മാഞ്ചസ്റ്റർ | ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചതോടെ ലോക ക്രിക്കറ്റിൽ പുതിയ വിസ്മയമായി മാറിയിരിക്കുകയാണ് ബിഹാറിൽ നിന്നുള്ള പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി (Vaibhav Sooryavanshi). വെറും 15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഇന്ത്യക്കായി അന്താരാഷ്ട്ര ജേഴ്സി അണിഞ്ഞത്. ഇതോടെ 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോൾ പാക്കിസ്ഥാനെതിരെ അരങ്ങേറ്റം കുറിച്ച സച്ചിൻ ടെണ്ടുൽക്കറുടെ 37 വർഷം പഴക്കമുള്ള റെക്കോർഡാണ് ഈ യുവ പ്രതിഭ തകർത്തത്. ഇന്ത്യക്കായി ടി20 അന്താരാഷ്ട്ര മത്സരത്തിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും 21-ാം നൂറ്റാണ്ടിൽ ഇന്ത്യക്കായി ഏതൊരു ഫോർമാറ്റിലും അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്ററുമാണ് വൈഭവ്.ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലും ഐ പി എൽ അടക്കമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിലും അണ്ടർ 19 തലത്തിലും വിസ്മയിപ്പിക്കുന്ന റെക്കോർഡുകളാണ് ഈ ഇടംകൈയ്യൻ ബാറ്ററുടെ പേരിലുള്ളത്. വെറും 12-ാം വയസ്സിൽ ബിഹാറിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറി ചരിത്രം കുറിച്ചുകൊണ്ടാണ് വൈഭവ് വാർത്തകളിൽ നിറഞ്ഞത്. ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ മത്സരത്തിൽ വെറും 58 പന്തിൽ നിന്ന് സെഞ്ചുറി നേടി ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗമേറിയ യൂത്ത് ടെസ്റ്റ് സെഞ്ചുറിയെന്ന റെക്കോർഡും താരം സ്വന്തമാക്കിയിരുന്നു. യു എ ഇ അണ്ടർ 19 ടീമിനെതിരെ നടന്ന മത്സരത്തിൽ 42 പന്തിൽ 144 റൺസ് അടിച്ചുകൂട്ടിയ താരം വെറും 32 പന്തിലാണ് സെഞ്ചുറി പൂർത്തിയാക്കിയത്.2026 ലെ ഐ സി സി അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വെറും 80 പന്തിൽ 15 ഫോറും 15 സിക്സറുമടക്കം 175 റൺസ് നേടി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച വൈഭവ് സൂര്യവംശി ടൂർണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 2026 ജൂണിൽ നടന്ന ലിസ്റ്റ് എ ത്രിരാഷ്ട്ര പരമ്പരയിൽ വെറും 11 പന്തിൽ നിന്ന് അർധസെഞ്ചുറി പൂർത്തിയാക്കി ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും ഈ യുവതാരം സ്വന്തം പേരിൽ കുറിച്ചു. 29 പന്തിൽ 94 റൺസാണ് അന്ന് താരം അടിച്ചുകൂട്ടിയത്.ഐ പി എൽ ലേലത്തിൽ 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ വൈഭവ് ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 38 പന്തിൽ നിന്ന് 101 റൺസ് നേടി പുരുഷ ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറിയൻ എന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കിയിരുന്നു. 35 പന്തിൽ നിന്നായിരുന്നു താരത്തിന്റെ ഐ പി എൽ സെഞ്ചുറി. നിലവിൽ 33 ടി20 മത്സരങ്ങളിൽ നിന്നായി 43.16 ശരാശരിയിൽ 1381 റൺസ് വൈഭവ് സൂര്യവംശി നേടിയിട്ടുണ്ട്. ഇതിൽ 4 സെഞ്ചുറികളും 5 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 144 റൺസാണ് ഉയർന്ന സ്കോർ.Also Readഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20: വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിൽ അരങ്ങേറ്റം; ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരംContent HighlightsVaibhav Sooryavanshi made history as India’s youngest international debutant at 15 years and 99 days, breaking Sachin Tendulkar’s long-standing record. His spectacular career includes the fastest youth Test century, the youngest centurion in men’s T20 history for Rajasthan Royals, and a record-breaking performance in the Under 19 World Cup.