ദിവസവും പുലർച്ചെ 3 മണിക്കും 5 മണിക്കും ഇടയിൽ ഉറക്കത്തിൽ നിന്ന് ഉണരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാം എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. രാത്രിയിൽ പലതവണ ഉറക്കമുണരുന്നത് സാധാരണമാണെങ്കിലും പെട്ടെന്ന് തന്നെ തിരികെ ഉറങ്ങാൻ സാധിക്കാത്തത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ദിവസവും പുലർച്ചെ മൂന്ന് മണിക്ക് കൃത്യമായി ഉറക്കമുണരുകയും പിന്നീട് ഉറക്കം ലഭിക്കാതിരിക്കുകയും ചെയ്യുന്നത് ഇൻസോമ്നിയ (Insomnia) അഥവാ ഉറക്കമില്ലായ്മയുടെ ലക്ഷണമാകാം.അമിതമായ മാനസിക സമ്മർദ്ദം (Stress) കാരണം ശരീരത്തിലെ സിംപതെറ്റിക് നെർവസ് സിസ്റ്റം ഉണരുകയും ഇത് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ജോലി, ആരോഗ്യം, സാമ്പത്തികം, ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ ഇതിന് കാരണമാകാം. പ്രായമാകുന്തോറും ഉറക്കത്തിന്റെ ചക്രത്തിൽ വ്യത്യാസങ്ങൾ വരാറുണ്ട്. പ്രായമായവർ കഴിക്കുന്ന ചില മരുന്നുകൾ അവരുടെ ഉറക്കത്തെ ബാധിക്കുകയും ശബ്ദം, വെളിച്ചം തുടങ്ങിയ ബാഹ്യഘടകങ്ങൾ കാരണം പെട്ടെന്ന് ഉറക്കം ഉണരുകയും ചെയ്യും.വിട്ടുമാറാത്ത രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, കടുത്ത വേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉറക്കത്തെ തടസ്സപ്പെടുത്താം. വിഷാദരോഗത്തിനുള്ള മരുന്നുകൾ, ബീറ്റാ ബ്ലോക്കറുകൾ, കോർട്ടികോസ്റ്റീറോയിഡുകൾ, ജലദോഷത്തിനുള്ള മരുന്നുകൾ, ഡൈയൂററ്റിക്സ്, ആന്റിഹിസ്റ്റാമൈനുകൾ തുടങ്ങിയ മരുന്നുകൾ പതിവായി കഴിക്കുന്നതിലൂടെ ഉറക്കം നഷ്ടപ്പെടാം.ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കമ്പ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിക്കുക, ഉറങ്ങുന്നതിന് മുൻപ് മദ്യപിക്കുകയോ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുകയോ ചെയ്യുക, ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുക, രാത്രിയിൽ എരിവുള്ള ഭക്ഷണം കഴിക്കുക, പുകവലി, പകൽ സമയങ്ങളിൽ കൂടുതൽ നേരം ഉറങ്ങുക, വ്യായാമം ചെയ്യാതിരിക്കുക തുടങ്ങിയ മോശം ജീവിതശൈലികളും ഇൻസോമ്നിയയ്ക്ക് കാരണമാകുന്നുണ്ട്.ദിവസവും കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക, സുഖകരവും ഇരുണ്ടതുമായ ശാന്തമായ അന്തരീക്ഷത്തിൽ ഉറങ്ങുക, ഉറക്കം വരുമ്പോൾ മാത്രം കിടക്കയിലേക്ക് പോവുക, പുസ്തകം വായിക്കുന്നത് പോലുള്ള നല്ല ശീലങ്ങൾ വളർത്തിയെടുക്കുക, ഉറങ്ങുന്നതിന് മുൻപ് സ്ക്രീനുകൾ ഓഫാക്കുക, പകൽ സമയത്ത് കൃത്യമായി വ്യായാമം ചെയ്യുക, ഉച്ചയ്ക്ക് ശേഷം കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക, ഉറങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അത്താഴം കഴിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ ഇൻസോമ്നിയ പരിഹരിക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.Content HighlightsWaking up consistently between 3 am and 5 am and struggling to fall back asleep can be a significant sign of chronic insomnia. Experts suggest that elevated stress levels, aging, underlying medical conditions, and specific medications often disrupt the natural sleep cycle. Poor lifestyle habits, such as late-night screen time, caffeine consumption, and improper diet, further aggravate this sleep disorder. Adopting a consistent sleep schedule and maintaining good sleep hygiene can effectively help overcome this condition.