മൗലികാവകാശം ഇരുമ്പഴിക്കുള്ളില്‍

Wait 5 sec.

ശിക്ഷിക്കപ്പെട്ട കുറ്റവാളികളേക്കാള്‍ കൂടുതല്‍ വിചാരണത്തടവുകാര്‍ പാര്‍ക്കുന്ന ഇടങ്ങളായി ഇന്ത്യന്‍ ജയിലുകള്‍ മാറിയിട്ട് പതിറ്റാണ്ടുകളായി. ഒരു പൗരന്‍ കുറ്റക്കാരനാണെന്ന് കോടതി അന്തിമമായി വിധിക്കുന്നതിന് മുമ്പ് തന്നെ വര്‍ഷങ്ങളോളം അയാളെ ഇരുമ്പഴിക്കുള്ളില്‍ തളച്ചിടുന്നത് ജനാധിപത്യ സമൂഹത്തിന് അപമാനമാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയേക്കാള്‍ കൂടുതല്‍ കാലം വിചാരണത്തടവുകാരനായി ഒരാള്‍ക്ക് ജയിലില്‍ കഴിയേണ്ടി വരുന്നത് നിയമവാഴ്ചയുടെ പരാജയമാണ്. കുറ്റം സംശയാതീതമായി തെളിയിക്കപ്പെടും വരെ ഒരാള്‍ നിരപരാധിയാണെന്ന ക്രിമിനല്‍ നിയമശാസ്ത്രത്തിലെ സുവര്‍ണ തത്ത്വമാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്.നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളെ അടിസ്ഥാനമാക്കി അശോക യൂനിവേഴ്സിറ്റി (സെന്റര്‍ ഫോര്‍ ഇക്കോണമിക് ഡാറ്റാ ആന്‍ഡ് അനാലിസിസ്) അടക്കമുള്ള വിവിധ സ്ഥാപനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ രാജ്യത്തെ ജയില്‍ സംവിധാനം നേരിടുന്ന അതിദയനീയമായ അവസ്ഥ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ ജയില്‍ തടവുകാരില്‍ 77 ശതമാനത്തിലധികവും വിചാരണത്തടവുകാരാണ് എന്നതാണ് യാഥാര്‍ഥ്യം. ലോകത്ത് ഏറ്റവും കൂടുതല്‍ വിചാരണത്തടവുകാര്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നാണ് വിവിധ അന്താരാഷ്ട്ര പഠനങ്ങളും റിപോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.വിചാരണത്തടവുകാരില്‍ ഗണ്യമായൊരു വിഭാഗം ദളിത്, ആദിവാസി, ഒ ബി സി, മുസ്ലിം സമൂഹങ്ങളില്‍ നിന്നുള്ളവരാണ്. സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥയും, മികച്ച നിയമസഹായം ലഭിക്കാനും ജാമ്യത്തുക കെട്ടിവെക്കാനുമുള്ള പ്രയാസവും തുടങ്ങിയ ഘടകങ്ങള്‍ പോലും പലപ്പോഴും ഇവരെ ജയിലിനുള്ളില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ 21ാം അനുഛേദം, ഓരോ പൗരനും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നുണ്ട്. വിചാരണ പോലുമില്ലാതെ വര്‍ഷങ്ങളോളം ജയിലിലടക്കുന്നത് ഈ മൗലികാവകാശത്തിന്റെ നഗ്നമായ ലംഘനമാണ്. വിചാരണത്തടവുകാരുടെ അവകാശങ്ങളെക്കുറിച്ച് സുപ്രീം കോടതി പലപ്പോഴായി പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ അതീവ ശ്രദ്ധേയമാണ്. 1979ലെ ചരിത്രപ്രസിദ്ധമായ ‘ഹുസൈനാര ഖാത്തൂന്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ബിഹാര്‍’ കേസില്‍, വേഗത്തിലുള്ള വിചാരണ എന്നത് 21ാം അനുഛേദ പ്രകാരം ഒരു പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി അടിവരയിട്ടു പറഞ്ഞിട്ടുണ്ട്.വിചാരണാ ഘട്ടത്തില്‍ കേവലം പ്രതികളായ മനുഷ്യരെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കുന്ന പ്രവണതകള്‍ക്കെതിരെയും ഉന്നത കോടതികള്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. കുറ്റാരോപിതനായ വ്യക്തിക്ക് അന്തസ്സോടെയുള്ള പെരുമാറ്റം ലഭിക്കാന്‍ അവകാശമുണ്ടെന്നാണ് വിവിധ കേസുകളില്‍ സുപ്രീം കോടതിയും ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുള്ളത്. ഗൗതം നവലാഖ വേഴ്സസ് നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കേസിന്റെ വിധിന്യായത്തില്‍, വിചാരണത്തടവുകാരായ രോഗികള്‍ക്ക് സ്വന്തം ചെലവില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള അവകാശം സുപ്രീം കോടതി അംഗീകരിച്ചിരുന്നു.തടവറക്കുള്ളിലാണെങ്കിലും മനുഷ്യത്വപരമായ പരിഗണനയും ആരോഗ്യസംരക്ഷണവും മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് ഇത്തരം വിധികള്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോലും പുറത്ത് വരുന്ന വാര്‍ത്തകള്‍, വിചാരണാ തടവുകാരായിട്ട് പോലും പര്യാപ്തമായ ചികിത്സ ലഭിക്കാതെ വര്‍ഷങ്ങളോളം ജയിലിനുള്ളില്‍ കിടന്ന് തടവുകാര്‍ മരണമടയുന്നതാണ്.എന്നാല്‍ ചിലപ്പോഴെങ്കിലും ചില കേസുകളില്‍, വിചാരണ അനാവശ്യമായി വൈകുന്നത് ജാമ്യം അനുവദിക്കുന്നതിനുള്ള പ്രധാന ഘടകമായി വിവിധ കോടതികള്‍ പരിഗണിച്ചിട്ടുള്ളത് ആശാവഹമാണ്. സമീപകാലത്തെ ചില വിധിന്യായങ്ങള്‍, വ്യക്തിസ്വാതന്ത്ര്യവും വേഗത്തിലുള്ള വിചാരണക്കുള്ള അവകാശവും ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഓര്‍മിപ്പിക്കുന്നുണ്ട്. കര്‍ശനമായ നിയമങ്ങളിലെ ജാമ്യനിഷേധ വ്യവസ്ഥകളേക്കാള്‍ വലുതാണ് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വിചാരണ അസാധാരണമായി വൈകുന്ന സാഹചര്യങ്ങളില്‍ ജാമ്യം അനുവദിക്കാന്‍ ഭരണഘടനാ കോടതികള്‍ക്ക് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.ഈ പശ്ചാത്തലത്തിലാണ് വിചാരണത്തടവുകാരുടെ മോചനത്തിനായി സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാനമായ ‘ഭീം സിംഗ് വേഴ്സസ് യൂനിയന്‍ ഓഫ് ഇന്ത്യ’ വിധിന്യായം പ്രസക്തമാകുന്നത്. മോചനത്തിന് അര്‍ഹരായ തടവുകാരെ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും ജുഡീഷ്യല്‍ ഓഫീസര്‍മാരും ഭരണകൂട പ്രതിനിധികളും ഉള്‍പ്പെടുന്ന ‘അണ്ടര്‍ട്രയല്‍ റിവ്യൂ കമ്മിറ്റി’ കൃത്യമായി യോഗം ചേരണമെന്നും ജാമ്യ വിഷയങ്ങളില്‍ വിചാരണാ കോടതികള്‍ നിയമത്തിന്റെ മാനുഷികവും ഉദാരവുമായ സമീപനം സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതിലോ വിചാരണ പൂര്‍ത്തിയാക്കുന്നതിലോ ഉണ്ടാകുന്ന അനാവശ്യ കാലതാമസം പ്രതിയുടെ ജാമ്യാവകാശത്തെ ശക്തിപ്പെടുത്തുന്ന ഘടകമാണെന്നും കോടതി ശക്തമായി ഓര്‍മപ്പെടുത്തിയെന്നത് വിചാരണാ തടവുകാര്‍ക്ക് പ്രതീക്ഷയുടെ ചെറുവെളിച്ചം നല്‍കുന്ന വാര്‍ത്തയാണ്.ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയിലെ 479ാം വകുപ്പ് പ്രകാരം ഒരാള്‍ക്ക് ചുമത്തപ്പെട്ട കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയുടെ പകുതി കാലയളവ് അയാള്‍ വിചാരണത്തടവുകാരനായി കഴിഞ്ഞാല്‍ വ്യക്തിഗത ജാമ്യത്തില്‍ മോചനം ലഭിക്കുന്നതിന് അര്‍ഹതയുണ്ടാകും. ആദ്യമായി കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ചില സാഹചര്യങ്ങളില്‍ മൂന്നിലൊന്ന് കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ തന്നെ ആനുകൂല്യം ലഭിക്കുന്നതിനുള്ള വ്യവസ്ഥയും നിയമത്തിലുണ്ട്. എന്നാല്‍ ഇതേ വകുപ്പിലെ ചില വ്യവസ്ഥകള്‍ ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരുടെയോ ഒന്നിലധികം കേസുകളില്‍ വിചാരണ നേരിടുന്നവരുടെയോ കാര്യത്തില്‍ ഈ ആനുകൂല്യത്തിന്റെ പ്രയോഗത്തെ പരിമിതപ്പെടുത്തുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. അന്വേഷണ ഏജന്‍സികള്‍ ഒന്നിലധികം വകുപ്പുകള്‍ ഒരുമിച്ച് ചുമത്തുന്ന സാഹചര്യത്തില്‍, ഈ വ്യവസ്ഥയുടെ പ്രയോജനം ലഭിക്കാതെ പോകാനുള്ള സാധ്യത അധികമാണ്. കുറ്റാരോപണത്തിന്റെ മേലുള്ള ഓരോ അറസ്റ്റും നിയമ നടപടി ക്രമത്തിലെ പ്രാഥമിക ഘട്ടം ആണെങ്കിലും കുറ്റം തെളിയിക്കപ്പെടുന്നത് വരെ പ്രതിയുടെ അഭിമാനം വെച്ച് പന്താടാനുള്ള അവസരം കൂടിയാണ്. കുറ്റവിമുക്തനാക്കപ്പെട്ടാല്‍ പോലും ജനദൃഷ്ടിയില്‍ മരണം വരെയും ക്രിമിനലായി കഴിയേണ്ടി വരുന്നു എന്നതാണ് യാഥാര്‍ഥ്യം.കോടതികളില്‍ കോടിക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്നതും ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതും അന്വേഷണ ഏജന്‍സികളുടെ കാലതാമസവും ഒരു പൗരന്റെ ജീവിതം തകര്‍ക്കാന്‍ കാരണമാകരുത്. വിചാരണത്തടവുകാരുടെ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കൂടുതല്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുകയും വിചാരണാ നടപടികള്‍ക്ക് യുക്തിസഹമായ സമയപരിധികള്‍ ഉറപ്പാക്കുകയും വേണം. അതോടൊപ്പം, ഭീം സിംഗ് വിധിയിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുകയും തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ കൂടുതല്‍ സജീവമായി ഇടപെടുകയും ചെയ്യേണ്ടതുണ്ട്.വിചാരണാ എന്ന പേരില്‍ വര്‍ഷങ്ങളോളം മനുഷ്യരെ ജയിലിലിടുന്നത് അപ്രഖ്യാപിതവും ക്രൂരവുമായ ശിക്ഷയാണ്. ജയില്‍ മോചിതനാകുമ്പോഴേക്കും ഒരാളുടെ യൗവനവും ജീവിതവും കുടുംബബന്ധങ്ങളും സാമൂഹിക നിലയും എല്ലാം തകര്‍ന്നിട്ടുണ്ടാകും. ഇനിയെങ്കിലും നമ്മുടെ നിയമസംവിധാനങ്ങള്‍ വിചാരണത്തടവുകാരെ നീതിയുക്തമായി പരിഗണിക്കാന്‍ തയ്യാറാകണം. ഒരു വ്യാജ പരാതിയുടെ മേല്‍ നാളെ ഏതൊരാളും ഇത്തരത്തില്‍ ക്രൂശിക്കപ്പെട്ടേക്കാമെന്ന ബോധവും കരുതലും ഓരോ പൗരനും ഉണ്ടാകണം.