തിരുവനന്തപുരം | സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്നലെ ഒറ്റ ദിവസം പെയ്ത മഴയില്‍ സംസ്ഥാനത്ത് വന്‍ നാശനഷ്ടമാണുണ്ടായത്. മലപ്പുറത്തും ഇടുക്കിയിലും കോട്ടയത്തുമായി ആറ് മരണം. അടുത്ത മൂന്ന് മണിക്കൂറില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.മലപ്പുറം കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ നാല് പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ ഇന്നലെ ഉണ്ടായ മലവെള്ള പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് പേര്‍ മരിച്ചു. 6 പേര്‍ ഒഴുക്കില്‍ പെട്ടതായാണ് വിവരം. കോട്ടക്കല്‍ എടരിക്കോട് സ്വദേശി അനസ് മാങ്ങാടന്‍,തിരൂര്‍ സ്വദേശി മുഹമ്മദ് കുട്ടി എന്നിവരാണ് മരിച്ചത്. കരുവാരകുണ്ട് സ്വദേശി റഹീം(35), വണ്ടൂര്‍ കോട്ടക്കുന്നു സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മല്‍ കുറുപ്പത്ത് റഫീഖ് (41), ടികെ നഗര്‍ സ്വദേശി സജിത എന്നിവരെയാണ് കാണാതായത്.ഇടുക്കി അടിമാലിയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വട്ടവട കൊട്ടാക്കമ്പൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബാലകൃഷ്ണണന്‍, ചിന്നു എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചില്‍ ഉണ്ടായി. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പലയിടത്തും മരം വീണു. കോട്ടയം തീക്കോയിയില്‍ ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചു. ചെന്നൈ ജവഹര്‍നഗര്‍ സ്വദേശി സംഗീത അരുള്‍ ലാലാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു.നേര്യമംഗലം, ചീയപ്പാറ, വാളറ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ദേവിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്താംമൈലിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അടിമാലിക്ക് സമീപം പഴമ്പള്ളിച്ചാലില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ചീയപ്പാറക്കും ആറാം മൈലിനും ഇടയില്‍ വെള്ളക്കെട്ടുമുണ്ടായി. ചീയപ്പാറയില്‍ വാഹനത്തിന് മുകളില്‍ കല്ല് പതിച്ചു. ആര്‍ക്കും പരിക്കില്ലകോട്ടയത്ത് രണ്ട് മരണംഇടുക്കി ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വൈകുന്നേരം ശക്തമായ മഴയാണ് പെയ്തത്. തീക്കോയി, തലനാട്, പൂഞ്ഞാര്‍, അടിവാരം, വാഗമണ്‍ മേഖലയിലാണ് കൂടുതല്‍ ദുരിതം. മീനച്ചില്‍ ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. നദിയില്‍ കലങ്ങിമറിഞ്ഞ വെള്ളമാണ്. വാഗമണ്‍ – ഈരാറ്റുപേട്ട റോഡില്‍ ഗതാഗത തടസ്സപ്പെട്ടെങ്കിലും നിലവില്‍ ഭാഗികമായി പുനസ്ഥാപിച്ചു. മാര്‍മല അടക്കമുള്ള വെള്ളചാട്ടങ്ങളില്‍ ശക്തമായ വെള്ളം ഒഴുക്കാണ്. തീക്കോയി വാഗമണ്‍ റൂട്ടില്‍ കാരികാട് ടോപ്പില്‍ മണ്ണിടിഞ്ഞ് രണ്ടു കാറുകള്‍ക്ക് മുകളിലേക്ക് വീണു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.കോഴിക്കോട് തീരദേശ മേഖലയിലും മഴ ശക്തമായി. പരപ്പന്‍പൊയില്‍ – പുന്നശ്ശേരി റോഡില്‍ മണ്ണ് ഇടിഞ്ഞു. കത്തറമ്മല്‍ ഭാഗത്ത് റോഡിനു സംക്ഷണഭിത്തി കെട്ടുന്നതിനായി മണ്ണെടുത്ത ഭാഗത്താണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് വന്‍ തോതില്‍ മണ്ണ് ഇടിഞ്ഞുവീണു. റോഡില്‍ നിന്ന് കുത്തിയൊലിച്ചെത്തുന്ന വെള്ളം താഴെയുള്ള വീട്ടുമുറ്റത്തേക്കാണ് വീഴുന്നത്. ഇതോടെ വീടും അപകട ഭീഷണിയിലാണ്.അടുത്ത മൂന്ന് മണിക്കൂറില്‍ ആറു ജില്ലകളില്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്നലെ വിവിധ ജില്ലകളില്‍ കനത്ത മഴ പെയ്തതോടെ വൈദ്യുതി ഉപഭോഗത്തില്‍ വന്‍ കുറവുണ്ടായതോടെ ഇന്നലെ പവര്‍കട്ട് വേണ്ടിവന്നില്ലെന്നാണ് കെ എസ് ഇ ബി പറയുന്നത്. Content Highlights:Heavy rains triggered flash floods and landslides across Kerala, resulting in six deaths and leaving four people missing in Malappuram. The IMD issued an Orange alert for six districts including Idukki, Kottayam, and Malappuram. Search operations continue while authorities relocate families.