ദുബൈ | ബുർജ് ഖലീഫ/ദുബൈ മാൾ മെട്രോ സ്റ്റേഷനിലെ (Burj Khalifa/Dubai Mall Metro Station) ബസ്, ടാക്സി സർവീസ് റോഡുകൾ താൽക്കാലികമായി അടച്ചിടുന്നതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (Roads and Transport Authority) അറിയിച്ചു. മെട്രോ സ്റ്റേഷൻ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. 2026 അവസാനം വരെ ഈ താൽക്കാലിക നിയന്ത്രണം തുടരുമെന്ന് ആർ ടി എ വ്യക്തമാക്കുന്നു.ദിവസേന പതിനായിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന ദുബൈ മെട്രോയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്നാണിത്. ഡൗൺടൗൺ ദുബൈ, ദുബൈ മാൾ, ബുർജ് ഖലീഫ എന്നിവിടങ്ങളിലേക്ക് പോകുന്ന സന്ദർശകരാണ് ഈ സ്റ്റേഷനെ പ്രധാനമായും ആശ്രയിക്കുന്നത്. യാത്രാ തടസ്സങ്ങൾ പരമാവധി കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സംയോജിത ട്രാഫിക് മാനേജ്മെന്റ് പ്ലാൻ (Traffic Management Plan) അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്.നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്നവർ ദിശാസൂചനകൾ കൃത്യമായി പാലിക്കണമെന്നും നിശ്ചിത വേഗത പരിധി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. നിർമാണ കാലയളവിൽ യാത്രാ സമയം കൂടുതൽ എടുത്തേക്കാമെന്നതിനാൽ യാത്രക്കാർ നേരത്തെ തന്നെ യാത്ര തിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആർ ടി എ ഓർമ്മിപ്പിച്ചു. വാഹനം ഓടിക്കുന്നവർക്കായി ബദൽ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അടച്ചിട്ട റോഡുകളിലേക്ക് നിലവിൽ നിർമാണ ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം.സ്റ്റേഷന്റെ ശേഷി 65 ശതമാനം വർദ്ധിപ്പിക്കുന്നതിനുള്ള വൻ വികസന പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഇതോടെ സ്റ്റേഷന്റെ മണിക്കൂറിലെ യാത്രാ ശേഷി 7,250 ൽ നിന്നും 12,320 ആയി ഉയരും. പ്രതിദിന യാത്രാ ശേഷി 220,000 വരെയായി വർദ്ധിക്കുന്നതോടെ പുതുവത്സരാഘോഷങ്ങൾ, മറ്റ് പ്രധാന അവധി ദിനങ്ങൾ എന്നിവയോടനുബന്ധിച്ചുള്ള തിരക്ക് വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും.Content HighlightsThe Dubai Roads and Transport Authority announced a temporary closure of the bus and taxi service road at Burj Khalifa/Dubai Mall Metro Station until the end of 2026. The closure aims to facilitate a major expansion project that will boost the station’s passenger capacity by 65 percent. Commuters are advised to follow directional signs, follow speed limits, and plan journeys early to avoid delays. Alternative parking spaces have been designated for motorists during the construction period.