ആഗോള നികുതി സൗഹൃദ രാജ്യമായി യു എ ഇ

Wait 5 sec.

ദുബൈ | ആഗോള നിക്ഷേപകർക്കും പ്രവാസികൾക്കും ഏറ്റവും അനുയോജ്യമായ നികുതി സൗഹൃദ രാജ്യങ്ങളുടെ ആഗോള പട്ടികയിൽ യു എ ഇ ഒന്നാം സ്ഥാനം നേടി. അന്താരാഷ്ട്ര റസിഡൻസി, പൗരത്വ ആസൂത്രണ സ്ഥാപനമായ “ഗ്ലോബൽ സിറ്റിസൺ സൊല്യൂഷൻസ്’ (ജി സി എസ്) 48 രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ആഗോള സൂചികയിലാണ് യു എ ഇ ഒന്നാമതെത്തിയത്.വ്യക്തിഗത ആദായനികുതിയുടെ പൂർണമായ അഭാവം, തുച്ഛമായ അഞ്ച് ശതമാനം മൂല്യവർധിത നികുതി (വാറ്റ്), രാജ്യം വിട്ടുപോകുന്ന താമസക്കാർക്ക് എക്‌സിറ്റ് ടാക്‌സ് ഏർപ്പെടുത്താത്ത സാഹചര്യം എന്നിവയാണ് യു എ ഇയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. നികുതി ഭാരം, നികുതി ഘടന, നിക്ഷേപ അധിഷ്ഠിത കുടിയേറ്റം എന്നീ മൂന്ന് പ്രധാന ഘടകങ്ങളെ മുൻനിർത്തി 11 സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.ആന്റിഗ്വ ആൻഡ് ബാർബുഡ, പരാഗ്വെ, ഹോങ്കോങ്, ബഹാമാസ് എന്നിവയാണ് ആദ്യ അഞ്ചിൽ ഇടംപിടിച്ച മറ്റ് രാജ്യങ്ങൾ. മികച്ച നികുതി ഇളവുകളിലൂടെ യൂറോപ്പിൽ നിന്ന് മാൾട്ടയും സൈപ്രസും ആദ്യ പത്തിൽ ഇടംനേടി. നികുതി ഇളവുകൾക്ക് പുറമെ ഉയർന്ന ജീവിതനിലവാരം, മികച്ച ആരോഗ്യ സേവനങ്ങൾ, സുരക്ഷ എന്നിവയിലും ആഗോള തലത്തിൽ യു എ ഇ ഏറെ മുന്നിലാണെന്ന് പഠനം അടിവരയിടുന്നു.പല രാജ്യങ്ങളിലും പൂജ്യ നികുതി സംവിധാനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഉയർന്ന ജീവിതനിലവാരവും ശക്തമായ ഭരണസംവിധാനവും ഒത്തിണങ്ങിയ സമഗ്രമായ അന്തരീക്ഷം യു എ ഇയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഉയർന്ന നികുതി ചുമത്തുന്ന അമേരിക്കയാണ് സൂചികയിൽ ഏറ്റവും പിന്നിലുള്ളത്. സമ്പന്ന രാജ്യങ്ങളായ ഫ്രാൻസ്, ജപ്പാൻ, ജർമനി തുടങ്ങിയ ഇടങ്ങളിൽ 50 മുതൽ 60 ശതമാനം വരെ പാരമ്പര്യ നികുതി ഈടാക്കുമ്പോൾ, ആദ്യ 13 സ്ഥാനങ്ങളിലുള്ള രാജ്യങ്ങളിൽ ഇത്തരം നികുതികളൊന്നുമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.Content Highlights:The UAE has been ranked first globally among the most tax-friendly countries for investors and expats by Global Citizen Solutions. The ranking highlights the nation’s zero personal income tax, low VAT rate, and absence of exit tax. High quality of life and safety also contributed to the top score.