നമുക്ക് വേണം ഇറേസറുകള്‍

Wait 5 sec.

കടലാസുപെൻസിലിനൊരു ധൈര്യമുണ്ട്. വരയുന്നത് തെറ്റിയാൽ തിരുത്താനാളുണ്ടെന്ന ധൈര്യം! ശരികളിലേക്കെത്തും വരെ തിരുത്തിന് അവസരമുണ്ടെന്ന കരുത്ത്. തിരുത്തപ്പെടാതെ കിടക്കുന്ന അക്ഷരങ്ങളും ചിത്രീകരണങ്ങളും വികൃതമായിരിക്കും. ആർക്കും വേണ്ടാത്തത്. തിരുത്തപ്പെട്ടതോ, ചന്തമുള്ളത്! വടിവൊത്തത്! ആളുകൾ കാശ് കൊടുത്ത് വാങ്ങി കൊണ്ട് പോകും ചുവരിൽ തൂക്കും, നോക്കി നോക്കി ആസ്വദിക്കും. തിരുത്തലുകളില്ലാത്ത മനുഷ്യജീവിതം ദൂഷ്യങ്ങളിൽ നിന്ന് ദൂഷ്യങ്ങളിലേക്ക് ആപതിച്ച് കൊണ്ടിരിക്കും.അച്ചടക്കങ്ങളില്ലാതെ തന്നിഷ്ടങ്ങളെ മറ്റെന്തിനെക്കാളും വലുതായി കണ്ട് അത്തരക്കാർ സ്വയമില്ലാതാകുന്നു. ആർക്കും വേണ്ടാത്തവർ. മാറാനൊരുക്കമല്ലാത്ത കരിമ്പാറ ഹൃദയർ. കരിമ്പാറകളിൽ ചിലത് തെളിനീർ കിനിക്കാറുണ്ട്. അതിനേക്കാൾ കടുത്തു പോയിരിക്കുന്നു അവരുടെ ഹൃദയമെന്ന് വിശുദ്ധ ഖുർആൻ വിമർശിച്ചിട്ടുണ്ട്.തിരുത്തപ്പെട്ടവരോ. എത്രയോ മുന്നോട്ട് ഗമിച്ചവരാണവർ. ഹൃദയത്തിലെ വെളിച്ചക്കനലുകൾ വീണ്ടും വീണ്ടും എണ്ണയൊഴിച്ച് ജ്വലിപ്പിച്ചവർ. ചെകുത്താന്റെ കറകൾ ആത്മജ്ഞാനത്തിന്റെ ക്ലോറെക്സിട്ട് അലക്കിയെടുത്തവരാണവർ. വെളിച്ചത്തിൽ നിന്നും വെളിച്ചത്തിലേക്ക്. സ്വിറാതുൻ മുസ്‌തകീമിലേക്ക് ചേർന്ന് ചേർന്ന് നിൽക്കുന്നവർ. തന്നെ തിരുത്തിയവർക്ക് വേണ്ടി “എന്റെ പോരായ്‌മകൾ എനിക്ക് സമ്മാനമായി ചൂണ്ടിക്കാട്ടി തരുന്ന മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടെ’ എന്ന് ഗൗരവ ശ്രദ്ധയോടെ ജീവിച്ച ഉമർ ബിൻ ഖത്വാബ് (റ) പ്രാർഥിക്കാറുണ്ടായിരുന്നത്രേ.മനുഷ്യരെ തിരുത്താനായിരുന്നല്ലോ നബിമാരുടെ ആഗമനം. കറകളായി കുമിഞ്ഞ നിലപാടുകളെ അവർ മനുഷ്യരുടെ ഹൃദയങ്ങളിൽ നിന്ന് ശുദ്ധികലശം നടത്തി. അത് അവരിൽ വിശ്വാസത്തിന്റെ സ്ഥൈര്യവും ബലവും നിലനിർത്തി. പ്രളയവും കൊടുങ്കാറ്റും ക്ഷുഭിതമായ കടലും പീഡനങ്ങളും അവർക്ക് മുന്നിൽ തോറ്റമ്പി പോയി. അനുസരിക്കാത്ത ജനം പരാജയത്തിന്റെ കൈപ്പുനീർ കുടിച്ചു കൊണ്ടിരുന്നു. പ്രളയം വിഴുങ്ങി കടൽ മുക്കി, നിൽപ്പു മണ്ണ് കീഴ്മേൽ മറിഞ്ഞു.തിരുദൂതരുടെ (സ) ഹൃദയത്തെ പിളർത്തിയത് ഓർക്കുന്നില്ലേ. മനുഷ്യരിൽ സഹജമായുള്ള ശൈത്വാനികാംശത്തെ തിരുനബിയിൽ നിന്ന് കഴുകിക്കളയുകയായിരുന്നു. അവിടുത്തെ ശിഷ്യരായ സ്വഹാബ ആ വെളിച്ചം കൊണ്ടു, തിരുത്തലുകൾക്ക് വിധേയരായി. നക്ഷത്ര സമാനർ !! ആരെയും നിങ്ങൾക്ക് തുടരാമെന്ന് സധൈര്യം പറയാൻ മാത്രം വളർച്ച നേടിയവർ. തിരുനബി(സ)യെ കേട്ടും കണ്ടും അനുഭവിച്ചും ചോദിച്ചും തിരുത്തുകൾ ഉൾക്കൊണ്ടുമാണ് അവർ താരകങ്ങളിലേക്കെത്താനുള്ള വഴി വെട്ടിയത്. അവരെ കുറിച്ച് അനിഷ്‌ടം പറയാൻ തുനിയരുതെന്നാണ് മതം. അത്രമേൽ പദവിയുണ്ടവർക്ക്. വിശ്വാസികളുടെ പ്രയാണവും ആ താരകങ്ങളിലേക്കുള്ള സഞ്ചാരപഥത്തിലാകണം.ജീവിതത്തിൽ മതത്തെ ചൈതന്യത്തോടെ ആവിഷ്കരിക്കുന്ന നല്ലൊരു ഗുരു നമുക്കുണ്ടാകണം. കാര്യങ്ങളിൽ അദ്ദേഹത്തെ പിൻപറ്റണം. ആ മാർഗദർശനത്തിനു വെളിയിൽ കടക്കാൻ ശ്രമിക്കരുത്. നല്ല പ്രാവീണ്യമുള്ള ഡോക്ടറുടെ മുന്നിൽ രോഗി ഏത് വിധേനയാണോ ആജ്ഞാനുവർത്തിയാകുന്നത് അതേപോലെ. നമ്മളുദ്ദേശിക്കുന്ന കാര്യങ്ങൾ അവരുമായി ചർച്ച ചെയ്യണം. അവരുടെ തൃപ്തികൾക്ക് മുൻഗണന നൽകണം. സ്വഹാബത്തിന്റെ ജീവിതമതായിരുന്നു.പ്രബോധിത സമൂഹത്തെ വിമലീകരിച്ച അമ്പിയാക്കളുടെ ദൗത്യം ഏറ്റെടുത്തവരാണ് ഉലമാക്കൾ. അമ്പിയാഇന്റെ അനന്തരാവകാശികൾ. കാര്യങ്ങൾ ഉലമാഇനോട് ചോദിച്ചറിയണമെന്ന് വിശുദ്ധ ഖുർആൻ സൂറ: നഹ്ൽ 43ലും സൂറ: അമ്പിയാഅ് ഏഴിലും പറയുന്നുണ്ട്. അവർ ദീർഘ വീക്ഷണമുള്ളവരാണ്. സാഹചര്യങ്ങളെയും സന്ദർഭങ്ങളെയും വിലയിരുത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്നവരാണ്. വിശ്വാസത്തിന്റെ വർണപ്പൊതിയിൽ ചുരുട്ടിയ വ്യാജ മിഠായികളെ പൊടുന്നനെ അവർ തിരിച്ചറിയുന്നു.പ്രത്യക്ഷത്തിലും അകത്ത് ചെന്നാലും ചൂഴ്ന്ന് നോക്കിയാലും കണ്ടെന്ന് വരാത്ത അതീവ ഗുപ്‌തമായത് പോലും അവർ വിജ്ഞാന വെളിച്ചം കൊണ്ട് കണ്ടെത്തുന്നു. അറിവിന്റെ വേരുകൾ റഡാറുകളായും ഡിറ്റക്ടറുകളായും തെർമൽ ക്യാമറകളായും അവരിൽ പ്രവർത്തിക്കുന്നുവെന്ന് സാരം. ചില ഡോക്ടർമാർ രോഗിയെ ഒറ്റനോട്ടത്തിൽ തന്നെ പരിശോധിച്ച് രോഗനിർണയം നടത്തും. ചിലർക്കൊന്ന് സ്പർശിച്ചാൽ മതി. ചിലർക്ക് ചില ലക്ഷണങ്ങൾ കണ്ടാൽ മതി. ആ കലയിലവർ പ്രാവീണ്യം നേടിയിരിക്കുന്നു. എന്നതു പോലെ അഗാധമായ ആത്മീയ ജ്ഞാനമുള്ളവർ മനുഷ്യരുടെ ഹൃദയ രോഗങ്ങളെയും വിശ്വാസ ദൗർബല്യങ്ങളെയും മനസ്സിലാക്കി ചികിത്സ നിർദേശിക്കുന്നു, മരുന്നെഴുതുന്നു.അറിവ് വിറ്റ് ഭൗതികതയെ വാങ്ങി കൂട്ടാത്തവർ, പറയുന്നത് ജീവിതത്തിൽ പകർത്തിയവർ, അനാവശ്യങ്ങളെയും തർക്കങ്ങളെയും അടുപ്പിക്കാത്തവർ, മിതമായ വിഭവങ്ങളിൽ സംതൃപ്തരായവർ, തീരുമാനങ്ങൾ യോഗ്യരോടൊപ്പമുള്ള ദീർഘമായ ആലോചനകളിലൂടെ നടപ്പാക്കുന്നവർ തുടങ്ങി നല്ല ഗുരുവിന്റെ വിശേഷണം അദ്കിയ എണ്ണുന്നുണ്ട്.വ്യാജ വൈദ്യന്മാരെമ്പാടും ചുറ്റുമുണ്ടല്ലോ? തഥൈവ ഉലമാ വേഷത്തിൽ ചിലരുമുണ്ട്. കണ്ടറിഞ്ഞാൽ അപകടം പിണയില്ല. ഉലമാഇനെ വേണ്ട വിധം മനസ്സിലാക്കാത്തവർ/പരിഗണിക്കാത്തവർ എന്റെ കൂട്ടക്കാരല്ലെന്നാണ് തിരുനബി(സ) പറഞ്ഞത്.മേത്തരം പദവികളുള്ളവരെന്നാണ് അവരെ കുറിച്ച് വിശുദ്ധ ഗ്രന്ഥം പറഞ്ഞത്. അവരോട് ഭവ്യതയും ബഹുമാനവും സേവനമനസ്‌കതയും കാണിച്ച് നമ്മുടെ സംസ്കാരത്തെ പുനഃക്രമീകരിച്ച് കൊണ്ടിരിക്കണം. അവരെ അവമതിക്കുന്നവർ കപടരാണെന്നാണ് തിരുനബി(സ) പക്ഷം.തിരുത്തപ്പെട്ടുകൊണ്ടിരിക്കേണ്ടവനാണ് മനുഷ്യൻ. അവന്റെ ചിന്തകളെ, വാക്കുകളെ, പദ്ധതികളെ, പ്രവൃത്തികളെയെല്ലാം തിരുത്തലുകൾക്ക് വിധേയമാക്കപ്പെടണം.നമ്മൾ ശരിയെന്ന് കരുതിവെച്ചത് പലതും ഭീമാബദ്ധമായിരിക്കും; തിരിച്ചും. പശ്ചാത്തലങ്ങൾ, സംബോധകർ, രീതി, ഭാവം, മാനസികാവസ്ഥ എല്ലാറ്റിന്റെയും ഭേദങ്ങൾക്കനുസരിച്ച് മികച്ച ശരിയും വ്യത്യാസപ്പെടും.വളരെ സൂഷ്മമായി ശാസ്‌ത്രീയ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയ നിരീക്ഷണങ്ങൾ പോലും തിരുത്തലുകൾക്ക് വിധേയമാകുന്നുവെന്നിരിക്കേ കൂടുതൽ ആലോചനകളില്ലാതെ വൈകാരികമായി പരിമിതബുദ്ധിയോടെയുള്ള നമ്മുടെ നീക്കങ്ങളിൽ അബദ്ധം പിണയാമെന്നത് ഉറപ്പല്ലേ. അത്തരം പിഴവുകൾ തിരുത്താൻ തയ്യാറാവുന്ന മനുഷ്യനാണ് മികവുള്ളവനും വിവേകിയും.ഉലമാഇനോടുള്ള ഇഴയടുപ്പം നമ്മിലുള്ള ആറ് കാര്യങ്ങളെ പുനർ നിർണയിക്കും. സംശയങ്ങളിൽ നിന്ന് ഉറപ്പിലേക്ക്, പ്രകടനപരതയിൽ നിന്ന് ആത്മാർഥതയിലേക്ക്, അശ്രദ്ധയിൽ നിന്ന് ജാഗ്രതയിലേക്ക്, ഭൗതിക താത്പര്യങ്ങളിൽ നിന്ന് ആത്മീയ ബോധത്തിലേക്ക്, അഹങ്കാരത്തിൽ നിന്ന് വിനയത്തിലേക്ക്, ദുരുദ്ദേശ്യങ്ങളിൽ നിന്ന് സദുദ്ദേശ്യങ്ങളിലേക്ക് അവർ പരിവർത്തിക്കപ്പെടും.“കാര്യങ്ങളെ ശ്രദ്ധിച്ച് കേൾക്കുകയും ഉത്തമമായതിനെ പിന്തുടരുകയും ചെയ്യുന്നവർ, അവരത്രെ അല്ലാഹു മാർഗനിർദേശം നൽകിയവർ, അവരത്രെ വിവേകമുള്ളവർ’ എന്ന സൂറ: സുമറിന്റെ (18) വാക്യം നല്ലതിനെ കേട്ട് ഉൾക്കൊള്ളാനുള്ള വിശ്വാസികളുടെ മനസ്സിനെയാണ് പ്രചോദിപ്പിക്കുന്നത്. തിരുത്തലുകളെ തന്റെ മുന്നോട്ടുള്ള ഗമനത്തിന്റെ ഇന്ധനമായാണ് കാണേണ്ടത്.Content Highlights:True growth requires continuous self-correction under proper Islamic guidance. Islam emphasizes following authentic Ulama who lead believers from doubt to certainty and ego to humility. Emulating the Prophet and Sahaba ensures spiritual transformation and success in life and the hereafter.