അണികളുടെ “തിരുത്ത്’, ഒടുവിൽപി ജെ സെക്രട്ടേറിയറ്റിൽ

Wait 5 sec.

കണ്ണൂർ | സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിൽ കണ്ണൂരിൽ നിന്നുള്ള നേതാക്കളുടെ അപ്രമാദിത്വം ഉറപ്പിച്ചപ്പോഴും കഴിഞ്ഞ സമ്മേളനത്തിൽ പടിക്കുപുറത്ത് നിർത്തിയ ജില്ലയിലെ മുതിർന്ന നേതാവായ പി ജയരാജനെ അസാധാരണ നീക്കത്തിലൂടെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത് അണികളുടെ “തിരുത്തലി’ൽ. നേതാവിനും സാധാരണ പ്രവർത്തകനുമിടയിലെ അകലം കുറയ്ക്കുന്ന രാഷ്ട്രീയശൈലി പാർട്ടി നേതൃത്വം തിരിച്ചുകൊണ്ടുവരണമെന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ പ്രധാന ചർച്ചയും തിരുത്തുമാണ് വലിയൊരു വിഭാഗം പാർട്ടി അണികൾക്കിടയിൽ സ്വീകാര്യനായ ജയരാജന് സെക്രട്ടേറിയറ്റിലേക്കുള്ള വഴിയൊരുക്കിയത്.പ്രായപരിധി മാനദണ്ഡം കർശനമാക്കുന്ന പാർട്ടിയിൽ അടുത്ത സമ്മേളനകാലത്ത് 75 വയസ്സിലെത്തുന്ന ജയരാജന് സംസ്ഥാന സമിതിയിൽ നിന്ന് ഉയർച്ച ലഭിക്കില്ലെന്ന് കരുതിയിടത്ത് നിന്നാണ് പുതിയ പദവി അദ്ദേഹത്തെ തേടിയെത്തുന്നത്. സംസ്ഥാന കമ്മിറ്റിയിലെ മുതിർന്ന അംഗങ്ങളിലൊരാളായ പി ജയരാജനെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതിരുന്നത് കഴിഞ്ഞ സമ്മേളനകാലത്ത് നീതികേടായി വിലയിരുത്തപ്പെട്ടിരുന്നു. അണികൾക്കിടയിൽ പ്രതിഷേധം പുകഞ്ഞപ്പോഴും നേതൃത്വം അതൊന്നും കണക്കിലെടുത്തിരുന്നില്ല. വ്യക്തികൾക്ക് ചുറ്റുമല്ല, പാർട്ടിയിലാണ് ആളുകളെ അണിനിരത്തേണ്ടതെന്ന് അന്ന് പ്രവർത്തന റിപോർട്ടിൽ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടിയതിന് പിന്നാലെ തന്നെ ജയരാജന്റെ നേതൃസ്ഥാനം സംസ്ഥാന കമ്മിറ്റിയിലൊതുങ്ങുമെന്ന് വ്യക്തമായിരുന്നു. പി ജയരാജന്റെ ത്യാഗമോ പ്രവർത്തനപാരമ്പര്യമോ പരിഗണിക്കാതെ പല വിവാദങ്ങളിലും പെട്ടത് കാരണമാക്കി സംസ്ഥാന നേതൃത്വം വഴിയടച്ചെങ്കിലും വിവാദങ്ങളുടെ വഴിയിലായിരുന്ന ചിലരെ നേതൃത്വം കൈവിടാതിരുന്നത് വലിയ ചർച്ചയായിരുന്നു. മാത്രമല്ല ജയരാജന്മാരിലെ സീനിയോറിറ്റി പരിഗണിച്ചാൽ മൂന്നാം സ്ഥാനത്തുള്ള എം വി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയതും കഴിഞ്ഞ സമ്മേളനകാലത്തെ രാഷ്ട്രീയ ചർച്ചകളില്‍ ഇടംപിടിച്ചിരുന്നു.2010 മുതൽ 2019 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു പി ജയരാജൻ. 2019ൽ വടകര പാർലിമെന്റ്മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നതിന് മുന്നോടിയായാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. വടകര മണ്ഡലത്തിൽ പരാജയപ്പെട്ടെങ്കിലും ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവന്നില്ല. പിന്നീടിങ്ങോട്ടുള്ള ഏഴ് കൊല്ലത്തിനിടെ പാർട്ടിയുടെ മറ്റൊരു ചുമതലകളും ജയരാജൻ വഹിച്ചിരുന്നില്ല.2021ൽ ഖാദി ബോർഡ് ചെയർമാൻ സ്ഥാനം മാത്രമാണ് പാർട്ടി ജയരാജന് നൽകിയിരുന്നത്.അധികാരത്തിൽ മൂന്നാമൂഴം കരുതിയിരുന്ന പാർട്ടിക്ക് ഇക്കുറി കനത്ത തിരിച്ചടി നേരിട്ടതോടെ ജയരാജൻ നേതൃസ്ഥാനത്തെത്തണമെന്ന മുറവിളിയും ശക്തമായിരുന്നു.കണ്ണൂരിലുൾപ്പെടെ പാർട്ടി സംവിധാനത്തിന്റെ സ്വഭാവവും പ്രവർത്തകരുടെ മനോഭാവവും വളരെ അടുത്തറിയുന്ന, പാർട്ടി സംഘടനയിലും അണികൾക്കിടയിലും വലിയ സ്വാധീനമുള്ള ഒരു നേതാവിനെ പാർട്ടിയുടെ നിർണായകമായ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം ഇപ്പോൾ കൈക്കൊള്ളുമ്പോൾ പാർട്ടിക്ക് പ്രത്യേകിച്ച്, ഇക്കുറി വലിയ വോട്ടുചോർച്ചയുണ്ടായ കണ്ണൂരിലുൾപ്പെടെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.Content Highlights:Senior leader P Jayarajan has been inducted into the CPM State Secretariat in an extraordinary organizational move driven by cadre demands for course correction. The decision addresses long-standing discontent among grassroot workers over Jayarajan being sidelined despite his immense popularity. Party leadership expects his elevation to boost organizational strength, particularly in key strongholds like Kannur.