കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളിദ്രോഹ – കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് തൊഴിലാളി സംഘടനകളും കർഷക-കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും കൈകോർക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി ആഗസ്റ്റ് 10-ന് സംസ്ഥാനത്തെ 14 ജില്ലകളിലും കേന്ദ്ര സർക്കാർ ഓഫീസുകൾ ഉപരോധിക്കാൻ ട്രേഡ് യൂണിയൻസ് – എസ്.കെ.എം സംസ്ഥാന സംയുക്ത വേദി തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഒരു ജീവനക്കാരെയും ഓഫീസിനുള്ളിൽ പ്രവേശിപ്പിക്കാത്ത വിധം ഉപരോധം ശക്തമാക്കാനാണ് തീരുമാനം.ജൂലൈ 3-ന് തിരുവനന്തപുരത്ത് ചേർന്ന തൊഴിലാളി-കർഷക സംഘടനകളുടെ സംസ്ഥാന നേതൃയോഗമാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയത്. കിസാൻ സഭ നേതാവ് വി.പി. ഉണ്ണികൃഷ്ണൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജൂലൈ 29-ന് ന്യൂഡൽഹിയിൽ ചേരുന്ന അഖിലേന്ത്യാ സംയുക്ത കൺവെൻഷനിൽ കേരളത്തിൽ നിന്നുള്ള 37 സംഘടനകളുടെയും പ്രതിനിധികളെ പങ്കെടുപ്പിക്കും. ഇതിന് മുന്നോടിയായി ജൂലൈ മാസത്തിൽ ഓരോ സംഘടനകളും തനതായി യോഗങ്ങൾ ചേരുകയും, തുടർന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും സംയുക്ത കൺവെൻഷനുകൾ വിളിച്ചുചേർക്കുകയും ചെയ്യും.ഉന്നയിക്കുന്ന ആവശ്യങ്ങൾ ജനങ്ങളിലെത്തിക്കാൻ ചുവരെഴുത്തുകൾ, നവമാധ്യമങ്ങൾ, ലഘുലേഖകൾ, പോസ്റ്ററുകൾ, പ്രചരണ ജാഥകൾ എന്നിവ സംയുക്തമായും അതാത് സംഘടനകളുടെ നേതൃത്വത്തിലും ഏറ്റെടുക്കും. തുടർന്ന് നവംബർ മാസത്തിൽ സംസ്ഥാനതലത്തിൽ വൻ തൊഴിലാളി-കർഷക സംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.പുതിയ ലേബർ കോഡുകൾ നടപ്പിലാക്കിയും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചും ഓഹരി-ആസ്തി വിൽപ്പനയിലൂടെയും കേന്ദ്രസർക്കാർ ജനജീവിതം തകർക്കുകയാണെന്ന് യോഗം വിലയിരുത്തി. യു.എസ്-ഇസ്രായേൽ സഖ്യം ഇറാനിലും പലസ്തീനിലും നടത്തുന്ന കടന്നാക്രമണങ്ങളെ അപലപിക്കാൻ പോലും മോദി സർക്കാർ തയ്യാറാകുന്നില്ല. ഇതിന്റെ പ്രത്യാഘാതമായി പാചകവാതകം, പെട്രോൾ, ഡീസൽ, നിത്യോപയോഗ സാധനങ്ങൾ എന്നിവയുടെ വിലക്കയറ്റം ജനങ്ങൾക്ക് താങ്ങാനാവാത്ത വിധം വർദ്ധിച്ചു. യു.എസ് – ഇന്ത്യ വ്യാപാര പ്രതിസന്ധി വരുംദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകും. കേരളത്തിൽ ഇടതുപക്ഷം കെട്ടിപ്പടുത്ത ജനപക്ഷ ബദലിനെ തകർത്ത് യു.ഡി.എഫ് ഭരണം തുടങ്ങിയ പശ്ചാത്തലവും യോഗം ചർച്ച ചെയ്തു.ALSO READ: വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രിയുടെ മലക്കംമറിച്ചിൽ ക്രമക്കേട് കൈയ്യോടെ പിടികൂടിയതോടെ; ഐ.എൻ.എൽനേതൃയോഗത്തിൽ മുൻ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, കെ.എൻ. ഗോപിനാഥ്, കെ.എസ്. സുനിൽകുമാർ, ആർ. രാമു (സിഐടിയു), എം. വിജയകുമാർ, വി.എസ്. പത്മകുമാർ (കേരള കർഷകസംഘം), അഡ്വ. ആർ. സജിലാൽ, അഡ്വ. ജോർജ് തോമസ് (എഐടിയുസി), ആനാവൂർ നാഗപ്പൻ, ജെ. ശശാങ്കൻ (കെഎസ്ടിയു), മനോജ് ഇടമന (ബികെഎംയു), അഡ്വ. ഗോപി കൊച്ചുരാമൻ, എ.എസ്. രാധാകൃഷ്ണൻ (എച്ച്എംകെപി), എം.കെ. തങ്കപ്പൻ (ടിയുസിഐ), സോണിയ ജോർജ്, സ്വീറ്റാദാസൻ (സേവ), ജെ. വേണുഗോപാലൻ നായർ (കിസാൻ സഭ), ടി. വിജയൻ (കിസാൻ ജനത), എസ്. മനോഹരൻ (എച്ച്എംഎസ്), കരകുളം വിജയകുമാർ (കർഷക ജനത), ബി.ടി. രമ, വി.വി. രാജേന്ദ്രൻ, ലാൽ കുമാർ (എഐസിടിയു), കെ. ചന്ദ്രശേഖരൻ, യദുകുമാർ, ജെയ്‌സൺ കൊല്ലാപ്പിള്ളി (എൻഎൽസി), ജോസ് കുറ്റിയാനിമറ്റം (നാഷണലിസ്റ്റ് കിസാൻ സഭ), എം. ഉണ്ണികൃഷ്ണൻ (ഐഎൻഎൽസി), തമ്പാനൂർ രാജീവ് (കേരള കർഷക യൂണിയൻ- സ്‌കറിയ), എം.കെ. ദിലീപ്, പി. ജയപ്രകാശ് (കെഎസ്‌കെഎസ്), മോഹൻ സി. അറവുന്തറ, വി. രാഘവൻപിള്ള (കിസാൻ ജനത), സജീവൻ ഭരതന്നൂർ (എജികെഎസ്) തുടങ്ങിയവർ പങ്കെടുത്തു.The post തൊഴിലാളിദ്രോഹ – കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം; ആഗസ്റ്റ് 10ന് കേന്ദ്ര സർക്കാർ ഓഫീസുകൾ ഉപരോധിക്കുമെന്ന് ട്രേഡ് യൂണിയൻ – എസ്.കെ.എം സംയുക്ത വേദി appeared first on Kairali News | Kairali News Live.