ദുബൈ | യു എ ഇയിലെ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങളിൽ തുടരുന്ന പ്രതിസന്ധി ഇനിയും നീളും. പുതിയ കരാർ സംബന്ധിച്ച് രണ്ട് കമ്പനികൾ ഫയൽ ചെയ്ത കേസ് ഡൽഹി ഹൈക്കോടതി ഈ മാസം 13 ലേക്ക് വാദം കേൾക്കാൻ മാറ്റിയതോടെ നിയമക്കുരുക്ക് നീളുമെന്ന് ഉറപ്പായി. പാസ്പോർട്ട്, വിസ സേവനങ്ങൾക്കായി പുതിയ കമ്പനിക്ക് ടെൻഡർ നൽകിയ കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്താണ് ഹരജി. കോഴിക്കോട് ആസ്ഥാനമായ അൽഹിന്ദ് ട്രാവൽസിനായിരുന്നു പുതിയ ടെൻഡർ ലഭിച്ചിരുന്നത്. ജൂലൈ ഒന്ന് മുതൽ അൽഹിന്ദ് സേവനങ്ങൾ ആരംഭിക്കാനിരിക്കെയാണ് ഇ ട്രാവ് എന്ന കമ്പനി കേന്ദ്ര സർക്കാറിനെതിരെ സുപ്രീംകോടതിയേയും ഡൽഹി ഹൈക്കോടതിയേയും സമീപിച്ചത്. വെറാസിസ് എന്ന കമ്പനിയും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. കോടതിയിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ സേവനങ്ങൾ കൈമാറുന്നതിന് നിയമ തടസ്സമുണ്ടാകും.നേരത്തെ ഈ സേവനങ്ങൾ നൽകിയിരുന്ന ബി എൽ എസ് ഇന്റർനാഷണൽ പുതിയ കമ്പനി ചുമതലയേൽക്കുന്നതിന്റെ ഭാഗമായി ജൂൺ 25 മുതൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരുന്നു. ഇതോടെയാണ് പ്രവാസികൾ കടുത്ത പ്രതിസന്ധിയിലായത്. നിലവിലെ അടിയന്തര സാഹചര്യം പരിഹരിക്കാനായി അബൂദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും താത്കാലികമായി നേരിട്ട് അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് 12.30 വരെയാണ് ഈ കാര്യാലയങ്ങളിൽ അപേക്ഷകൾ സ്വീകരിക്കുക.താത്കാലിക സംവിധാനമായതിനാൽ ഇതിന് നിരവധി പരിമിതികളുണ്ട്. പൂർണമായി പൂരിപ്പിച്ച അപേക്ഷകൾ മാത്രമേ ഇവിടെ സ്വീകരിക്കുകയുള്ളൂ. ഫീസ് തുക പണമായി (ക്യാഷ്) മാത്രമേ നൽകാൻ സാധിക്കൂ, ബേങ്ക് കാർഡുകൾ ഉപയോഗിക്കാൻ കഴിയില്ല. സ്ഥലപരിമിതിയുള്ളതിനാൽ അപേക്ഷകർ മാത്രമേ ഓഫീസുകളിലേക്ക് എത്താവൂ എന്ന് അധികൃതർ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവരുടെ പാസ്പോർട്ട് ആവശ്യങ്ങൾക്ക് മാത്രമാണ് രക്ഷിതാക്കൾക്ക് ഒപ്പം വരാൻ അനുമതിയുള്ളത്. ഇത് വലിയ സമയ നഷ്ടത്തിന് ഇടയാക്കുന്നുണ്ട്. നിലവിൽ തന്നെ പാസ്പോർട്ട് ലഭിക്കുന്നതിൽ വലിയ കാലതാമസം നേരിടുന്നതായി പരാതിയുയരുന്ന സാഹചര്യത്തിൽ, കോടതിയിലെ കേസ് നീണ്ടുപോയാൽ പ്രവാസികളുടെ ദുരിതം ഇരട്ടിയാകും. അതിനിടെ പാസ്‌പോർട്ട് ഫീ വർധിപ്പിച്ചതും പ്രവാസികൾക്ക് ഇരുട്ടടിയാണ്.Content Highlights:The crisis affecting Indian passport services in the UAE will prolong as the Delhi High Court delayed the hearing on the new contract to July 13. Legal disputes between tech firms stopped the transition from BLS to Alhind Travels. The Indian Embassy and Consulate are accepting temporary applications.