ഇഎഫ്എൽ നിയമപ്രകാരം കർഷകരുടെ ഭൂമി നിർബന്ധിതമായി പിടിച്ചെടുക്കില്ല: മന്ത്രി ഷിബു ബേബി ജോൺ

Wait 5 sec.

വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം വർധിപ്പിക്കുംപരിസ്ഥിതിലോല നിയമങ്ങൾ പ്രകാരം കർഷകരുടെ ഭൂമി നിർബന്ധിതമായി പിടിച്ചെടുക്കില്ലെന്ന്  കർഷക സംഘടനകൾക്ക് വനം മന്ത്രി ഷിബു ബേബി ജോണിന്റെ ഉറപ്പ്. ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമുണ്ടായാൽ നഷ്ടപരിഹാരം നൽകി മാത്രം ഏറ്റെടുക്കും. 98 വില്ലേജുകളെ മാത്രം ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും. ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടം മേഖലയെയും ഇഎസ്എ പരിധിയിൽ നിന്നും പൂർണമായും ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ സംബന്ധിച്ച് മലയോര മേഖലയിലെയും വനാതിർത്തി പ്രദേശങ്ങളിലെയും കർഷക സംഘടനാ പ്രതിനിധികളുമായി സെക്രട്ടേറിയറ്റിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണത്തിൽ വിളനാശത്തിനടക്കം കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരം ഗണ്യമായി വർധിപ്പിക്കുമെന്നും അത് സമയബന്ധിതമായി ലഭ്യമാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.വനാതിർത്തി പ്രദേശങ്ങളിലെ എംപിമാർ, എം എൽഎമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, കർഷക സംഘടനകൾ, പരിസ്ഥിതി സംഘടനകൾ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിഷൻ ഡോക്യുമെന്റ് മന്ത്രി യോഗത്തിൽ അവതരിപ്പിച്ചു. വനവൽക്കരണം ശക്തമാക്കിയും പുൽമേടുകളും ജൈവ വനങ്ങളും പുനഃസ്ഥാപിച്ചും വനത്തിനുള്ളിൽ കുടിവെള്ളത്തിനായി സോളാർ പമ്പുകൾ, മഴക്കുഴി എന്നിവ സ്ഥാപിച്ചും വന്യമൃഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.കേരളത്തിന്റെ വനാതിർത്തികളിൽ സുരക്ഷാ സംവിധാനം ഒരുക്കും. ഹോട്ട് സ്‌പോട്ടുകളിൽ ത്രിതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. മൃഗങ്ങളെ അകറ്റാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ദൃശ്യ-ശ്രവ്യ സംവിധാനം ഒരുക്കും. 25 പുതിയ ദ്രുത കർമ സേനയെ നിയോഗിക്കും. ഡ്രോൺ സ്‌ക്വാഡ് ഏർപ്പെടുത്തും. വന്യമൃഗങ്ങളെ പ്രതിരോധിക്കാനും കർഷകന് ബദൽ വരുമാനമാർഗം കണ്ടെത്താനും സ്മാർട്ട് ഫാമിങ് നടത്തണമെന്നും മന്ത്രി നിർദേശിച്ചു. വനാതിർത്തികളിലേക്ക് മൃഗങ്ങളെ ആകർഷിക്കാതിരിക്കാൻ മഞ്ഞൾ, ഇഞ്ചി, നാരകം തുടങ്ങിയ കൃഷികൾ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാലിന്യനിക്ഷേപമാണ് മൃഗങ്ങളെ ആകർഷിക്കുന്ന പ്രധാന ഘടകം എന്നതിനാൽ സംസ്‌കരണം ശക്തമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും.വനസംരക്ഷണത്തിനൊപ്പം കർഷക ക്ഷേമവും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വകുപ്പും കർഷകരും സഹകരിച്ചു പോകണം. യഥാർഥ കർഷകരുടെ താല്പര്യങ്ങൾ സർക്കാർ സംരക്ഷിക്കും. എന്നാൽ കയ്യേറ്റക്കാരോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. അത്തരക്കാരെ കർഷകർ തന്നെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഭൂമിക്ക് എൻഒസികൾ നൽകുന്നത് സംബന്ധിച്ച കാലതാമസം പരിഹരിക്കാൻ അദാലത്തുകൾ നടന്നുവരികയാണ്. അവിടെ ലഭിച്ച പരാതികൾ സമയബന്ധിതമായി തീർപ്പാക്കിവരുന്നു. തുടർന്നും അദാലത്തുകൾ സംഘടിപ്പിക്കും. 38 അദാലത്തുകളിലൂടെ 5.31 കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്തു. 100 ദിവസത്തിനകം 519 കിലോമീറ്റർ വിസ്താ ക്ലിയറൻസ് നടത്തി. കാട്ടുപന്നി നിയന്ത്രണത്തിന് തോക്ക് ലൈസൻസുള്ള ഏത് വ്യക്തിയെയും ഷൂട്ടർ ആയി നിയോഗിക്കാൻ ഉത്തരവിറക്കിയതായും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.തോക്ക് ലൈസൻസ് ലഭിക്കുന്നതിന് ഏറ്റവുമധികം തടസ്സം സൃഷ്ടിക്കുന്നത് വനം വകുപ്പ് ആണെന്നും അതിന് പരിഹാരം കാണണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ജണ്ടയെ ഔദ്യോഗിക വനാതിർത്തിയായി പ്രഖ്യാപിക്കണം. മാങ്കുളം വനമായി പ്രഖ്യാപിച്ച വിജ്ഞാപനം തിരുത്തണം. വനാതിർത്തിക്ക് പുറത്തുള്ള പ്രകൃതി വിഭവങ്ങൾ യഥേഷ്ടം ഉപയോഗിക്കാനുള്ള അനുമതി നൽകണം. ഇടുക്കിയിലും ക്യാരിയിങ് കപ്പാസിറ്റി പഠനം നടത്തണം എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ കർഷകരുടെ ഭാഗത്ത് നിന്ന് ഉയർന്നുവന്നു. വിവിധ കർഷക സംഘടനാ പ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.