മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിലെ ജീവനക്കാരുടെ കുടിശ്ശികയായ ശമ്പള ഗഡുക്കൾ ഉടൻ കൊടുത്തുതീർക്കണമെന്നും അധ്യാപകരുടെ ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്നും ഇൻഡക്സ് ബഹ്‌റൈൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം ഓവർഡ്രാഫ്റ്റ് എടുത്ത് എത്രയും വേഗം നൽകുമെന്ന് ജൂലൈയിലെ ജനറൽ ബോഡി യോഗത്തിൽ ഭരണസമിതി വ്യക്തമാക്കിയതാണ്. എന്നാൽ ജൂലൈയിലെ ശമ്പളത്തിന്റെ 75 ശതമാനം നൽകിയത് ഓഗസ്റ്റ് ആദ്യവാരത്തിലാണെന്നും ബാക്കി 25 ശതമാനം ഈയിടെ മാത്രമാണ് കൊടുത്തതെന്നും സംഘടന ചൂണ്ടിക്കാട്ടി. ഓഗസ്റ്റിലെ പകുതി ശമ്പളം മാത്രമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. രണ്ടു മാസത്തെ ലീവ് സാലറി നൽകിവന്നിരുന്ന പതിവിൽ മാറ്റം വരുത്തി, ഓഗസ്റ്റിലെ ലീവ് സാലറി സെപ്റ്റംബറിൽ സ്‌കൂൾ തുറന്നതിനു ശേഷം മാത്രമേ നൽകൂ എന്ന നിലപാടിലാണ് പിപിഎ ഭരണസമിതി. സെപ്റ്റംബർ പകുതിയായിട്ടും ഈ തുക നൽകാൻ തയ്യാറായിട്ടില്ല. വലിയ സാമ്പത്തിക പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ജീവനക്കാരോട് കൃത്യമായ വിവരങ്ങൾ അറിയിക്കാൻ മാനേജ്‌മെന്റ് തയ്യാറാകണം.മാത്രവുമല്ല, വിദ്യാലയത്തിൽ പല ക്ലാസുകളിലും പ്രധാന വിഷയങ്ങൾ പഠിപ്പിക്കാൻ മതിയായ അധ്യാപകരില്ല. സിബിഎസ്ഇ പുതിയ സിലബസ് പ്രകാരം ശ്രദ്ധയോടെ പഠിപ്പിക്കേണ്ട മുതിർന്ന ക്ലാസുകളിലെ മാത്തമാറ്റിക്‌സ് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് ഈ പ്രതിസന്ധി. പുതിയ അധ്യാപക നിയമനത്തിനും സാമ്പത്തിക പ്രതിസന്ധിയാണോ തടസ്സമെന്ന് ഭരണസമിതി വ്യക്തമാക്കണം.രക്ഷിതാക്കൾ യഥാസമയം ഫീസടക്കാത്തത് മാത്രമല്ല ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അമിതമായ ചിലവുകളും ആസൂത്രണമില്ലായ്മയും അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളുമാണ് സ്‌കൂളിനെ ഈ അവസ്ഥയിലെത്തിച്ചത്. റിഫ ക്യാമ്പസിന്റെ ലോൺ അടച്ചുതീർത്തതും ട്രാൻസ്‌പോർട്ട് ഫീസ് രണ്ടു ദിനാർ വർദ്ധിപ്പിച്ചത് വഴി ആ വിഭാഗം ലാഭത്തിലായതും വസ്തുതയായിരിക്കെ സ്കൂളിന്റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയ്ക്ക് ഉത്തരം നൽകേണ്ടത് ഭരണസമിതിയാണ്.ഫീസ് കൺസഷൻ അർഹരായവർക്കാണോ ലഭിക്കുന്നതെന്ന് പരിശോധിക്കണം. തിരഞ്ഞെടുപ്പിൽ വോട്ട് നേടാനുള്ള ഉപാധിയായി ഫീസ് കൺസഷൻ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. കൂടാതെ, കൃത്യമായി ഫീസടക്കാത്തവരിൽ നല്ലൊരു പങ്കും ഭരണസമിതിയുടെ ഭാഗമായ ആളുകളാണെന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. ഈ വിഷയത്തിൽ രക്ഷിതാക്കളുമായി തുറന്ന ചർച്ചയ്ക്ക് മാനേജ്‌മെന്റ് തയ്യാറാകണം. സ്‌കൂളിനെ സഹായിക്കാൻ രക്ഷിതാക്കൾ തയ്യാറാണെങ്കിലും ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതികൾ മാറേണ്ടതുണ്ട്. അടിയന്തിരമായി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യാനും അധ്യാപകരുടെ ഒഴിവുകൾ നികത്താനും കൂട്ടായ ചർച്ചകൾക്ക് മാനേജ്‌മെന്റ് വഴി കണ്ടെത്തണമെന്ന് ഇൻഡക്സ് ബഹ്‌റൈൻ ആവശ്യപ്പെട്ടു.The post ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടൻ തീർപ്പാക്കണം; അധ്യാപക ക്ഷാമം പരിഹരിക്കണം: ഇൻഡക്സ് ബഹ്‌റൈൻ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.