചകള്‍ക്ക് ക്രിയാത്മകമായ നടപടി സ്വീകരിക്കാം. മറിച്ച് നിഗ്രഹിക്കലാവരുത് ലക്ഷ്യം. ഇക്കാര്യത്തില്‍ മതവിവേചനവും അരുത്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാര്യത്തില്‍ ഒരേ നിലപാട് സ്വീകരിക്കേണ്ടതും അനിവാര്യമാണ്.