കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിമത വിഭാഗം പാര്‍ട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. നിയമസഭാ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പാര്‍ട്ടി ആസ്ഥാനത്ത് സ്വാധീനം ഉറപ്പിച്ചതോടെ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹത്തില്‍ വിമതര്‍ മേല്‍ക്കൈ നേടി.തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ടതിന് പിന്നാലെ, തങ്ങളുടെ വിഭാഗമാണ് യഥാര്‍ഥ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് ഋതബ്രത ബാനര്‍ജി അവകാശപ്പെട്ടു. ഇതോടെ വിമതര്‍ മമത ബാനര്‍ജിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി. പാര്‍ട്ടി ചിഹ്നവും പേരും ഉപയോഗിക്കാനുള്ള നിയമപരമായ അവകാശം തങ്ങള്‍ക്കാണെന്നാണ് വിമതരുടെ വാദം. ഭൂരിഭാഗം എം എല്‍ എമാരുടെയും മുന്‍ കൗണ്‍സിലര്‍മാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വിമതര്‍ അവകാശപ്പെടുന്നു.കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 47 ഓളം മുന്‍ ടി എം സി കൗണ്‍സിലര്‍മാര്‍ പങ്കെടുത്ത യോഗം നടത്തി ഋതബ്രത വിഭാഗം ഇതിനോടകം തന്നെ തങ്ങളുടെ ശക്തി തെളിയിച്ചിട്ടുണ്ട്. അതേസമയം, പാര്‍ട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും വ്യാജമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മമത ബാനര്‍ജിയുടെ വിശ്വസ്ത ഡോല സെന്‍ വിമത എം എല്‍ എമാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. വ്യാജ രേഖകള്‍ ചമയ്ക്കല്‍, ആളുമാറി പാര്‍ട്ടി പേര് ഉപയോഗിക്കല്‍, അനധികൃത യോഗങ്ങള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് പരാതി. മമത ബാനര്‍ജിയുടെ നേതൃത്വത്തിനാണ് ജനങ്ങള്‍ വോട്ട് നല്‍കിയതെന്നും ചില നേതാക്കളോ കൗണ്‍സിലര്‍മാരോ പാര്‍ട്ടി വിട്ടുപോയത് കൊണ്ട് പാര്‍ട്ടിയുടെ ജനപിന്തുണ കുറയില്ലെന്നും ടി എം സി എം പി മഹുവ മൊയ്ത്ര വ്യക്തമാക്കി.