കലയും കണക്കും സമന്വയിക്കുന്ന ചരടുപിന്നിക്കളി; മെഗാ അവതരണം സെപ്റ്റംബർ 18-ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ

Wait 5 sec.

മനാമ: അന്യംനിന്നുപോകുന്ന പരമ്പരാഗത സംഘനൃത്തകലയായ ചരടുപിന്നിക്കളിയുടെ മെഗാ അവതരണത്തിന് ബഹ്‌റൈൻ സാക്ഷ്യം വഹിക്കുന്നു. ബഹ്‌റൈൻ കേരളീയ സമാജം (BKS) സംഘടിപ്പിക്കുന്ന ഓണാഘോഷമായ ‘ശ്രാവണം 2026’-ന്റെ ഭാഗമായി സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 7:30-ന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് ഈ അപൂർവ്വ കലാവിരുന്ന് അരങ്ങേറുന്നത്.സമാജം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ബൃഹത് പരിപാടിയിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെ നൂറിലധികം കലാകാരന്മാർ അണിനിരക്കും. നർത്തകരുടെ അതീവ ശ്രദ്ധയും താളബോധവും ഒത്തൊരുമയും ആവശ്യമായ കൃത്യമായ ചുവടുകളും ഗണിതശാസ്ത്രവും സമന്വയിക്കുന്ന ഈ കലാരൂപം സംവിധാനം ചെയ്യുന്നത് പ്രമുഖ നാടക പ്രവർത്തകൻ വിഷ്ണു നാടകഗ്രാമമാണ്. നിമ്മി റോഷൻ, വിജിന സന്തോഷ് എന്നിവരാണ് പരിപാടിയുടെ ഏകോപനം നിർവ്വഹിക്കുന്നത്.ഊഞ്ഞാൽ തുന്നിക്കളി, ഉറി തുന്നിക്കളി, ആളെ ചുറ്റിക്കളി, കച്ചപ്പുറം തുന്നൽ എന്നിങ്ങനെ നാല് വൈവിധ്യമാർന്ന പരമ്പരാഗത ശൈലികളിലാണ് ചരടുപിന്നിക്കളി വേദിയിൽ അവതരിപ്പിക്കുന്നത്.കേരളത്തിന്റെ തനത് കലാപൈതൃകം വിളിച്ചോതുന്ന ഈ ദൃശ്യവിരുന്ന് ആസ്വദിക്കാൻ എല്ലാ കലാപ്രേമികളെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി.കെ.എസ് പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ, വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ് എന്നിവർ അറിയിച്ചു.The post കലയും കണക്കും സമന്വയിക്കുന്ന ചരടുപിന്നിക്കളി; മെഗാ അവതരണം സെപ്റ്റംബർ 18-ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.