ഫുട്ബോള്‍ ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ കായിക വിനോദമാണ്. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലുമെല്ലാം കോടിക്കണക്കിന് ആളുകള്‍ ഫുട്ബോളിനെ സ്നേഹിക്കുന്നു. എന്നാല്‍ കേരളത്തിലേത് പോലെ ലോക ഫുട്ബോളിനോടുള്ള തീവ്രമായ ആരാധനയും വൈകാരിക അടുപ്പവും കാണുന്നത് അപൂര്‍വമാണ്. ലോകത്ത് മറ്റെവിടെയും കാണാത്ത തരത്തിലുള്ള ഫുട്ബോള്‍ ലഹരി മലയാളികള്‍ക്കുണ്ട്. അതിനെതിരെ പല രൂപത്തിലുള്ള വിമര്‍ശങ്ങള്‍ ഉയര്‍ന്നു വരുന്നു. വിമര്‍ശങ്ങളിലെ തീവ്രത കാരണം അതിന്റെ മര്‍മം തിരിച്ചറിയാതെ പോകരുത്.ലോകകപ്പ് കാലത്ത് കേരളത്തിലെ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും കാഴ്ചകളില്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും പോര്‍ച്ചുഗലിന്റെയും ഫ്രാന്‍സിന്റെയും കൂറ്റന്‍ പതാകകള്‍ ഉയര്‍ത്തുന്നു. ലോകപ്രശസ്ത താരങ്ങളുടെ ഭീമന്‍ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നു. രാത്രിയുറക്കം പോലും ഉപേക്ഷിച്ച് ആഴ്ചകളോളം ഇതിന് പരിശ്രമിക്കുന്നു. ചിലപ്പോള്‍ സ്വന്തം രാജ്യത്തിന്റെ ദേശീയ ആഘോഷങ്ങളേക്കാള്‍ ആവേശത്തോടെ വിദേശ രാജ്യങ്ങളുടെ വിജയങ്ങള്‍ ആഘോഷിക്കുന്ന കാഴ്ചകളും കേരളത്തില്‍ കാണാം.ഈ ആവേശത്തിന് ചില നല്ല വശങ്ങളുണ്ട്. ഫുട്ബോള്‍ യുവാക്കളെ ഒരുമിപ്പിക്കുന്നു. കളിയെക്കുറിച്ചുള്ള ചര്‍ച്ചകളും സൗഹൃദ മത്സരങ്ങളും സമൂഹത്തില്‍ ഉന്മേഷം സൃഷ്ടിക്കുന്നു. അനാവശ്യമായ ലഹരിയില്‍ നിന്ന് ആരോഗ്യകരമായ കളിയിലേക്ക് ശ്രദ്ധ വരുന്നു.എന്നാല്‍ ഈ ലഹരി ചിലപ്പോള്‍ അതിരുവിടുന്ന അവസ്ഥയിലേക്കും പോകുന്നുണ്ട്. ഫുട്ബോള്‍ സ്നേഹം അന്ധമായ ആരാധനയായി മാറുമ്പോള്‍ അതിന്റെ യഥാര്‍ഥ ലക്ഷ്യം നഷ്ടപ്പെടുന്നു. ഫുട്ബോള്‍ ആഘോഷങ്ങളുടെ പേരില്‍ നടക്കുന്ന അനാവശ്യ പണച്ചെലവുകളും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഫ്ലക്സുകളും കട്ടൗട്ടുകളും അലങ്കാരങ്ങളും നിര്‍മിക്കുന്ന പ്രവണത ഇന്ന് വ്യാപകമാണ്. അതേസമയം പല പ്രദേശങ്ങളിലും കുട്ടികള്‍ക്ക് കളിക്കാന്‍ നല്ല ഗ്രൗണ്ടുകളില്ല. കായിക പരിശീലന കേന്ദ്രങ്ങള്‍ അപര്യാപ്തമാണ്. പ്രതിഭകളായ നിരവധി കുട്ടികള്‍ക്ക് സാമ്പത്തിക പരിമിതികള്‍ കാരണം കളിരംഗത്ത് മുന്നേറാന്‍ കഴിയാതെ പോകുന്നു. വിദേശ ടീമുകളുടെ പതാകകള്‍ക്കായി ചെലവഴിക്കുന്ന തുകയുടെ ഒരു ഭാഗമെങ്കിലും നാട്ടിലെ കായിക വികസനത്തിനായി മാറ്റിവെച്ചാല്‍ അത് സമൂഹത്തിന് വലിയ നേട്ടമാകും. നല്ല ഗ്രൗണ്ട്, പരിശീലന ക്യാമ്പ് എന്നിവ ഭാവി തലമുറക്ക് വലിയ നിക്ഷേപമായിരിക്കും.മലയാളികളുടെ ഫുട്ബോള്‍ ആവേശത്തെ ക്രിയാത്മകമായ ശക്തിയാക്കി മാറ്റേണ്ട സമയമാണിത്. മെസ്സിയെയും റൊണാള്‍ഡോയെയും ആരാധിക്കുന്ന യുവാക്കള്‍ അവരുടെ ജീവിതത്തിലെ കഠിനാധ്വാനവും അച്ചടക്കവും പഠിക്കണം. ലോകപ്രശസ്ത താരങ്ങള്‍ ഒരു ദിവസം കൊണ്ട് ഉയര്‍ന്നുവന്നവരല്ല. വര്‍ഷങ്ങളുടെ പരിശീലനവും ത്യാഗവും ആത്മസമര്‍പ്പണവുമാണ് അവരെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. കേരളത്തിലെ ഗ്രാമങ്ങളില്‍ ഫുട്ബോള്‍ ക്ലബ്ബുകളും പരിശീലന കേന്ദ്രങ്ങളും രൂപപ്പെടണം. ലോകകപ്പ് കാണുന്ന കുട്ടികള്‍ നല്ല കളിക്കാരാകാന്‍ പ്രചോദനം നേടണം. കാണികളായി മാത്രം നില്‍ക്കാതെ കളിക്കളത്തിലിറങ്ങുന്ന ഒരു തലമുറ വളര്‍ന്നുവരണം. ഫുട്ബോള്‍ ആവേശം കേരളത്തില്‍ നിന്ന് കൂടുതല്‍ ദേശീയ- അന്തര്‍ദേശീയ താരങ്ങളെ സൃഷ്ടിക്കുന്നതിലേക്ക് നയിക്കണം. ഇന്ന് വിദേശ താരങ്ങളെക്കുറിച്ച് മണിക്കൂറുകളോളം സംസാരിക്കുന്ന യുവാക്കള്‍ നാളെയുടെ മികച്ച പരിശീലകരും സംഘാടകരും കളിക്കാരുമായി മാറേണ്ടതുണ്ട്.കളിയുടെ ഏറ്റവും വലിയ സൗന്ദര്യം അത് പഠിപ്പിക്കുന്ന മൂല്യങ്ങളാണ്. ടീം സ്പിരിറ്റ്, പരസ്പര ബഹുമാനം, സഹിഷ്ണുത, അച്ചടക്കം, സമയനിഷ്ഠ, കഠിനാധ്വാനം, വിജയത്തിലെ വിനയം, പരാജയത്തിലെ ക്ഷമ എന്നിവയെല്ലാം ഫുട്ബോളിന്റെ പാഠങ്ങളാണ്. ജീവിത വിജയത്തിനും ഈ മൂല്യങ്ങള്‍ അനിവാര്യമാണ്. ഒരു നല്ല ഫുട്ബോള്‍ ടീം എങ്ങനെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വിജയിക്കുന്നുവോ അതുപോലെ സമൂഹത്തിന്റെയും പുരോഗതി കൂട്ടായ പരിശ്രമത്തിലൂടെയാണ് സാധ്യമാകുന്നത്. അതുകൊണ്ട് ലോക ഫുട്ബോള്‍ മലയാളികളുടെ ലഹരിയായിരിക്കട്ടെ. എന്നാല്‍ അത് കണ്ണടച്ച ആരാധനയോ ധൂര്‍ത്തായ ആഘോഷമോ ആകരുത്. യുവത്വത്തെ ഉണര്‍ത്തുന്നതും കായികരംഗത്തെ വളര്‍ത്തുന്നതും സമൂഹത്തിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നതുമായ ഒരു സൃഷ്ടിപരമായ ശക്തിയായി അത് മാറണം. ലോകത്തിലെ മികച്ച ഫുട്ബോള്‍ ആരാധകര്‍ എന്ന വിശേഷണത്തോടൊപ്പം ലോകോത്തര ഫുട്ബോള്‍ താരങ്ങളെ സൃഷ്ടിക്കുന്ന നാടെന്ന വിശേഷണവും കേരളം നേടുമ്പോഴായിരിക്കും ഈ ലഹരി യഥാര്‍ഥ അര്‍ഥത്തില്‍ വിജയിക്കുക.