കെ ടി കുഞ്ഞിക്കണ്ണൻമലയാളിയുടെ സാഹിത്യത്തിലും ആധുനികജീവിതത്തിലും ഇതിഹാസതുല്യമായ സ്ഥാനമാണ് വൈക്കം മുഹമ്മദ് ബഷീറിനുള്ളത്. ബഷീറിന്റെ ജീവിതത്തിൽ ഗാന്ധിജിയും മാർക്‌സും അഗാധമായ സ്വാധീനം ചെലുത്തിയിരുന്നു. ഗാന്ധിജിയുടെ ധർമ്മധീരതയും മാർക്‌സിന്റെ മർദ്ദിതർക്കായി സമർപ്പിക്കപ്പെട്ട ജീവിതവും ആദർശപ്രചോദിതമായിരുന്നുവെന്ന് ബഷീർ തന്നെ എഴുതിയിട്ടുണ്ട്. 1908-ൽ ജനിച്ച ബഷീറിന്റെ വ്യക്തിത്വം ഇരുപതാം നൂറ്റാണ്ടിന്റെ നവോത്ഥാനരാഷ്ട്രീയ അനുഭവങ്ങളിലൂടെ രൂപപ്പെട്ടതാണ്. അനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യം. സാഹസികവും ത്യാഗപൂർണവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നുപറയാം. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലിൽപോയ ബഷീർ ജീവിതത്തിന്റെ നീണ്ടകാലം രാജ്യമാകെ സഞ്ചരിച്ച ആളാണ്. സമരവും ജയിൽവാസവും രാജ്യസഞ്ചാരവും ഉണ്ടാക്കിക്കൊടുത്ത തീഷ്ണമായ അനുഭവങ്ങളാണ് ബഷീറിന്റെ കഥകളുടെ അടിസ്ഥാനം. ജീവിതത്തെയും അതിന്റെതന്നെ സർഗാത്മകപ്രതിഫലനമായ സാഹിത്യത്തെയും അത്യന്തം നർമ്മത്തോടെ സമീപിച്ച പ്രതിഭയാണ് ബഷീറെന്ന് പറയാം.ബഷീറിയൻ തനിമയെന്നത് അണപൊട്ടിയൊഴുകുന്ന നർമ്മമാണ്. കടുത്ത സാമൂഹ്യവിമർശനവും ആത്മീയാനേ്വഷണങ്ങളുമെല്ലാം ബഷീർ നടത്തിയത് അണപൊട്ടിയൊഴുകുന്ന നർമ്മത്തിലൂടെയായിരുന്നു. അദ്ദേഹത്തിന്റേ കഥകളും ലേഖനങ്ങളുമെല്ലാം തത്വചിന്തയുടെയും ആത്മീയാനേ്വഷണങ്ങളുടെയും അഗാധതയിൽ നിന്നും രൂപപ്പെടുത്തിയതാണെന്നുപറയാം. പ്രപഞ്ചത്തെയും താൻ ഉൾക്കൊള്ളുന്ന മനുഷ്യകുലത്തെയും ഒന്നായി കാണുകയും എല്ലാ ഭിന്നതകളെയും വ്യത്യാസങ്ങളെയും ആഘോഷപൂർവ്വം ഉൾക്കൊള്ളുകയും ചെയ്ത എഴുത്തും ജീവിതവുമായിരുന്നു ബഷീറിന്റേത്. ബഷീറിന്റെ ജീവിതവും സാഹിത്യവും വർത്തമാനകാലത്ത് വളരെ പ്രസക്തമാണ്. മതത്തിന്റെയും ജാതിയുടെയും വംശത്തിന്റെയുമൊക്കെപേരിൽ ഭിന്നതയും വിദേ്വഷവും പടർത്തുന്ന മതവർഗീയരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിന് ബഷീറിയൻ സാഹിത്യത്തിന് ഫലവത്തായ ഇടപെടൽ നടത്താൻ കഴിയും. മതത്തിനും ജാതിക്കും അപ്പുറത്തുള്ള മാനവികതയായിരുന്നു ബഷീറിന്റെ ജീവിതത്തിലെയും സാഹിത്യത്തിലെയും ദർശനം. ജനങ്ങൾക്കിടയിലെ ബഹുത്വത്തെ മാത്രമല്ല വ്യക്തികളുടെ ബഹുസ്വഭാവത്തെയും മാനിക്കണമെന്നതായിരുന്നു ബഷീറിയൻ തത്വദർശനം. അദ്ദേഹത്തിന്റെ പ്രേമലേഖനം എന്ന കഥയിലെ സാറാമ്മയും കേശവൻനായരും തമ്മിലുള്ള സംഭാഷണങ്ങൾ വിശകലനം ചെയ്യുമ്പോൾ നമുക്കത് മനസ്സിലാകും. വ്യത്യസ്ത വിശ്വാസങ്ങളും ബഹുസ്വഭാവങ്ങളുമുള്ള വ്യക്തികൾക്ക് ഒന്നിച്ചു ജീവിക്കാമെന്ന സന്ദേശമാണ് പകരുന്നത്.വളരെ ലളിതവും നർമ്മരസം തുളുമ്പുന്നതുമായ സവിശേഷമായ ഒരു രചനാരീതിയാണ് ബഷീറിന്റെ ചെറുകഥകൾക്കും നോവലുകൾക്കുമെല്ലാമുള്ളത്. വായനക്കാരെ ശക്തമായ ആക്ഷേപഹാസ്യത്തിലൂടെ ആഴത്തിലുള്ള ലോകചിന്തകളിലേക്ക് ഉയർത്തിക്കൊണ്ടുപോകുന്ന രീതിയാണ് ബഷീറിന്റേത്. അദ്ദേഹത്തിന്റെ ജീവിതവും അങ്ങനെതന്നെയായിരുന്നു. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള തലയോലപറമ്പിൽ ഒരു മരക്കച്ചവടക്കാരന്റെ മൂത്തമകനായി ജനിച്ച ബഷീർ നന്നെ ചെറുപ്പത്തിൽതന്നെ ഗാന്ധിയൻ ചിന്തകളിലും ആദർശങ്ങളിലും ആകൃഷ്ടനായിത്തീർന്നു. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് കേരളത്തിലെത്തിയ ഗാന്ധിയെ കാണാൻ ഒളിച്ചോടിപ്പോയ ബഷീറെന്ന കൗമാരക്കാരൻ ഗാന്ധിജിയെ തൊട്ടത് വലിയ അഭിമാനമായി പറഞ്ഞുനടന്നിരുന്നു. ഗാന്ധിയൻ ചിന്തകളിൽ നിന്ന് ബഷീർ ഭഗത്സിംഗിലേക്ക് മാറുന്നുണ്ട്. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി മാതൃകയിൽ തീവ്രവാദസംഘങ്ങളുണ്ടാക്കി ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ശ്രമിക്കുന്നുമുണ്ട്. ആ രീതിയിൽ പ്രഭയെന്ന തൂലികാ നാമത്തിൽ വിപ്ലവലേഖനങ്ങൾ ബഷീർ എഴുതുകയും ചെയ്തിരുന്നു.Also read: ‘മാറാത്തത് മാറി…’ തെരുവ് നായ മുതൽ കുടിവെള്ള ക്ഷാമം വരെ; പൊറുതിമുട്ടി തിരുവനന്തപുരം നഗരവാസികൾമറ്റൊരു വൈക്കത്തുകാരനായ സഖാവ് പി.കൃഷ്ണപിള്ളയുമായുള്ള ബഷീറിന്റെ ബന്ധവും വളരെ വിഖ്യാതമാണ്. 1930-കളിൽ ആഞ്ഞടിച്ച ബ്രിട്ടീഷ് വിരുദ്ധ സമരമുഖങ്ങളിലേക്ക് ബഷീറിനെയും എത്തിച്ചത്. ഈയൊരു ആദർശവും സൗഹൃദവുമാകാം. കോഴിക്കോട് നടന്ന ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത് അദ്ദേഹം ജയിൽവാസമനുഭവിച്ചു. ഗാന്ധിജിയായിരുന്നു അദ്ദേഹത്തിന്റെ ആദർശപുരുഷൻ. ഗാന്ധിജിയെ ഒരു ഇന്ത്യക്കാരൻ വെടിവെച്ചുവെന്ന് കേട്ടപ്പോൾ ഞാൻ ഭയന്ന് വെന്തുപോയി എന്ന് ബഷീർ എഴുതിയിട്ടുണ്ട്. തന്റെ ജീവിതത്തിൽ താൻ കേട്ട ഏറ്റവും ക്ഷോഭകരമായ വാർത്തയാണ് ഗാന്ധിജിയുടെ വധം. ഗാന്ധിജിയുടെ മരണത്തോട് ഉപമിക്കാൻ ചരിത്രത്തിലെത്രയോ മഹാന്മാരുടെ അന്ത്യമുണ്ടല്ലോ എന്ന് പറഞ്ഞ് ഗാന്ധിഘാതകരോട് രോഷവും സങ്കടവുംകൊള്ളുന്നുണ്ട് ബഷീർ.സോക്രട്ടീസിനെ വിഷംകൊടുത്ത് കൊന്നതും ക്രിസ്തുവിനെ കുരിശിലേറ്റികൊന്നതും എബ്രഹാം ലിങ്കനെ വെടിവെച്ചുകൊന്നതും തുടങ്ങി എത്രയോ സംഭവങ്ങളുണ്ട്. പക്ഷെ അതിനോടൊന്നും ഗാന്ധിജിയുടെ ജീവിതത്തെയും മരണത്തെയും ഉപമിക്കാനാവില്ലെന്ന് ബഷീർ എഴുതിയിട്ടുണ്ട്. ഗാന്ധി ഘാതകർ ജനങ്ങളുടെ ഐക്യത്തെയും സമാധാനജീവിതത്തെയും തകർത്ത് ദേശീയാധികാരത്തിലിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ബഷീറിന്റെ ഗാന്ധിയൻ സ്മരണകൾ ഏറെ പ്രസക്തമാണ്.ഗാന്ധിജിയെപോലെതന്നെ ബഷീറിന് ആരാധ്യനായിരുന്നു മാർക്‌സ്. കാറൽമാർക്‌സ് എന്ന പേരിൽ അദ്ദേഹം ഒരു ലേഖനമെഴുതി. ആ ലേഖനത്തിൽ ലണ്ടൻ നഗരത്തിലെ തെരുവ് കുട്ടികളുമൊന്നിച്ചുള്ള മാർക്‌സിന്റെ ജീവിതത്തെക്കുറിച്ച് ബഷീർ പറയുന്നുണ്ട്. മാർക്‌സിന്റെ മാനവികതയായിരുന്നു ബഷീറിനെ ആകർഷിച്ചത്. ബഷീർ എഴുതുന്നത്; ഭൗതികവാദിയായ ഒരു നിരീശ്വരനായിരുന്നു കാറൽ മാർക്‌സ്. അദ്ദേഹത്തിന്റെ ചിന്തകൾ ഈ ലോകത്തിൽതന്നെ ഒതുങ്ങിനിന്നു. ജീവിതവുമായി ബന്ധപ്പെടാത്ത പ്രശ്‌നങ്ങളെപ്പറ്റിയോ ഗഹനങ്ങളായ ഇതരചിന്തകളെപ്പെറ്റിയോ ചർച്ചചെയ്യാൻ മാർക്‌സ് ഇഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെയുള്ള മഹാചിന്തകന്മാരെ, തത്വചിന്തകന്മാരെ താത്വികചിന്തകന്മാരെന്ന് പറഞ്ഞ് അദ്ദേഹം പരിഹസിച്ചിരുന്നു. അതെ മാർക്‌സിന് മനുഷ്യർക്കന്യമായതൊന്നും വിഷയമായിരുന്നില്ലെന്നും മനുഷ്യന്റെതായ ഒന്നും അദ്ദേഹം അന്യമായിക്കണ്ടിരുന്നില്ലെന്നുമാണ് ബഷീർ എഴുതുന്നത്. മനുഷ്യന്റെവിശപ്പും പ്രണയവും കാമവും വെറുപ്പും സ്‌നേഹവും എല്ലാമായിരുന്നല്ലോ ബഷീറിന്റെയും വിഷയങ്ങൾ.Also read: സൂക്ഷിച്ചാൽ ദുഖിക്കേണ്ട… ആശങ്കയുയർത്തി പകർച്ചപ്പനി വ്യാപനം; ഇന്നലെ മാത്രം എട്ട് മരണംമതവും വിശ്വാസവുമൊക്കെ അവനവന്റെ സ്വകാര്യ സ്വന്തം കാര്യമാണെന്നും അത് മനുഷ്യർക്കിടയിലെ സൗഹൃദങ്ങളെയും കൂട്ടായ്മകളെയും ഇല്ലാതാക്കാൻ ഉപയോഗിക്കരുത് എന്ന നിർബന്ധബുദ്ധിപുലർത്തിയ ചിന്തയും സാഹിത്യവുമായിരുന്നു ബഷീറിന്റേത്. മനുഷ്യർക്കിടയിലെ ഭിന്നതകളെയും വ്യത്യാസങ്ങളെയും മഹാവിടവുകളാക്കി പരസ്പരം തമ്മിലടിപ്പിക്കുന്ന വർഗീയതയുടെയും വംശീയതയുടേതുമായ നമ്മുടെ കാലത്തെ അത്തരം മനുഷ്യത്വരഹിത ചിന്താഗതികൾക്കെതിരായ പ്രതിരോധത്തിന് ബഷീറിന്റെ കഥകളും ചിന്തകളും നമുക്ക് കരുത്ത് നൽകുംThe post ഗാന്ധിജിയും മാർക്‌സും ബഷീറും appeared first on Kairali News | Kairali News Live.